13 May Thursday

കോൺഗ്രസിൽ ഒറ്റപ്പെട്ട്‌ ഉണ്ണിത്താൻ; ഇംഗ്ലീഷ്‌ ചാനൽ വീഡിയോ കുരുക്കായി

സ്വന്തം ലേഖകൻUpdated: Monday Apr 19, 2021

കാസർകോട്‌ > പാർടിയെ ഇകഴ്‌ത്തി കാണിച്ചതിന്‌ ഹൈക്കമാൻഡ്‌ വിശദീകരണം തേടിയ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട്‌ ഡിസിസിയും. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഒരു സ്വകാര്യ ഇംഗ്ലീഷ്‌ ചാനൽ പുറത്തുവിട്ട അഭിമുഖത്തിലാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ഉണ്ണിത്താൻ ആഞ്ഞടിച്ചത്‌. ഒളി ക്യാമറയിൽ പകർത്തിയ വീഡിയോ ചിത്രം ചാനൽ സംപ്രേഷണം ചെയ്യുകയായിരുന്നു. കേരളത്തിലെ കോൺഗ്രസ്‌ സംഘടനാ സംവിധാനം ദുർബലമാണെന്നും ബൂത്ത്‌ കമ്മിറ്റികൾ പോലുമില്ലെന്നും  ഇതിൽ പറയുന്നുണ്ട്‌.  ഉണ്ണിത്താന്റെ ഒറ്റയാൻ പ്രവർത്തനത്തിൽ സഹികെട്ട ഡിസിസിയാണ്‌ ഹൈക്കമാൻഡിന്റെ നിലപാടിൽ ഏറെ സന്തോഷിക്കുന്നത്‌.

ഉണ്ണിത്താനെ കുറിച്ച്‌ പലതവണ പരാതി പറഞ്ഞിട്ടും കെപിസിസി വകവച്ചിരുന്നില്ല. ഡിസിസിയെ വകവെക്കാതെയാണ്‌ അദ്ദേഹത്തിന്റെ പ്രവർത്തനമെന്നാണ്‌ പരാതി. ഡിസിസിയുമായി ബന്ധപ്പെടുന്നില്ല. ഡിസിസി ഓഫീസിൽ വന്നിട്ട്‌ മാസങ്ങളായി. കാഞ്ഞങ്ങാട്ടെ വീട്‌ കേന്ദ്രീകരിച്ചാണ്‌ സ്വന്തമായ പ്രവർത്തനം. എംപി എന്ന നിലയിലും ഉണ്ണിത്താൻ പരാജയമാണ്‌. എംപി ഫണ്ട്‌ ചെലവഴിച്ചതിന്റെ കണക്കെടുത്താൽ ഇത്‌ വ്യക്തമാകും. മംഗലത്തിനും മുത്തപ്പൻ തെയ്യത്തിനും മാത്രം പോയാ മതിയോ,  നാട്ടുകാർക്ക്‌ വല്ല ഉപകരവും ഉണ്ടോ എംപിയെ കൊണ്ട്‌ എന്ന്‌ പ്രവർത്തകർ പരിഹസിക്കുകയാണെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ പറയുന്നു.

കൂടെയുണ്ടായിരുന്നവരും കൈയൊഴിഞ്ഞു

നേരത്തെ  ഉണ്ണിത്താന്റെ കൂടെയുണ്ടായിരുന്ന നേതാക്കളും അദ്ദേഹത്തിനെതിരാണ്‌. എംപിയുടെ അസാനിധ്യത്തിൽ സർക്കാർ പരിപാടികളിൽ പങ്കെടുത്തിരുന്ന മണ്ഡലം പ്രതിനിധിയും സ്ഥാനമൊഴിഞ്ഞു. പാർടിയിൽ എംപിക്ക്‌ വിവാദങ്ങളൊഴിഞ്ഞ നേരമില്ല. ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ ഉദ്‌ഘാടന ദിവസം കാസർകോട്‌ ഒരു വീട്ടിലൊരുക്കിയ വിരുന്നിൽ എംപിയും കോൺഗ്രസ്‌ നേതാക്കളും പരസ്യമായി ഏറ്റുമുട്ടി. മണ്ഡലം പ്രസിഡന്റിനെ എംപി അസഭ്യം പറഞ്ഞുവെന്നായിരുന്നു പരാതി. എംപിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ടായി. സ്ഥിതി വഷളായതിനെ തുടർന്ന്‌ എംപി കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലും കാഞ്ഞങ്ങാടും കോൺഗ്രസ്‌ സ്ഥാനാർഥികളെ നിശ്ചയിച്ചപ്പോഴും തൃക്കരിപ്പൂർ ജോസഫ്‌ വിഭാഗത്തിന്‌ നൽകിയപ്പാഴും  എംപിക്കെതിരെ പ്രതിഷേധം ഉയർന്നു. കെ സി വേണുഗോപാലിനെ സ്വാധീനിച്ച്‌ എംപി ഇടപെട്ടുള്ള തീരുമാനത്തിൽ ഡിസിസിയുടെ അഭിപ്രായം തേടിയില്ലെന്ന്‌ പറഞ്ഞ്‌ 10 ഡിസിസി ഭാരവാഹികൾ രാജിഭീഷണി മുഴക്കി. ഉദുമ സീറ്റിനായി മുൻ നിരയിലുണ്ടായിരുന്ന കെപിസിസി സെക്രട്ടറി കെ നീലകണ്‌ഠൻ രാജിവച്ചു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ ലീഗും എംപിക്കെതിരെ തിരിഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിൽ എംപിക്ക്‌ വലിയ ഭൂരിപക്ഷം നൽകിയ കാസർകോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ഉണ്ണിത്താൻ പ്രചാരണത്തിനെത്തിയില്ല എന്നാണ്‌  ലീഗിന്റെ പരാതി. ഇരു മണ്ഡലങ്ങളിലും കോൺഗ്രസ്‌ വോട്ട്‌ ബിജെപിക്ക്‌ മറിഞ്ഞുവെന്ന്‌ സംശയിക്കുന്ന ലീഗ്‌ നേതാക്കൾ എംപിയുടെ നീക്കത്തിന്‌ ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌.
 
ഉദുമയിൽ മത്സരിച്ച കോൺഗ്രസ്‌ സ്ഥാനാർഥി ബാലകൃഷ്‌ണൻ പെരിയ എംപിയുടെ നോമിനിയാണ്‌. ഇവിടെ ബിജെപി വോട്ട്‌ ബാലകൃഷ്‌ണന്‌ ലഭ്യമാക്കാൻ ചില നീക്കുപോക്ക്‌ നടത്തിയതായ വിവരം പുറത്തുവരുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top