03 March Wednesday

946 പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ മെഡൽ ; അംഗീകാരനിറവിൽ നിരവധി മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 26, 2021


ന്യൂഡൽഹി
റിപ്പബ്ലിക്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ രാജ്യത്ത്‌ 946 പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ മെഡലുകൾ പ്രഖ്യാപിച്ചു. പുൽവാമ ഭീകരാക്രമണം പ്രതിരോധിക്കുന്നതിനിടെ വീരമൃതു വരിച്ച സിആർപിഎഫ്‌ എഎസ്‌ഐ മോഹൻലാലിനും മാവോയിസ്‌റ്റ്‌ ആക്രമണം ചെറുക്കുന്നതിനിടെ വീരമൃത്യുവരിച്ച ജാർഖണ്ഡിലെ എഎസ്‌ഐ ബനുവാ ഉറാവിനും ധീരതയ്‌ക്കുള്ള പ്രസിഡന്റിന്റെ പൊലീസ്‌ മെഡൽ (പിപിഎംജി) മരണാനന്തരബഹുമതിയായി പ്രഖ്യാപിച്ചു.

ധീരതയ്‌ക്കുള്ള പൊലീസ്‌ മെഡൽ 205 പേർക്ക്‌ ലഭിച്ചു. 137 പേർക്ക്‌ ജമ്മു കശ്‌മീരിലെ സേവനങ്ങൾക്കും 24 പേർക്ക്‌ മാവോയിസ്‌റ്റ്‌ബാധിത മേഖലകളിലെ സേവനങ്ങൾക്കും. സ്‌തുത്യർഹസേവനത്തിനുള്ള മെഡലിന്‌ 650 പേരും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്‌ മെഡലിന്‌ 89 പേരും അർഹരായി.

അംഗീകാരനിറവിൽ നിരവധി മലയാളികൾ
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്‌ മെഡലിന്‌ ഇന്റലിജൻസ്‌ എഡിജിപി ടി കെ വിനോദ്‌കുമാർ അർഹനായി. സ്‌തുത്യർഹസേവനത്തിനുള്ള പൊലീസ്‌ മെഡലിന്‌ ദക്ഷിണമേഖലാ ഐജി ഹർഷിതാഅട്ടല്ലൂരി, തിരുവനന്തപുരം പൊലീസ്‌ ട്രെയിനിങ്‌ കോളേജ്‌ എസ്‌പി കെ എൽ ജോൺകുട്ടി, പട്ടം കെപിഎസ്‌സി വിജിലൻസ്‌ എസ്‌പി എൻ രാജേഷ്‌, മലപ്പുറം എംഎസ്‌പി ഡെപ്യൂട്ടി കമാൻഡന്റ്‌ ബി അജിത്‌കുമാർ, കോഴിക്കോട്‌ അഡീഷണൽ ഡെപ്യൂട്ടി കമീഷണർ കെ പി അബ്‌ദുൾ റസാഖ്‌, കാസർകോട്‌‌ സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ്‌ പൊലീസ്‌ സ്‌റ്റേഷൻ ഡിവൈഎസ്‌പി കെ ഹരീശ്‌ചന്ദ്രനായിക്‌, കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ മഞ്‌ജുലാൽ, വൈക്കം എസ്‌ഐ (ജിആർ) കെ നാസർ, മലപ്പുറം സീനിയർ പൊലീസ്‌ ഓഫീസർ കെ വത്സല എന്നിവർ അർഹരായി.

സിബിഐയിൽ സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന്‌ കൊച്ചി യൂണിറ്റിലെ ഡിഎസ്‌പി ദേവരാജ്‌ വക്കട, ഹെഡ്‌ കോൺസ്‌റ്റബിൾ പ്രസാദ്‌ തങ്കപ്പൻ, ബംഗളൂരു യൂണിറ്റിലെ ഹെഡ്‌ കോൺസ്‌റ്റബിൾ കെ കെ ശശി, മഥുര യൂണിറ്റിലെ എ ദാമോദരൻ എന്നിവർ അർഹരായി. ഹിമാചൽപ്രദേശ്‌ സിഐഡി വിഭാഗം എഡിജിപി എൻ വേണുഗോപാലിനും എൻഐഎ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ഹെഡ്‌കോൺസ്‌റ്റബിൾ കെ എസ്‌ വിനോദ്‌കുമാറിനും സിആർപിഎഫിലെ കെ തോമസ്‌ ജോബിനും‌ വിശിഷ്ടസേവനത്തിനുള്ള മെഡൽ ലഭിച്ചു. ജയ്‌പുർ എഡിജിപി ഓഫീസിലെ കോൺസ്‌റ്റബിൾ മൻമഥൻനായർ, അസം റൈഫിൾസിൽ വി ടി ശശിധരൻ, ബിഎസ്‌എഫ്‌ ബംഗളൂരു കെ വി കേശവൻകുട്ടിനായർ എന്നിവർ സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന്‌ അർഹരായി. സിആർപിഎഫിൽ ആർ മഹേഷ്‌പിള്ള, കെ ജി റെജികുമാർ, ആഭ്യന്തരമന്ത്രാലയത്തിലെ സുനിൽകുമാർ നാരായണൻ, എൻഐഎയിലെ പി കെ ഉത്തമൻ, റെയിൽവേയിലെ അഷ്‌റഫ്‌ കെ കെ കൊട്ടേക്കാരൻ, ഹോംഗാർഡ്‌ ആൻഡ്‌ സിവിൽ ഡിഫൻസിൽ അന്നക്കുട്ടി തോമസ്‌, ഡൽഹി പൊലീസ്‌ എസ്‌ഐ കെ സന്ദേശ്‌, ചെന്നൈ സ്പെഷ്യൽ ബ്രാഞ്ചിലെ ആർ കരുണാകരൻ തുടങ്ങിയവർക്കും വിവിധ മെഡലുകൾ ലഭിച്ചു.

5 മലയാളികൾക്ക്‌ ജയിൽ സേവന മെഡൽ
റിപ്പബ്ലിക്‌ ദിനം പ്രമാണിച്ച്‌ ജയിൽ ഉദ്യോഗസ്ഥർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾക്ക്‌ കേരളത്തിൽനിന്ന്‌ അഞ്ചുപേർ അർഹരായി. കെ സജികുമാർ (അസി.സൂപ്രണ്ട്‌ ഗ്രേഡ്‌–-2), എം വി തോമസ്‌ (ഡെപ്യൂട്ടി സൂപ്രണ്ട്‌) എന്നിവർക്ക്‌ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ, കെ ആന്റണി (അസി. സൂപ്രണ്ട്‌ ഗ്രേഡ്‌–-2), ഡെപ്യൂട്ടി സൂപ്രണ്ട്‌ ടി കെ ജനാർദനൻ നമ്പ്യാർ എന്നിവർ സ്‌തുത്യർഹമെഡലിന്‌ അർഹരായി. ജയിൽ സർവീസിൽ വിശിഷ്ടസേവനത്തിന്‌ 12 പേർക്കും സ്‌തുത്യർഹസേവനത്തിന്‌ 39 പേർക്കുമാണ്‌ മെഡൽ പ്രഖ്യാപിച്ചത്‌.

ഫയർസർവീസ്‌ മെഡൽ മൂന്നുപേർക്ക്‌
ഫയർസർവീസ്‌ മെഡലുകൾക്ക്‌ കേരളത്തിൽനിന്ന്‌ മൂന്ന്‌ ഉദ്യോഗസ്ഥർ അർഹരായി. വിശിഷ്ട സേവനമെഡൽ അസിസ്‌റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർ ടി എ ജോർജിന്‌ ലഭിച്ചു. സ്‌തുത്യർഹ സേവന മെഡലിന്‌ റീജ്യണൽ ഫയർ ഓഫീസർ കെ അബ്‌ദുൾറഷീദ്‌, സീനിയർ ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർ പി നാസർ എന്നിവർ അർഹരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top