28 May Saturday

നല്ല റോഡ്‌, നല്ല കുടിവെള്ളം ; പിഡബ്ല്യുഡി, ജലസേചന വകുപ്പുകളുടെ ഏകോപനത്തിന്‌ സമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022


തിരുവനന്തപുരം
പൊതുമരാമത്ത്‌ റോഡുകളുടെ പരിപാലനവും ജലവിഭവ പദ്ധതി പ്രവൃത്തികളും ഏകോപിപ്പിക്കാൻ പിഡബ്ല്യുഡി, ജലസേചന വകുപ്പുകളുടെ ഉന്നതതലയോഗം സ്ഥിരം സമിതിക്ക്‌ രൂപം നൽകി. പൊതുമരാമത്ത്‌ സെക്രട്ടറി ആനന്ദ്‌ സിങ് കൺവീനറും ഇരു വകുപ്പിലെയും മേധാവികൾ അംഗങ്ങളുമായാണ്‌ സമിതി. കുടിവെള്ള പദ്ധതിക്ക്‌ പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത്‌ പരാവധി ഒഴിവാക്കാനുള്ള നിർദേശങ്ങൾ 15നകം സമിതി സമർപ്പിക്കും. യോഗശേഷം വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ എന്നിവരാണ്‌ തീരുമാനങ്ങൾ വിശദീകരിച്ചത്‌.

പദ്ധതികളിൽ ധാരണയിലെത്തും
റോഡുകൾ കുത്തിപ്പൊളിക്കുന്നത്‌ പരമാവധി ഒഴിവാക്കാൻ ഇരുവകുപ്പും അടുത്ത രണ്ട്‌ വർഷത്തെ പദ്ധതികൾ ചർച്ചചെയ്‌ത്‌ ധാരണയിലെത്തും. ‘നല്ല റോഡ്‌, നല്ല കുടിവെള്ളം’ എന്ന സന്ദേശം യാഥാർഥ്യമാക്കുമ്പോൾ ഇരുവകുപ്പിനും നഷ്ടമുണ്ടാകാതിരിക്കാനുള്ള  ഏകോപനമാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രവൃത്തി പരസ്യപ്പെടുത്തും
റോഡ്‌ പൊളിക്കേണ്ട പ്രവൃത്തികൾ പരസ്യപ്പെടുത്തും. ഇവയിൽ സമയക്രമവുമുണ്ടാകും. ഡിഫെക്ട്‌ ലൈബിലിറ്റി പീരീഡ്‌ (ഡിഎൽപി) ഉള്ള റോഡുകളിൽ ജലവിഭവ വകുപ്പിന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം അവർക്കായിരിക്കും. സംസ്ഥാനതല സമിതിക്ക്‌ സമാനമായി ജില്ലാതല സമിതികളും രൂപീകരിക്കും.

സംസ്ഥാനതല സമിതി
പൊതുമരാമത്ത്‌ സെക്രട്ടറി (കൺവീനർ). അംഗങ്ങൾ: ജലവിഭവ സെക്രട്ടറി, പിഡബ്ല്യുഡി ജോയിന്റ്‌ സെക്രട്ടറി, ജല അതോറിറ്റി എംഡി, പിഡബ്ല്യുഡി നിരത്ത്‌ പാലം, ദേശീയപാത വിഭാഗം, റോഡ്‌ ഫണ്ട്‌ ബോർഡ്‌ ചീഫ്‌ എൻജിനിയർമാർ, ജല അതോറിറ്റി ദക്ഷിണ, മധ്യ, ഉത്തരമേഖല ചീഫ്‌ എൻജിനിയർമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top