17 June Monday

പ്രധാനമന്ത്രി ഗുരുവായൂരിൽ; താമരപ്പൂവുകൊണ്ട്‌ തുലാഭാരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

തൃശൂർ>  പ്രധാനമന്ത്രി നരേന്ദ്രമോഡി  ദര്‍ശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ  എത്തി. രാവിലെ കൊച്ചിയിൽനിന്ന്‌ ഹെലികോപ്റ്ററിലാണ് മോഡി ഗുരുവായൂരിൽ വന്നിറങ്ങിയത്. ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചശേഷം ക്ഷേത്രത്തിലെത്തിയ മോഡിയെ  ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്. ഗവർണർ  ജസ്‌റ്റീസ്‌ പി സദാശിവം പ്രധാനമന്ത്രിക്കൊപ്പമുണ്ട്‌. 

രാവിലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമാണ്‌.  ക്ഷേത്രത്തിൽ പ്രധാനമന്ത്രിക്ക്‌ താമരപ്പൂകൊണ്ട്‌ തുലാഭാരം നടത്തും. മറ്റ്‌ വഴിപാടുകളും മോഡിക്കായി നടത്തും. ഒരു മണിക്കൂറോളം മോഡി ക്ഷേത്രത്തിൽ ഉണ്ടാകും.

തുടർന്ന്‌ 11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്ററില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മോഡി.

1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. 2ന് തിരിച്ചുപോകും. .2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോഡി ഇതിനു മുമ്പ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്.


പ്രധാന വാർത്തകൾ
 Top