07 August Friday

പുത്തുമല പുനരധിവാസം: വീടുകളൊരുങ്ങുന്നു; നിർമ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

കൽപ്പറ്റ > കഴിഞ്ഞവർഷത്തെ അതിവർഷത്തിൽ ഉരുൾപൊട്ടലുണ്ടായി വയനാട് പുത്തുമലയിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള 'ഹർഷം' പദ്ധതിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.

ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട 56 കുടുംബങ്ങൾക്കാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിൽ വീടും മറ്റു സൗകര്യങ്ങളും ഒരുങ്ങുന്നത്. ഒരു കുടുംബത്തിന് ഏഴ് സെൻറ് ഭൂമി ലഭിക്കുംവിധമാണ് നിർമാണം. ഒരു വീടിന് 6.5 ലക്ഷം രൂപയാണ് ചെലവ്. നാല് ലക്ഷം രൂപ സർക്കാർ നൽകും. ബാക്കി തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തും. നിർമാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നുമാസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സർക്കാർ സഹായത്തോടൊപ്പം വിവിധ സന്നദ്ധസംഘടനകൾ സ്ഥാപനങ്ങൾ എന്നിവയുടെ സ്‌പോൺസർഷിപ്പോടെയാണ് വീടുകൾ പണിയുന്നത്.

ഈ പദ്ധതിയുമായി സഹകരിക്കാൻ 6 സന്നദ്ധ സംഘടനകൾ തയ്യാറായിട്ടുണ്ട്. മുഴുവൻ വീടുകളും നിർമിക്കാനാവശ്യമായ സ്‌പോൺസർഷിപ്പ് ലഭിച്ചുവെന്നതിനാൽ നിർമാണത്തിൽ കാലതാമസുണ്ടാകില്ല. സന്നദ്ധ സംഘടനകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റിൻറെ  സ്‌പോൺസർഷിപ്പോടു കൂടിയാണ് 'സ്‌നേഹ ഭൂമി' എന്ന പേരിൽ ഏഴ് ഏക്കർ സ്ഥലം വാങ്ങിയത്. ഏതാണ്ട് രണ്ടുകോടിയോളം രൂപ വിലവരുന്ന ഈ സ്ഥലം വാങ്ങി നൽകിയ  മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റിൻറെ പ്രവർത്തനം മാതൃകാപരമാണ്.


 
വീടുകൾക്ക് പുറമെ കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള എല്ലാ  സൗകര്യങ്ങളും പദ്ധതിയിലുണ്ടാകും. കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങളുമായി മുന്നോട്ടുപോവാനുള്ള സ്ഥലം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം കുടിവെളള സംവിധാനം തുടങ്ങി  മാതൃകാ ഗ്രാമത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയൊരുക്കും. ഒന്നിച്ചുനടന്നും കൂട്ടായി ജീവിച്ചും ഒരു സമൂഹം രൂപപ്പെടുന്ന രീതിയിൽ ഒരു മാതൃകാഗ്രാമമാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടമായ 43 പേർക്ക് സർക്കാരിൻറെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മറ്റു പ്രദേശങ്ങളിൽ താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 56 പേർക്കാണ് കോട്ടപ്പടിയിൽ മാതൃകാഗ്രാമം ഒരുങ്ങുന്നത്. റീബിൽഡ് കേരളയുടെ ഭാഗമായാണ് റീബിൽഡ് പുത്തുമല ആവിഷ്‌കരിച്ചത്. അതിലെ ആദ്യ പദ്ധതിയാണ് ഹർഷം.

ദുരിതബാധിതരെ സഹായിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകിയത്. പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും ദുരിതബാധിതർ നേരിടുന്ന പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നാണ് സർക്കാർ ചിന്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിൻറെ ആഘാതം കുറച്ചത് ചിട്ടയായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയാണ്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൊതുജനങ്ങളാകെ ഈ പ്രവർത്തനങ്ങളോട് പൂർണ്ണമായി സഹകരിച്ചു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിനും അടിയന്തര ആശ്വാസം എത്തിക്കുന്നതിനും സർക്കാർ തയ്യാറായി. മേപ്പാടി ഗ്രാമപഞ്ചായത്തും ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചു. വീട് നഷ്ടപ്പെട്ട് വാടക വീടുകളിൽ കഴിയുന്നവർക്ക് 6 മാസത്തെ വീട്ടുവാടക നൽകുന്നതിനും അവർക്ക് കാർഷികവൃത്തിക്ക് സ്ഥലം കണ്ടെത്തി നൽകുന്നതിനും മുൻകൈയെടുത്ത ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഉദ്ഘാടന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top