22 March Friday

ചെന്നിത്തലയുടെ ഭൂമിദാനം : ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയും തള്ളി

കെ ശ്രീകണ‌്ഠൻUpdated: Friday Oct 12, 2018

നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന‌് പതിച്ചുനൽകാൻ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ‌് ചെന്നിത്തല ഉദ്യോഗസ്ഥർക്ക‌ുമേൽ കടുത്ത സമ്മർദം ചെലുത്തിയതായി രേഖ. നടപടി പുനഃപരിശോധിക്കണമെന്ന‌ അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ ശുപാർശയടങ്ങിയ ഫയലാണ‌് മന്ത്രി തള്ളിയത‌്.

പതിച്ചുനൽകാനുള്ള മന്ത്രിസഭാ തീരുമാനം ‘ആദ്യം അടിയന്തരമായി നടപ്പാക്കൂ’ എന്ന‌് ചെന്നിത്തല നേരിട്ട‌ുതന്നെ ഫയലിൽ കുറിച്ചു. 2016 ഫെബ്രുവരി 16നാണ‌്  ഈ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പ‌് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന‌് തൊട്ടുമുമ്പായിരുന്നു  ഉത്തരവ‌്. മാർച്ച‌് നാലിന‌് തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അതിന‌ുമുമ്പ‌് ഭൂമി പതിച്ചുനൽകുന്ന നടപടി അതീവരഹസ്യമായി പൂർത്തിയാക്കി.

ജയിൽഭൂമി വിട്ടുകൊടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ജയിൽ ഡിജിപിയായിരുന്ന ഋഷിരാജ‌് സിങ‌് 2015 ഡിസംബർ 28ന‌് ു3–18939 എന്ന നമ്പരിൽ നളിനി നെറ്റോയ‌്ക്ക‌്  നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ‌് ആഭ്യന്തര വകുപ്പ‌ിൽനിന്ന‌് മന്ത്രിക്ക‌് ഫയൽ അയച്ചത‌്.
 14293–ബി–രണ്ട‌്–2016 എന്ന ഈ ഫയലിൽ മന്ത്രിസഭാ തീരുമാനം അടിയന്തരമായി നടപ്പാക്കൂവെന്ന‌് മന്ത്രി സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയിട്ടുണ്ട‌്. ഭൂമിദാനത്തെ കുറിച്ചുള്ള വിജിലൻസിന്റെ പ്രാരംഭ അന്വേഷണത്തിലാണ‌് ഫയൽ കണ്ടെത്തിയത‌്.

ഋഷിരാജ‌് സിങ‌് നൽകിയത‌് രണ്ട‌് പേജുള്ള കത്ത‌്
നിർദിഷ്ട ഭൂമിയിൽനിന്ന‌് പ്രതിവർഷം 60 ടൺവരെ റബർ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ഇത‌് ട്രസ്റ്റിന‌് കൈമാറിയാൽ സർക്കാരിന‌് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും ഋഷിരാജ‌് സിങ‌് നൽകിയ രണ്ട‌് പേജുള്ള കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‘തുറന്ന ജയിലിലെ അന്തേവാസികളുടെ മുഖ്യതൊഴിൽ കാർഷികവൃത്തിയാണ‌്. വിവിധയിനം വിളകൾ കൃഷി ചെയ്യുന്നുണ്ട‌്. ഭൂമിയുടെ മുഖ്യപങ്കും റബറും നാളികേരവും ഉൽപ്പാദിപ്പിക്കാനാണ‌് വിനിയോഗിക്കുന്നത‌്.

തടവുകാർക്ക‌് ഉയർന്ന നിരക്കിൽ വേതനവും നൽകുന്നു. ജയിൽ സ്ഥാപിച്ചത‌് തന്നെ കാർഷിക ഉൽപ്പാദനം ലക്ഷ്യമിട്ടാണ‌്. റബർ കൃഷിക്ക‌് ഫലഭൂയിഷ‌്ഠമായ ഈ സ്ഥലം സ്വകാര്യ ട്രസ്റ്റിന‌് വിട്ടുകൊടുത്താൽ റവന്യൂ നഷ്ടവും തുറന്ന ജയിലിന്റെ ഉദ്ദേശ്യം തകർക്കാനും ഇടയാക്കും’ –ഋഷിരാജ‌് സിങ‌് ചൂണ്ടിക്കാട്ടി.

നളിനി നെറ്റോയും റവന്യൂനഷ്ടം ചൂണ്ടിക്കാട്ടി
ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ മന്ത്രിക്ക‌് നൽകിയ ഫയലിലും ഭൂമി കൈമാറിയാൽ ഉണ്ടാകുന്ന റവന്യൂ നഷ‌്ടത്തെക്കുറിച്ച‌് വ്യക്തമാക്കി. മികച്ച രീതിയിൽ റബർ ഉൽപ്പാദനം നടക്കുന്ന ഭൂമി വിട്ടുകൊടുക്കുന്നത‌് തുറന്ന ജയിലിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്നും കത്തിലുണ്ട‌്. ഭൂമി വിട്ടുകൊടുക്കാനുള്ള നിർദേശത്തെ ആദ്യംമുതൽതന്നെ ജയിൽ വകുപ്പ‌് എതിർത്തിരുന്നൂവെന്നും ചിന്താലയ ആശ്രമ ട്രസ്റ്റിന‌് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി. സർക്കാരിന്റെയൊ പൊതുജനങ്ങളുടെയൊ താൽപ്പര്യത്തിന‌് അനുസൃതമായ ഒരു പ്രവർത്തനവും ഈ ട്രസ്റ്റ‌് നടത്തുന്നില്ലെന്നും ഫയലിൽ രേഖപ്പെടുത്തിയിരുന്നു.

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി
ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയടങ്ങിയ ഫയൽ കിട്ടിയപാടെ മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. 2016 ഫെബ്രുവരി 15നാണ‌് ആഭ്യന്തര സെക്രട്ടറിയുടെ ഫയൽ മന്ത്രിക്ക‌് സമർപ്പിച്ചത‌്. പിറ്റേന്ന്‌ തീരുമാനം നടപ്പാക്കാൻ കർശന നിർദേശംസഹിതം ഫയൽ തിരികെ നൽകി.സ്വകാര്യ ട്രസ്റ്റുമായി മന്ത്രിക്കുള്ള പ്രത്യേക താൽപ്പര്യം ഇതിൽനിന്ന‌് വ്യക്തമാണ‌്. തെരഞ്ഞെടുപ്പ‌് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന‌് സൂചന കിട്ടിയതിനെ തുടർന്നാണ‌് നടപടിക്ക‌് വേഗം കൂടിയത‌്. ദിവസങ്ങൾക്കുള്ളിൽത്തന്നെ ട്രസ്റ്റ‌് അധികൃതർ പാട്ടത്തുക കെട്ടിവച്ചു. തെരഞ്ഞെടുപ്പ‌് വിജ്ഞാപനം 2016 മാർച്ച‌് നാലിന‌് പുറത്തിറങ്ങുന്നതിന‌ു മുമ്പ‌് എല്ലാ നടപടികളും പൂർത്തീകരിക്കുകയും ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top