12 August Wednesday

രാജ്യസഭ തെരഞ്ഞെടുപ്പ്; സിന്ധ്യയും ദിഗ്‌വിജയ് സിങ്ങും വിജയിച്ചു, രാജസ്ഥാനില്‍ കോണ്‍-2, ബിജെപി -1

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020

ന്യൂഡല്‍ഹി > പത്തു സംസ്ഥാനങ്ങളില്‍നിന്ന് 24 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തെത്തി തുടങ്ങി. ഗുജറാത്ത് (4),ആന്ധ്രാപ്രദേശ് (4),കര്‍ണാടക (4),മധ്യപ്രദേശ് (3),രാജസ്ഥാന്‍ (3),ജാര്‍ഖണ്ഡ് (2),മേഘാലയ (1), മണിപ്പുര്‍ (1),അരുണാചല്‍ പ്രദേശ് (1),മിസോറം (1) എന്നിവിടങ്ങളില്‍നിന്ന് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണി മുതലാണ് വോട്ടെടുപ്പ് നടന്നത്.

രാജസ്ഥാന്‍: സംസ്ഥാനത്തുനിന്നുള്ള മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടിടത്ത് കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു. കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍, നീരജ് ഡാംഗി എന്നിവരും ബിജെപിയുടെ രാജേന്ദ്ര ഗെഹ്‌ലോത്തുമാണ് വിജയിച്ചത്. ഓംകാര്‍ സിങ് ലഖാവത്തിനെയും ബിജെപി മത്സരിപ്പിച്ചുവെങ്കിലും പരാജയപ്പെട്ടു.

മധ്യപ്രദേശ്: ബിജെപി രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, സുമീര്‍ സിങ് സോളങ്കി എന്നിവരാണ് മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്കെത്തുന്ന ബിജെപി പ്രതിനിധികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങ്ങും വിജയിച്ചു. കോണ്‍ഗ്രസിന്റെ മറ്റൊരു സ്ഥാനാര്‍ഥിയും ദളിത് നേതാവുമായ ഫൂല്‍ സിങ് ബാരിയ പരാജയപ്പെട്ടു.

ആന്ധ്രാപ്രദേശ്: സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയിച്ചു. ഉപമുഖ്യമന്ത്രി പിള്ളി സുഭാഷ് ചന്ദ്രബോസ്, മോപിദേവി വെങ്കട രമണ, വ്യവസായി പരിമള്‍ നാത്‌വാനി, അയോധ്യ രാമി റെഡ്ഡി എന്നിവരാണ് വിജയിച്ചത്.

മേഘാലയ: മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്(എം.ഡി.എ.) സ്ഥാനാര്‍ഥി ഡോ.ഡബ്‌ള്യൂ.ആര്‍. ഖാര്‍ലുകി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെന്നഡി ഖൈറിമിനെയാണ് ഖാര്‍ലുകി പരാജയപ്പെടുത്തിയത്.

ജാര്‍ഖണ്ഡ്: സംസ്ഥാനത്ത് രാജ്യസഭയിലേക്ക് ഒഴിവു വന്ന രണ്ടു സീറ്റുകളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം.)യും ബി.ജെ.പി.യും ഓരോ സീറ്റുകള്‍ വീതം നേടി. ജെ.എം.എമ്മിന്റെ ഷിബു സോറനും ബി.ജെ.പി.യുടെ ദീപക് പ്രകാശുമാണ് വിജയിച്ചത്.

മണിപ്പുര്‍: സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്കുള്ള ഏക സീറ്റില്‍ ബി.ജെ.പി.യുടെ ലെയ്‌സെംബ സനാജോബ വിജയിച്ചു. കോണ്‍ഗ്രസിന്റെ ടി മാംഗി ബാബുവിനെയാണ് പരാജയപ്പെടുത്തിയത്.

മിസോറം: മിസോറമില്‍ മീസോ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ഥി കെ.വന്‍ലലവേന വിജയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top