23 July Tuesday

കനത്ത മഴയ്‌ക്ക്‌ സാധ്യത; അതീവ ജാഗ്രതാനിർദേശം; 4 ജില്ലയിൽ റെഡ് അലർട്ട്

സ്വന്തം ലേഖകൻ Updated: Friday Jun 7, 2019

തിരുവനന്തപുരം > തെക്ക‌ുപടിഞ്ഞാറൻ കാലവർഷം ശനിയാഴ‌്ച കേരളത്തിലെത്തും. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ‌്ക്ക‌് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ‌്. നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ‌് ജില്ലകളിൽ യെല്ലൊ, ഓറഞ്ച് അലർട്ടുകളുമുണ്ട‌്. തൃശൂർ ജില്ലയിൽ‍ ജൂൺ 10നും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 11നും തീവ്ര മഴയ‌്ക്ക‌് സാധ്യതയുള്ളതിനെ തുടർന്നാണ് റെഡ‌്അലർട്ട്. ഈ ജില്ലകളിൽ 11.5 മുതൽ 20 സെന്റീമീറ്റർവരെ മഴയ‌്ക്കാണ‌് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന‌് സംസ്ഥാന സർക്കാരും എല്ലാ മുൻകരുതലുകളും സ്വീകരിച്ച‌് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ  മഴയ്‌ക്ക് സാധ്യതയുണ്ട്. ഞായറാഴ‌്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും തിങ്കളാഴ‌്ച  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ‌്ച  കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ‘ഓറഞ്ച്’ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ‌്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ‌്ച കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും 11ന് വയനാട് ജില്ലയിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ സാധ്യതാമേഖലയിലുമുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം. മലയോരങ്ങളിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. എല്ലാ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകി.

കേരള-, കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ  ഞായറാഴ‌്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകും. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. ലക്ഷദ്വീപ്, മാലദ്വീപ് ,തെക്കുകിഴക്കൻ അറബിക്കടൽ, മാന്നാർ ഉൾക്കടൽ, തെക്കുപടിഞ്ഞാറൻ  അറബിക്കടലിനോട്  ചേർന്ന സൊമാലിയ തീരം, കേരള-–-കർണാടക തീരത്തോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടൽ എന്നീ മേഖലകളിൽ 11 വരെ മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട‌്.


പ്രധാന വാർത്തകൾ
 Top