18 January Monday

പിഎസ്‌സി ചോദ്യപേപ്പർ മലയാളത്തിൽ നൽകാൻ നിർദ്ദേശിച്ചു; വിജ്‌ഞാന ഭാഷാനിഘണ്ടുവിനായി സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

തിരുവനന്തപുരം> പിഎസ്‌സി നടത്തുന്ന കെഎഎസ്‌ അടക്കമുള്ള എല്ലാ പരീക്ഷകളുടേയും  ചോദ്യപേപ്പറുകൾ  മലയാളത്തിൽ നൽകുവാൻ നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അത്‌ നടപ്പിലാക്കാമെന്ന്‌ പിഎസ്‌സി ചെയർമാൻ അറിയിച്ചതായും അതേസമയം  അത്തരത്തിൽ മാറ്റം വരുത്തുമ്പോൾ നേരിടുന്ന വിഷമതകൾ  ചൂണ്ടികാണ്ടിച്ചിട്ടുണ്ടെന്നും   മുഖ്യമന്ത്രി പറഞ്ഞു. അത്‌ പരിഹരിക്കാൻ സർവ്വകലാശാല വൈസ്‌ ചാന്‍സലര്‍മാരുടെ യോഗം വിളിക്കും.പിഎസ്‌സി ചെയര്‍മാനെയും അതില്‍ പങ്കെടുപ്പിക്കും. കൂടാതെ ശാസ്‌ത്ര , കംപ്യൂട്ടർ വിഷയങ്ങളിൽ  മലയാളത്തിനായി വിജ്ഞാന ഭാഷാനിഘണ്ടു ഉണ്ടാക്കുവാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ബിരുദം വരെ യോഗ്യത ഉള്ള തസ്തികകളിലേക്ക് ചോദ്യപേപ്പര്‍ ഇംഗ്ലീഷില്‍ നല്‍കി മലയാളത്തിലും എഴുതാനുള്ള സംവിധാനമാണ് നിലവിലുള്ളത്. ഇതുപോലെ പരീക്ഷകള്‍ മലയാളത്തില്‍ എഴുതുന്നതിനുള്ള സംവിധാനം ഇപ്പോള്‍ പി.എസ്.സിയില്‍ നിലവിലുണ്ട്. ചോദ്യ പേപ്പര്‍ മലയാളത്തില്‍ ലഭിക്കുന്നില്ല എന്ന പ്രശ്നമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത് പരിഹരിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ന്യൂനഭാഷകളായ കന്നടയിലും തമിഴിലും കൂടി ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിനുള്ള നടപടിയും ഭാവിയില്‍ കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
നിലവില്‍ പ്ലസ്ടു വരെ അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെയാണ് ചോദ്യപേപ്പര്‍ നല്‍കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികളില്‍ 90 ശതമാനത്തോളം വരും. ബാക്കിവരുന്ന പരീക്ഷകള്‍ക്ക് കൂടി അത്തരത്തില്‍ ആക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. അത് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ പിഎസ്‌സി പരിഗണിക്കുമെന്നതാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇക്കാര്യം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
 
ഇങ്ങനെ തീരുമാനിക്കുമ്പോള്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ സാങ്കേതികപദങ്ങളിലൂന്നിയ പരീക്ഷകളുടെ പ്രശ്നം ഉയര്‍ന്നുവരും. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു ഉന്നതല സമിതിയെ നിയോഗിക്കും.
 
മലയാളത്തില്‍ സാങ്കേതിക പദങ്ങള്‍ ലഭ്യമല്ല എന്ന പ്രശ്നമാണ് ഉയര്‍ന്നുവരുന്നത്. ഇത് പരിഹരിക്കുന്നതിന് വിവിധ വിഷയങ്ങളില്‍ മലയാളത്തില്‍ ഒരു സാങ്കേതിക വിജ്ഞാനഭാഷ നിഘണ്ടു തയ്യാറാക്കും. ഇതിനായി ഒരു സമിതിയെ നിയോഗിക്കും. ഒരോ വകുപ്പിനും വിഷയങ്ങള്‍ക്ക് സമാനമായ സാങ്കേതിക പദങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിഘണ്ടുവായിരിക്കും തയ്യാറാക്കുക. വൈസ് ചാന്‍സിലര്‍മാരുടെ സേവനവും ഇക്കാര്യത്തില്‍ ഉപയോഗിക്കും.

മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ നടപടിയെടുത്തിട്ടുണ്ട്. കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താന്‍  മലയാളഭാഷാ പഠന നിയമം പാസ്സാക്കിയത് അതിനുദാഹരണമാണ്.  

കേരളത്തില്‍ ഇന്ന് എല്ലാ വകുപ്പുകളിലും സ്ഥാപങ്ങളിലും ഭരണഭാഷ മലയാളമാണ്. എന്നാല്‍,  കേരള സര്‍ക്കാര്‍ ഇംഗ്ലീഷിനോ ന്യൂനപക്ഷ
ഭാഷകള്‍ക്കോ എതിരല്ല. ഇതര ഭാഷക്കാരുമായുള്ള വിനിമയത്തിലും നിയമപരമായി ഇംഗ്ലീഷ് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാവുന്നതാണ്. തമിഴ്, കന്നഡ ന്യൂനപക്ഷഭാഷകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അവയും ഉപയോഗിക്കാം. മറ്റു സാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ.

മലയാളം സ്കൂളുകളില്‍ നിര്‍ബന്ധമാക്കിയതും ക്ലാസില്‍ മലയാളം പറഞ്ഞാല്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന അവസ്ഥയ്ക്ക് അറുതിവരുത്തിയതും ഈ സര്‍ക്കാരാണ്. ഏതു ഭാഷ പഠിക്കുന്നതിനും നമ്മള്‍ എതിരല്ല. എന്നാല്‍, അത് മലയാളഭാഷയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടാകരുത്. ഈ ഒരു നിഷ്കര്‍ഷ സര്‍ക്കാരിനുണ്ട്.

അതുകൊണ്ടുതന്നെ ഭരണഭാഷ മുതല്‍ കോടതി ഭാഷ വരെ തീര്‍ത്തും മലയാളമാകേണ്ടതുണ്ട്. വലിയൊരു സാംസ്കാരികചരിത്രം ഉള്‍ക്കൊള്ളുന്ന ഭാഷയാണ് മലയാളം. ഏറെ അഭിമാനിക്കാന്‍ വകതരുന്ന ഒന്നാണത്. ചിന്തിക്കാനും സ്വപ്നം കാണാനും നമുക്ക് സഹായകരമാകുന്ന ഭാഷ. ആ ഭാഷ മാറ്റിവെച്ചുകൊണ്ടാവരുത് ഇതര ഭാഷകളുടെ പഠനം.

.

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top