15 May Saturday

സൂക്ഷ്‌മപൊടിപടലങ്ങള്‍ കൂടുന്നു ; കൊച്ചിയിൽ അന്തരീക്ഷ 
മലിനീകരണം രൂക്ഷം

അമൽ ഷൈജുUpdated: Wednesday Apr 14, 2021

കൊച്ചി > കോവിഡ്‌ അടച്ചുപൂട്ടലിൽ ശുദ്ധവായു ശ്വസിച്ച കൊച്ചിക്ക്‌ വീണ്ടും ശ്വാസംമുട്ടുന്നു. എംജി സർവകലാശാലയിലെ ഗവേഷകർ പുറത്തുവിട്ട പഠനറിപ്പോർട്ടിൽ കൊച്ചിയിലും പരിസരത്തും അന്തരീക്ഷത്തിൽ സൂക്ഷ്മപൊടിപടലങ്ങൾ കൂടുന്നതായി കണ്ടെത്തി. ഗവേഷകരായ എം അബ്ദുൽ ഷുക്കൂർ, വി ജി ഗോപികൃഷ്‌ണ, എൻ ജി വിഷ്‌ണു, മഹേഷ് മോഹൻ എന്നിവർ നടത്തിയ പഠനറിപ്പോർട്ടാണ് ജേർണൽ ഓഫ് അറ്റ്‌മോസ്ഫറിക് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ചത്.

രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച്‌ അന്തരീക്ഷത്തിലെ ലോഹസാന്നിധ്യം കൊച്ചിയിൽ കുറവാണ്‌. എന്നാൽ, പൊടിപടലങ്ങളുടെ സാന്നിധ്യം മുൻവർഷത്തേക്കാൾ കൊച്ചിയിൽ കൂടുന്നതായി പഠനം കണ്ടെത്തി. കഴിഞ്ഞ നവംബറിൽ പൂർത്തീകരിച്ച പഠനറിപ്പോർട്ട് ഈയിടെയാണ് പുറത്തുവന്നത്. അന്തരീക്ഷത്തിലെ സൾഫർ ഡൈ ഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, പിഎം 2.5 എന്ന സൂക്ഷ്മപൊടിപടലം, ലോഹങ്ങളായ അയേൺ, കോപ്പർ, ലെഡ്, നിക്കൽ, സിങ്ക്, ക്രോമിയം എന്നിവയുടെ തോതാണ് പഠനത്തിന്‌ ഉപയോഗിച്ചത്‌.

പൊടിപടലം
 പരിധിക്കപ്പുറം

നാഷണൽ ആംപിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ് (എൻഎഎക്യുഎസ്) പ്രകാരം കൊച്ചിയിലെ ആകാശത്ത് സൂക്ഷ്മപൊടിപടലങ്ങളുടെ (പിഎം 2.5) സാന്നിധ്യം കൂടുതലാണ്. ഇത് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച അളവിനേക്കാൾ നാലുമടങ്ങ് കൂടുതലും ഇന്ത്യ നിശ്ചയിച്ച പരിധിക്ക് തൊട്ടുതാഴെയുമാണ്. ഇരുമ്പ്, സിങ്ക്, നിക്കൽ എന്നിവയുടെ സാന്നിധ്യം മറ്റു നഗരങ്ങളേക്കാൾ കൊച്ചിയിൽ കുറവാണ്. വാഹനങ്ങൾ, വ്യവസായശാലകൾ എന്നിവയിലൂടെയാണ്‌ കൂടുതലായും ലോഹസാന്നിധ്യം വായുവിലെത്തുന്നത്.

വ്യവസായ, 
ഗാർഹിക മേഖലകൾ

വ്യവസായമേഖലയിൽ ക്യുബിക് മീറ്ററിൽ 45.95 മൈക്രോ ഗ്രാം സൂക്ഷ്മപൊടിപലങ്ങളും ഗാർഹികമേഖലയിൽ 32.01 മൈക്രോ ഗ്രാം പൊടിപടലങ്ങളുമുണ്ട്‌. സൾഫർ ഡൈ ഓക്‌സൈഡ് യഥാക്രമം 3.10, 2.21, നൈട്രസ് ഓക്‌സൈഡ്, 14.40, 9.32, ഇരുമ്പ് 45.89, 19.27, ചെമ്പ് 4.18, 2.30, ലെഡ് 4.73, 6.02, നിക്കൽ 14.87, 5.39, സിങ്ക് 40.48, 23.38, ക്രോമിയം 8.39, 2.57 മൈക്രോ ഗ്രാം എന്നിങ്ങനെയാണ്‌ രേഖപ്പെടുത്തിയത്‌. വ്യവസായവൽക്കരണം, വാഹനഗതാഗതം, നഗരവൽക്കരണം, താപവൈദ്യുതി ഉൽപ്പാദനം തുടങ്ങിയവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിനു കാരണം. രാജ്യത്തെ പ്രമുഖ നഗരങ്ങളെല്ലാം വായുനിലവാര സൂചികയ്ക്കു പുറത്താണ്. കേരളത്തിലെ കാലാവസ്ഥയും അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ സഹായകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top