25 June Tuesday

രാഹുലിന്റെ സ്ഥാനാർഥിത്വം; കോൺഗ്രസിന്‌ ആത്‌മവിശ്വാസം നഷ്‌ടപ്പെട്ടു: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

തിരുവനന്തപുരം> വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എൽഡിഎഫ്‌ ഭയപ്പെടുന്നില്ലെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. നല്ല ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടത് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്‌. ശക്‌തമായ മത്സരം തന്നെ നടത്തും. വയനാട്ടിൽ രാഹുല്‍ മത്സരിക്കുന്നുവെന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.

അമേഠി സുരക്ഷിതമല്ലെന്ന‌് രാഹുൽ മനസിലാക്കി. പരാജയഭീതിയിൽനിന്നുണ്ടായ തീരുമാനമാണിത്‌.  യുപിയിൽ തോൽവി സമ്മതിച്ചാണ‌് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്‌.

ടി സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടേയ്ക്ക് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചതെന്നും ഇത് ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്നും കോടിയേരി പറഞ്ഞു.

എ ഗ്രൂപ്പിനു വേണ്ടി ഉമ്മൻചാണ്ടി മണ്ഡലം ഉറപ്പിക്കുകയും ടി സിദ്ദിഖ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അസംതൃപ്തിയുള്ള ഐ ഗ്രൂപ്പുകാർ ഇതിനെതിരെ നിലപാടെടുത്തു. ഐ ഗ്രൂപ്പ‌് രഹസ്യ യോഗം ചേർന്ന് സിദ്ധിഖിനെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് കെ സി വേണുഗോപാലിന്റെ ഇടപെടൽ. വേണുഗോപാലാണ‌് ഈ തീരുമാനത്തിൽ സമ്മർദ്ദശക്തിയായത്. ഇതോടെ കോൺഗ്രസിലെ സംഘർഷം മൂർച്ചിക്കും.ഇടതുപക്ഷത്തിന് വയനാട്ടിൽ നല്ല നിലയിൽ കേന്ദ്രീകരിക്കാൻ കഴിയും.

ഇത്തവണ എൽഡിഎഫിന് നല്ല വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വയനാട്. ആത്മവിശ്വാസത്തോടെ എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടും. അതേസമയം, യുഡിഎഫിന്റെ നില കൂടുതൽ പരിതാപകരമാവുകയാണു ചെയ്യുക. രാഹുലിനെ പ്രീതിപ്പെടുത്താനായി കോൺഗ്രസ‌് നേതാക്കളും  പ്രവർത്തകരും വയനാട്ടിൽ കേന്ദ്രീകരിക്കുന്നതോടെ മറ്റു മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ കോൺഗ്രസിന് നേതാക്കളും പ്രവർത്തകരും ഇല്ലാതാകും.

രണ്ടു മണ്ഡലത്തിലും ജയിച്ചാൽ ഏതു മണ്ഡലത്തിൽനിന്നു രാജി വയ്ക്കുമെന്ന‌് രാഹുൽ ആദ്യമേ പ്രഖ്യാപിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജയിച്ചാൽ വയനാട്ടിൽ നിൽക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നല്കാൻ രാഹുലിന് കഴിയുമോ?

വയനാട്ടിലും അമേഠിയിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ ഏത് മണ്ഡലത്തിലെ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുമെന്ന് രാഹുലും കോണ്‍ഗ്രസും വ്യക്തമാക്കണം. രാഹുല്‍ വയനാട്ടില്‍ പരാജയപ്പെട്ടാല്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും രാഷ്ട്രീയ അന്ത്യമാകും അതെന്നും കോടിയേരി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top