18 November Monday

അപേക്ഷ നൽകേണ്ട; അടിയന്തര സഹായ വിതരണം 29മുതൽ

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019

തിരുവനന്തപുരം > ഇത്തവണത്തെ മഴക്കെടുതിയുടെ ആശ്വാസ ധനസഹായ വിതരണം ഓണത്തിനുമുമ്പ്. ക്യാമ്പിൽ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണം  വ്യാഴാഴ്‌ച ആരംഭിക്കും. ക്യാമ്പുകളിൽ എത്താത്തവരുടെ സർവേ ഈ മാസം പൂർത്തിയാക്കും.

ദുരിതബാധിതരെ സർവേ നടത്തി കണ്ടെത്തുന്നതിനാൽ അപേക്ഷ നൽകേണ്ട. സർവേയിൽപെടാത്ത ദുരിതബാധിതർ ഉണ്ടെങ്കിൽ പട്ടിക പൂർണമായും പ്രസിദ്ധീകരിച്ചശേഷം തഹസിൽദാർക്ക് നേരിട്ട് അവകാശവാദം സമർപിക്കണം. തകരാർ സംഭവിച്ച കെട്ടിടം, മേൽക്കൂര തകർന്ന കെട്ടിടം, അടിത്തറ തകർന്ന് വാസയോഗ്യം അല്ലാതായത്, ദുരന്തസാധ്യതാമേഖലയിലാണ് എന്ന് പഠനം നടത്തി കണ്ടെത്തിയ വസ്തുവിലുള്ള വീട് എങ്കിൽ 75 ശതമാനം മുതൽ 100 ശതമാനംവരെ നാശമുണ്ടായതായി കണക്കാക്കും.

ദുരന്തബാധിതർക്ക് അടിയന്തരസഹായം ആയി 10,000 രൂപ വീതവും പൂർണമായി തകർന്നതോ പൂർണമായി വാസയോഗ്യം അല്ലാത്തതോ (75 ശതമാനത്തിൽ അധികം നാശനഷ്ടമുള്ള) ആയ വീടുകളിൽ വസിക്കുന്നവർക്ക് നാലുലക്ഷവും  വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ ആറു ലക്ഷവും അനുവദിച്ചിട്ടുണ്ട്.

ആശ്വാസധനസഹായം അനുവദിക്കുന്നതിന് ലാൻഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തി. 75 ശതമാനംമുതൽ 100 ശതമാനംവരെ നാലുലക്ഷം രൂപ, 60 മുതൽ 74 വരെ രണ്ടര ലക്ഷം, 30 മുതൽ 59 വരെ 1,25,000 രൂപ, 16 മുതൽ 29 വരെ 60,000 രൂപ, കുറഞ്ഞത് 15 ശതമാനത്തിന് 10,000 രൂപ അനുവദിക്കും.  പുറമ്പോക്ക് ഭൂമിയിലെ വീടിന് നാശമുണ്ടായവർക്കും സഹായം നൽകും.  ദുരിതബാധിതരായ കുടുംബങ്ങളുടെയും വീടുകളുടെയും ഡിജിറ്റൽ വിവരശേഖരണം ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കും.


പ്രധാന വാർത്തകൾ
 Top