12 November Tuesday

ചെന്നിത്തലയുടെ മകന്റെ സിവിൽ സർവീസ്‌ വിജയം മാർക്ക്‌ ദാനത്തിലൂടെയെന്ന്‌ ആരോപണം; അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്കിനായി ഡല്‍ഹിയില്‍ ലോബിയിങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

തിരുവനന്തപുരം >  പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ മകന്‌ സിവിൽ സർവീസ്‌ ലഭിച്ചത്‌ മാർക്ക്‌ ദാനത്തിലൂടെയെന്ന്‌  ആരോപണം. രമിത്‌ ചെന്നിത്തല സിവിൽ സർവീസ്‌ പരീക്ഷ തുടർച്ചയായി ഓരോ വർഷവും എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 2017ലെ സിവിൽ സർവീസ്‌ അഭിമുഖത്തിൽ രമിത്തിന്‌ കിട്ടിയ മാർക്ക്‌ 206 ആയിരുന്നു. എഴുത്ത്‌ പരീക്ഷയിൽ 828. ആകെ മാർക്ക്‌1034. 51.06 ശതമാനം മാർക്കോടെ  210‐ാം റാങ്കായിരുന്നു രമിത്തിന്‌ ലഭിച്ചത്‌.

ആ വർഷം ഒന്നാം റാങ്ക്‌ കിട്ടിയ ദുരൈഷെട്ടി അനുദീപിന്‌ എഴുത്തുപരീക്ഷയിലെ മാർക്ക്‌ 950, അഭിമുഖ മാർക്ക്‌ 176. ആകെ മാർക്ക്‌ 1126. ശതമാനം 55.60.  രമിത്‌ ചെന്നിത്തലയെക്കാൾ 122 മാർക്ക്‌ കൂടുതൽ കിട്ടിയ അനുദീപിന്‌ അഭിമുഖത്തിൽ രമിത് ചെന്നിത്തലയെക്കാൾ 30 മാർക്ക്‌ കുറവ്‌. ഇതാണ്‌ അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ ഡല്‍ഹിയില്‍ ലോബിയിങ് നടത്തിയെന്ന ആരോപണത്തിനിടയാക്കുന്നത്‌.

അഭിമുഖത്തിന്‌ ഇത്രയും മാർക്ക്‌ കിട്ടിയിരുന്നില്ലെങ്കിൽ രമിത്തിന്‌ 800ന്‌ മുകളിലായിരുന്നു റാങ്ക്‌ കിട്ടുകയെന്നും ആ വർഷം ജനറൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്‌ 476 റാങ്ക്‌ വരെ മാത്രമായിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്‌.

സിവിൽ സർവീസ്‌ പരീക്ഷ നടക്കുന്ന കാലത്ത്‌ ചെന്നിത്തല ഡൽഹിയിലായിരുന്നു. ചെന്നിത്തല ഹൈക്കമാൻഡുമായി ചർച്ച നടത്താൻ പോയിരിക്കുകയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ അദ്ദേഹം മകന്റെ സിവിൽ സർവീസ്‌ പരീക്ഷ നടക്കുന്നത്‌ കൊണ്ടാണ്‌ ഡൽഹിയിൽ പോയതെന്നയിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റ്‌ എം എം ഹസൻ പറഞ്ഞത്‌. ഇത്‌ ആരോപണങ്ങൾക്ക്‌ ശക്തിപകരുന്നു.

കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതിൽ അന്വേഷണം വേണമെന്ന് മന്ത്രി കെ ടി ജലീല്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ലോബിയിങ് നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.  പിഎസ്‌സിയുടെ മാത്രമല്ല യുപിഎസ്‌സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണമെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top