27 June Thursday

ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തു: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ‌് അറസ്റ്റില്‍

സ്വന്തം ലേഖകൻUpdated: Wednesday Jun 5, 2019

തളിപ്പറമ്പ്
കണ്ണൂർ നഗരത്തിലെ സ്‌കൂളിലെ വിദ്യാർഥിനിയെ പ്രണയംനടിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത യുവാവ്  റിമാൻഡിൽ. പെൺവാണിഭ റാക്കറ്റിലെ മറ്റൊരു യുവാവ് ഗൾഫിലേക്ക് കടന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് രണ്ട് കേസ‌് രജിസ്റ്റർചെയ്തു.

പുതിയതെരുവിലെ വാഹന സർവീസ് കമ്പനി ജീവനക്കാരനായ തോട്ടട കിഴുന്ന സ്വദേശി  കക്കാട് കൊറ്റാളിക്കാവിനടുത്ത അറുകണ്ടൻ എ കെ അക്ഷയ‌് (21) ആണ്  പിടിയിലായത‌്. രണ്ടാം പ്രതി അക്കരെ മംഗര സ്വദേശി സാബിത്ത് സംഭവശേഷം ഷാർജയിലേക്ക് കടന്നു. അവിടെ ജോലി ചെയ്യുന്ന സാബിത്തിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പഠിക്കാൻ മിടുക്കിയായ പെൺകുട്ടി  ഉന്നത ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്കൊപ്പം കണ്ണൂർ നഗരത്തിലാണ് താമസം.  ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രതികൾ തന്ത്രപൂർവം മൊബൈൽ നമ്പർ സമ്പാദിച്ചാണ് പെൺകുട്ടിയെ തേടിയെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരിക്കെ  2017ലെ അവധിക്കാലത്ത് അമ്മയുടെ ചപ്പാരപ്പടവിലെ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി പീഡനത്തിനിരയായത്.

അമ്മയുടെ മാതാപിതാക്കൾ മാത്രമാണ് അവിടെ താമസിക്കുന്നത്. മുത്തച്ഛന്റെ മൊബൈൽ ഫോൺ വഴി ഫെയ്‌സ്ബുക്ക് ഉപയോഗിച്ചായിരുന്നു പെൺകുട്ടിയുമായി ആദ്യം സാബിത്തും തുടർന്ന് അക്ഷയും സൗഹൃദം സ്ഥാപിച്ചത‌്. ഒരു ദിവസം അർധരാത്രി  ആ വീട്ടിലെത്തിയ സാബിത്ത് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി.

പത്താംക്ലാസിൽ പഠിക്കുമ്പോൾ 2018ലാണ് അക്ഷയ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ ചിത്രികരിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്യാതിരിക്കാൻ പണം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്ന് പറഞ്ഞപ്പോൾ വീട്ടിലെ സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു.  രണ്ട് സ്വർണവളകൾ പ്രതിക്ക് നൽകി.
പണമാവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടർന്നതോടെ അമ്മയോടൊപ്പം കണ്ണൂർ വനിതാ സെല്ലിലെത്തി പരാതി നൽകി. സംഭവത്തിൽ കേസെടുത്ത‌് തളിപ്പറമ്പ് പൊലീസിന് കൈമാറി.

വനിതാ സെൽ എസ്ഐ നൽകിയ വിവരത്തെതുടർന്ന് കണ്ണൂർ ഡിവൈഎസ‌്പി കെ വി വേണുഗോപാലും ക്രൈം സ്‌ക്വാഡും അക്ഷയിനെ  കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജെഎഫ്‌സിഎം (രണ്ട്) മജിസ്‌ട്രേട്ട് അനിത പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വിശദമായി ചോദ്യംചെയ്യാനും ഭീഷണിയിലൂടെ കൈക്കലാക്കിയ സ്വർണാഭരണങ്ങൾ കണ്ടെടുക്കാനും അക്ഷയിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ ഹർജി നൽകും.
 


പ്രധാന വാർത്തകൾ
 Top