കോഴിക്കോട്> പഞ്ചാബ് നാഷണൽ ബാങ്ക് ലിങ്ക് റോഡ് ശാഖയിൽനിന്ന് പണം തട്ടിയത് താൻ മാനേജരായിരിക്കെയല്ലെന്ന എം പി റിജിലിന്റെ വാദം കള്ളം. ലിങ്ക് റോഡ് മാനേജരായിരിക്കെ തുടങ്ങിയ തട്ടിപ്പ് സ്ഥലംമാറ്റം ലഭിച്ച് എരഞ്ഞിപ്പാലം ശാഖാ മാനേജരായശേഷവും നടത്തിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മാനേജർമാർക്ക് മറ്റു ശാഖകളുടെ പണമിടപാട് നടത്താൻ സാധിക്കുന്ന ഓൺലൈൻ സാധ്യത ഉപയോഗപ്പെടുത്തിയാണ് ലിങ്ക് റോഡ് ശാഖയിൽനിന്ന് പണം തിരിമറി നടത്തിയത്.
തിങ്കളാഴ്ച കോടതിയിൽ മുൻകൂർ ജാമ്യഹർജിയിലാണ് റിജിൽ വിചിത്രവാദം ഉന്നയിച്ചത്. ലിങ്ക് റോഡ് ശാഖയിൽ മാനേജരല്ലാതിരുന്ന കാലത്താണ് തട്ടിപ്പെന്നും ബാങ്കിലെ ചില ഉദ്യോഗസ്ഥരും കോർപറേഷൻ ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് പണം തിരിമറി നടന്നതെന്നുമാണ് വാദം. എന്നാൽ, ഇതിൽ കഴമ്പില്ലെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി എ ആന്റണി പറഞ്ഞു. അച്ഛൻ രവീന്ദ്രന്റെ പേരിൽ ലിങ്ക് റോഡ് ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്കാണ് റിജിൽ പണം മാറ്റിയത്. പിന്നീട്, ഇതിൽനിന്ന് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി. ഈ അക്കൗണ്ടിൽനിന്നാണ് പണം പിൻവലിച്ചത്. ഇതിൽ ഓൺലൈൻ റമ്മിക്ക് കുറഞ്ഞ തുക മാത്രമാണ് ചെലവഴിച്ചത്. ബാക്കി തുക എന്തുചെയ്തുവെന്നതാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.
തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘവും കോർപറേഷൻ ഉദ്യോഗസ്ഥരും സംയുക്തമായി ബാങ്ക് രേഖകൾ പരിശോധിച്ചു. മൊത്തം 21.6 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. ഇതിൽ 12.68 കോടി രൂപയാണ് കോർപറേഷനും ഒമ്പത് സ്വകാര്യ വ്യക്തികൾക്കുമായി നഷ്ടമായത്. കോർപറേഷന് 2.53 കോടി രൂപ തിരിച്ചുനൽകി. ബാക്കി തുക ഉടൻ മടക്കി നൽകുമെന്ന് ബാങ്ക് അധികൃതർ കോർപറേഷന് ഉറപ്പുനൽകി. റിജിൽ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി കോടതി വിധിപറയാനായി വ്യാഴാഴ്ചയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..