17 February Sunday

നവകേരളത്തിന്റെ വലിയ ഗുണഭോക്‌താക്കൾ യുവജനങ്ങളാകണം; ലക്ഷ്യമിടുന്നത്‌ സർവ്വതല സ്‌പർശിയായ വികസനം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

തിരുവനന്തപുരം> നവകേരളത്തിലൂടെ  ലക്ഷ്യംവെയ്‌ക്കുന്നത്‌ സാമൂഹ്യനീതിയിൽ അധിഷ്‌ഠിതവും  സർവ്വതല സ്‌പർശിയുമായ വികസനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുസ്‌ഥിര വികസനവും മെച്ചപ്പെട്ട തൊഴിൽ  അവസരങ്ങളും  ലഭ്യമാക്കാനും സംസ്‌ഥാനത്തെ  നിക്ഷേപ സൗഹൃദമാക്കാനും നമുക്ക്‌ കഴിയണമെന്നും കേരള റീ സ്‌ട്രക്‌ചർ ആന്റ റീ ഇൻവെസ്‌റ്റ്‌മെൻറ്‌  എന്ന സെമിനാർ ഉദ്‌ഘാടനം  ചെയ്‌ത്‌ മുഖ്യമന്ത്രി  പറഞ്ഞു.

നവകേരളത്തിന്റെ ഏറ്റവും വലിയ ഗുണഭോക്‌താക്കൾ നമ്മുടെ യുവജനങ്ങൾ ആകണം. അതിനുള്ള ക്രിയാത്‌മകമായ മാറ്റങ്ങൾ എല്ലാരംഗത്തും കൊണ്ടുവരേണ്ടതുണ്ട്‌. അടിസ്‌ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും കാർഷികമേഖലയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്‌. 

വിദേശജോലി മാത്രം ലക്ഷ്യമാക്കി മുന്നേറാൻ അധികം കഴിയാത്ത സാഹചര്യമാണ്‌. തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണവും വർദ്ധിച്ചിരിക്കയാണ്‌.  ആ രാജ്യങ്ങളിലെ തൊഴിൽ മേഖലയിൽ വന്ന കുറവ്‌ നമ്മുടെ സാമ്പത്തിക മേഖലയെ  ബാധിച്ചിട്ടുണ്ട്‌. അതിനാൽ മറ്റ്‌ തൊഴിൽ അവസരങ്ങൾ നമുക്ക്‌ കൂടുതൽ കണ്ടെത്തേണ്ടതുണ്ട്‌. വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്ന ഓരോ മേഖലയ്‌ക്കും അനുയോജ്യമായ തൊഴിൽ ലഭ്യമാക്കാൻ സാധിക്കണം. അതിനനുസരിച്ച്‌ പാഠ്യപദ്ധതികളിൽ കാലോചിത മാറ്റങ്ങൾ വരുത്തണം.

കേരളത്തിന്റെ  അടിസ്‌ഥാന വികസനത്തിനായുള്ള കിഫ്‌ബിയെ  ഒരു ധനസ്രോതസായി കാണുമ്പോൾ  തന്നെ നിക്ഷേപത്തിനുള്ള സംവിധാനമായും പരിഗണിക്കണം. പരിസ്‌ഥിതി സൗഹൃദമായ ടൂറിസം വികസിപ്പിക്കാൻ കഴിയണം. അന്താരാഷ്ട്ര ടൂറിസ്‌റ്റുകളെ  നമ്മുടെ നാട്ടിലേക്ക്‌ ആകർഷിക്കാൻ കഴിയണം. അതിലൂടെ പുതിയ തൊഴിലുകളും  വികസനവും കണ്ടെത്താൻ കഴിയണം.

പ്രളയശേഷം കൂടുതൽ ശ്രദ്ധവേണ്ടത്‌ അടിസ്‌ഥാന സൗകര്യ വികസനത്തിലാണ്‌. പ്രത്യേകിച്ച്‌ റോഡ്‌ നിർമ്മാണത്തിൽ. തകർന്ന റോഡുകളുടെ മികച്ച പുനർനിർമ്മാണത്തിനൊപ്പം തീരദേശ ഹൈവേക്കും  മലയോര ഹൈവേക്കും പണം നീക്കിവെച്ചുകഴിഞ്ഞു. 

കാർഷിക മേഖലയിലാണ്‌ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന മേഖല . നമ്മുടെ ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണി കണ്ടെത്താൻ കഴിയണം. പച്ചക്കറി, പഴം,  മൽസ്യം,  മാംസ്യം എന്നിവ സംസ്‌ക്കരിച്ച്‌ അയക്കാൻ കഴിയണം . ആരോഗ്യമേഖലയിലും കൂടുതൽ പുരോഗതി നേടാനാകണം.

നമ്മൾ ചില രംഗത്ത്‌ മെച്ചപ്പെട്ടുപോയി എന്നതുകൊണ്ട്‌  ദേശീയ ശരാശരിയെക്കാൾ മേലെയാണ്‌. അതിനാൽ ആനുകൂല്യത്തിനുള്ള മാനദണ്ഡം  വെയ്‌ക്കുന്നതിലും ഉൾപ്പെടുത്താതെ ശിക്ഷിക്കപ്പെടുന്ന അവസ്‌ഥയുണ്ട്‌. അത്‌ മാറണം.

പ്രളയം നമ്മുടെ സംസ്‌ഥാനത്തെ കാര്യമായി ബാധിച്ചു. പുനർനിർമ്മാണത്തിനുള്ള പ്രധാനവെല്ലുവിളി വിഭവങ്ങളുടെ അഭാവമാണ്‌.  ജിഎസ്‌‌ടി നടപ്പാക്കിയതോടെ സംസ്‌ഥാനങ്ങൾക്കുള്ള വിഭവശഷി കുറഞ്ഞു. എന്നാൽ അതിനെ മറികടക്കാനുള്ള സഹായങ്ങൾ തടയുന്ന ഒരു നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. മലയാളികൾ ധാരാളമുള്ള വിദേശരാജ്യങ്ങളിൽനിന്ന്‌ നമുക്ക്‌ വന്ന സഹായങ്ങൾ ആവശ്യമില്ല എന്നാണ്‌ കേന്ദ്രം നിലപാടെടുത്തത്‌. അത്തരം നിലപാടുകൾ  പണം കണ്ടെത്താനുള്ള മാർഗങ്ങളേയും നമ്മുടെ നവകേരള നിർമ്മാണത്തെയും  ദോഷകരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top