22 September Sunday

രാജ്കുമാർ കസ്റ്റഡി മരണം: റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ അറസ്റ്റിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

നെടുങ്കണ്ടം> പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്ന് പീരുമേട്‌ സബ്‌ജയിലിൽ മരിച്ച രാജ്കുമാറിന്റെ രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ലഭിച്ചാലുടൻ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ നിർദേശാനുസരണം കഴിഞ്ഞദിവസം രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് രണ്ടാമതും പോസ്റ്റുമോർട്ടം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം തെളിവായി ശേഖരിക്കും.

ജൂൺ 12 മുതൽ 16 വരെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനുമുകളിലെ വിശ്രമമുറിയിൽ ക്രൂരമായ മർദനത്തിന് രാജ്‌കുമാറിനെ ഇരയാക്കിയെന്നാണ് കണ്ടെത്തൽ. കേസിൽ ഇതുവരെ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം
ഹരിത തട്ടിപ്പുകേസിൽ പണം നഷ്ടപ്പെട്ടവർ നൽകിയ പരാതികളും തൂക്കുപാലം ഹരിത ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്‌.

രാജ്കുമാർ മരിക്കുന്നതിന്‌ തലേന്നുവരെ പരാതികൾ നെടുങ്കണ്ടം സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ, രാജ്‌കുമാർ പീരുമേട് സബ് ജയിൽ മരിച്ചെന്ന വാർത്ത എത്തിയതോടെ പരാതികൾ നിലച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പരാതികളുണ്ടെങ്കിൽ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുള്ളത്.


പ്രധാന വാർത്തകൾ
 Top