17 October Thursday

പുതുചരിത്രമായി പ്രവേശനോത്സവം

വി എം രാധാകൃഷ‌്ണൻUpdated: Friday Jun 7, 2019

പുതുക്കാട് മണ്ഡലത്തിലെ ഉൾനാടൻ കാർഷിക ഗ്രാമമായ ചെമ്പൂച്ചിറയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ. അങ്കണത്തിൽ പൂക്കളാൽ അലങ്കരിച്ച കമാനങ്ങളും പോസ്റ്ററുകളും മുതൽ വള്ളിക്കുടിൽ വരെ. ഒന്നാം ക്ലാസ് മുറികളുടെ ചുമരുകളിൽ വർണച്ചിത്രങ്ങൾ. ഇവിടെയാണ് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ആഹ്ലാദഭരിതരായി രക്ഷകർത്താക്കളോടൊപ്പം എത്തി. അതിനുംമുമ്പേ പുതുക്കാടിന്റെ ജനപ്രതിനിധിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നായകൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും അധ്യാപകരും പിടിഎ ഭാരവാഹികളും സ്കൂളിനെ സ്നേഹിക്കുന്ന ഗ്രാമീണരും എത്തിയിരുന്നു.

കാവടിയാട്ടവും ചെണ്ടമേളവും വാദ്യഘോഷങ്ങളും പ്രവേശനോത്സവത്തെ ഉത്സവ പ്രതീതിയിലാക്കി. ‘മന്ത്രിയോടൊപ്പം ക്ലാസിലേക്ക‌്’ എന്ന സന്ദേശമുയർത്തി മന്ത്രി സി രവീന്ദ്രനാഥ‌് നവാഗതരെ സ്വാഗതംചെയ‌്തു. കൃത്യം 9.15ന് മുഖ്യമന്ത്രി പിണറായി വിജയനെത്തി. ആവേശാരവത്തോടെ മുഖ്യമന്ത്രിക്ക് വരവേൽപ്പ‌്. നവാഗതരായ ഒന്നാം ക്ലാസുകാരെ കുരുത്തോലത്തൊപ്പിയണിയിച്ചും പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഡോ. ടി വി വിമൽകുമാർ എഴുതിയ “ഉന്നത വിദ്യാഭ്യാസം എവിടെ, എങ്ങിനെ’ എന്ന പുസ്തകം നൽകിയും മുഖ്യമന്ത്രി വരവേറ്റു. ഒന്നാം ക്ലാസുകാരി  ജാനകി രജീഷിനെ കുരുത്തോലത്തൊപ്പിയണിയിച്ചായിരുന്നു തുടക്കം.  മുരുകൻ കാട്ടാക്കട രചിച്ച് വിജയ് കരുൺ ഈണം നൽകിയ “ഞങ്ങൾ സ്കൂളിൽ പോകുന്നേ...’ എന്ന പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം മീനാക്ഷിയും സംഘവും അവതരിപ്പിച്ച് മുഖ്യമന്ത്രിയേയും മറ്റ് അതിഥികളേയും വരവേറ്റു.

വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷ പ്രസംഗത്തിനു ശേഷം കുരുത്തോല നിലവിളക്കിൽ മുഖ്യമന്ത്രി ദീപം പകർന്നു. ഇതാദ്യമായി ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ അധ്യയനം ഒരേ ദിവസംതന്നെ ആരംഭിച്ച് ചരിത്രം സൃഷ്ടിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിൽ ഇതുവരെയുണ്ടായിരുന്ന മൂന്നുതലങ്ങളെ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കീഴിലാക്കിയതും പ്രവേശനോത്സവം വേറിട്ടതാക്കി.

മുഖ്യമന്ത്രി വിദ്യാർഥികൾക്കെഴുതിയ കത്ത് ഒന്നാം ക്ലാസിലും പ്ലസ്വണ്ണിനും പ്രവേശനം നേടിയ കുട്ടികൾക്ക് നൽകി പ്രകാശനംചെയ്തു. ചെമ്പൂച്ചിറ സ്കൂളിൽനിന്ന് പത്താംക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ എം എസ് അനഘ വരച്ച മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ചിത്രങ്ങൾ ചിത്രകാരി കൈമാറി. എൻഎസ്എസ് വളണ്ടിയർമാർ തയ്യാറാക്കിയ പ്രകൃതി സൗഹൃദ കടലാസ് പേനകളും ബാഗുകളും മുഖ്യമന്ത്രിയടക്കമുള്ള അതിഥികൾക്ക് കൈമാറി. ഈ വർഷത്തെ അക്കാദമിക് കലണ്ടർ മന്ത്രി വി എസ് സുനിൽകുമാർ പ്രകാശനം ചെയ്തു. എസ്എസ്കെ ജില്ലാ കോ–ഓർഡിനേറ്റർ ബിന്ദു പരമേശ്വരൻ ഏറ്റുവാങ്ങി. പ്രവേശനോത്സവത്തിൽ താരങ്ങളായത് ഒന്നാം ക്ലാസുകാർ തന്നെ. ഉദ്ഘാടനചടങ്ങിനു ശേഷം മധുരം നൽകി അവരെ ക്ലാസുകളിലേക്കാനയിച്ചു.

62 പേരായിരുന്നു നവാഗതർ. എംഎൽഎമാരായ ബി ഡി ദേവസി, പ്രൊഫ. കെ യു അരുണൻ, ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു സ്വാഗതവും സമഗ്ര ശിക്ഷാ അഭിയാൻ കേരളം പ്രോജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top