23 May Thursday

മഴക്കെടുതി: സംസ്ഥാന സർക്കാരിന്‌ കേന്ദ്രം എല്ലാവിധ പിന്തുണയും നൽകും‐ രാജ്‌നാഥ്‌ സിങ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

കൊച്ചി > പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌ത്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌. എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഇളന്തിക്കര ഗവ. എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അൽഫോൺസ്‌ കണ്ണന്താനം, മന്ത്രിമാർ, മറ്റ്‌ ജനപ്രതിനിധികൾ എന്നിവരോടൊപ്പമാണ്‌ അദ്ദേഹം ക്യാമ്പ്‌ സന്ദർശിച്ചത്‌.കേരളത്തിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന്‌ ഇവിടം സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടു. കുറച്ച്‌ ദിവസം മുൻപ്‌ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇവിടം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിവരങ്ങൾ ധരിപ്പിച്ചിരുന്നു. പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന്‌ കേന്ദ്ര സർക്കാർ എല്ലാ വിധ സഹായവും ചെയ്യുമെന്ന്‌ ഉറപ്പുനൽകുന്നു ‐ രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.

ക്യാമ്പിലെ അംഗങ്ങളായ ലക്ഷ്മി നടേശനും വിജി കുമാരനും ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ചും തിരിച്ച് വീട്ടിലെത്തുമ്പോൾ അവർക്കുള്ള ആശങ്കകളെ കുറിച്ചും സംസാരിച്ചു. അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ സഹായമുണ്ടാവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. വീട്ടിലേക്ക് മടങ്ങുമ്പോൾ ഉള്ള സ്ഥിതിഗതികളെക്കുറിച്ച് ഇപ്പോൾ ആശങ്കവേണ്ട. മഴക്കെടുതി നേരിട്ടവർക്ക് എല്ലാവിധ  പിന്തുണയുമായി സർക്കാർ കൂടെയുണ്ട്‐ അദ്ദേഹം പറഞ്ഞു.

പകൽ 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ,  അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള , ഐ.ജി. വിജയ് സാക്കറെ, റൂറൽ എസ്പി രാഹുൽ ആർ നായർ എന്നിവർ ചേർന്ന് ടാര്‍മാർക്കിൽ മന്ത്രിയെ സ്വീകരിച്ചു. കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനവും ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി.

തുടർന്ന് ഡൊമസ്റ്റിക് ടെർമിനലിലെ വിഐപി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, ജലവിഭവ വകുപ്പ് മന്ത്രി  മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിസിഎ ചെയർമാൻ സി.എൻ. മോഹനൻ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പ്രളയബാധിത മേഖലകൾ കാണുന്നതിനായി കേന്ദ്ര മന്ത്രി നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിച്ചു. ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ നിന്ന് അദ്ദേഹം വീക്ഷിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ എന്നിവരും ഹെലികോപ്റ്ററിൽ കേന്ദ്രമന്ത്രിയ്ക്കൊപ്പുണ്ടായിരുന്നു.

പുത്തൻ വേലിക്കര പഞ്ചായത്തിലെ എളന്തിക്കര കോഴി തുരുത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 141 കുടുംബങ്ങളാണ് ഗവ.എൽ.പി സ്കൂളിലെ ക്യാമ്പിൽ ഉള്ളത്. 81 കുട്ടികളും 223 വനിതകളുമടക്കം 520 പേർ ക്യാമ്പിലുണ്ട്. നാലു ദിവസമായി ഇവർ ക്യാമ്പിലെത്തിയിട്ട്. പുത്തൻവേലിക്കര പഞ്ചായത്തിലെ എട്ടാം വാർഡിലാണ് കോഴിതുരുത്ത്. ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന കണക്കൻ കടവിലാണ് കോഴിതുരുത്ത്. പുഴയാൽ ചുറ്റപ്പെട്ട കോഴിതുരുത്ത് വെള്ളം കയറിയാൽ ഒറ്റപ്പെടുന്ന അവസ്ഥയാണ്. ചെറിയൊരു പാലം മാത്രമാണ് ഇവർക്ക് പുറം ലോകവുമായുള്ള ബന്ധം. വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് പാലം ഭാഗികമായി തകർന്ന നിലയിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top