16 September Monday

അടുത്ത നീക്കം ഏകീകൃത സിവിൽകോഡിലേക്ക്‌: ഡോ. റാം പുനിയാനി

എ സുൽഫിക്കർUpdated: Tuesday Aug 6, 2019


അടിയന്തരാവസ്ഥയെക്കാൾ ഭയാനക അവസ്ഥയാണ്‌ രാജ്യത്ത്‌ വരാനിരിക്കുന്നതെന്ന്‌ പ്രമുഖ മനുഷ്യാവകാശപ്രവർത്തകനായ ഡോ. റാം പുനിയാനി.  ‘വർധിച്ചുവരുന്ന  അസമത്വവും തൊഴിലില്ലായ്മയും സാമ്പത്തികത്തകർച്ചയുമെല്ലാം  മറച്ചുവച്ച്‌ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള  ശ്രമം പൂർണരൂപത്തിലെത്തി. ബിജെപിയുടെയും സംഘപരിവാറിന്റെയും ദീർഘകാല അജൻഡയാണ്‌ കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്‌ പിന്നിൽ. അതിർത്തിയിൽ  സൈനികരെ വിന്യസിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌താണ്‌ കേന്ദ്രം കശ്‌മീരിനെ കീറിമുറിച്ചത്‌’–-  ഡോ. രാം പുനിയാനി വ്യക്തമാക്കി.

തിരുവനന്തപുരത്ത്‌ കേരള സർവകലാശാല യൂണിയൻ ഉദ്‌ഘാടനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ദേശാഭിമാനിയോട്‌ സംസാരിക്കുകയായിരുന്നു. മുത്തലാഖ്‌, യുഎപിഎ ബില്ലുകളെല്ലാം ഹിന്ദു രാഷ്ട്രനിർമിതിയിലേക്കുള്ള ചവിട്ടുപടിയായിരുന്നു. അടുത്തതായി ഏകീകൃത സിവിൽ നിയമത്തിനാകും ശ്രമം.

ഏറ്റവുമൊടുവിൽ സംഘപരിവാർ വജ്രായുധമായി കാത്തുസൂക്ഷിക്കുന്ന  രാമക്ഷേത്രനിർമാണത്തിലേക്ക്‌ കടക്കും. ജനവികാരം പ്രതിഫലിപ്പിക്കാനായി പ്രക്ഷോഭം നയിക്കേണ്ട പ്രതിപക്ഷ പാർടികളാകട്ടെ ഏകോപനമില്ലാത്ത സ്ഥിതിയിലാണ്‌. കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്‌. അഭിപ്രായംപോലും പറയാനാകാത്ത സ്ഥിതിയിലേക്ക്‌ അവർ മാറി. സംഘപരിവാറിന്റെ ഈ വിജയം താൽക്കാലികമാണ്‌. ചരിത്രം ഒരുകാലത്തും ഫാസിസ്റ്റുകൾക്ക്‌ മാപ്പ്‌ കൊടുത്തിട്ടില്ല.

കേന്ദ്രഭരണപ്രദേശമാകുന്നതോടുകൂടി ജനങ്ങളുടെ ജീവിതം കൂടുതൽ അസ്വസ്ഥമാകും. ടൂറിസത്തിന്‌ സാധ്യത കൂടുതലായതിനാൽ സ്വകാര്യമേഖലയുടെ കേന്ദ്രീകരണം സാമ്പത്തിക അസമത്വത്തിന്‌ വഴിവയ്‌ക്കും. മോഡി സർക്കാരിന്‌ പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ആവശ്യമില്ല. വിദ്വേഷം പടർത്തി ഭരിക്കാനാവശ്യമായ എല്ലാ ആയുധങ്ങളും അവരുടെ പക്കലുണ്ട്‌. മൃഗീയഭൂരിപക്ഷത്തിൽ ബില്ലുകളെല്ലാം പാസാക്കാനാകുന്നു. അവർ ഭരണഘടന മാറ്റിയെഴുതുന്നു. അടിയന്തരാവസ്ഥയെക്കാൾ ഭീതിദമായ അവസ്ഥയാണ്‌ രാജ്യം നേരിടാൻ പോകുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top