28 January Saturday

നോർവീജിയൻ സഹകരണം മത്സ്യമേഖലയ്‌ക്ക്‌ കുതിപ്പേകും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Oct 19, 2022

തിരുവനന്തപുരം > മത്സ്യ ഉൽപ്പാദനമേഖലയിൽ വൻശക്തികളിലൊന്നായ നോർവെയുമായുള്ള സഹകരണചർച്ച കേരളത്തിന്റെ മത്സ്യമേഖലയ്‌ക്ക്‌ കുതിപ്പേകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർവെയുടെ മാരിടൈം തലസ്ഥാനം ബെർഗനിൽ നടന്ന ബിസിനസ് മീറ്റിൽ അനേകം സഹകരണസാധ്യതകൾ ഉരുത്തിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ ഫിഷറീസ്, അക്വാകൾച്ചർ പദ്ധതിക്കും സഹായവാഗ്ദാനമുണ്ടായി.  നോർവെ ഫിഷറീസ് ആൻഡ്‌ ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ്സ് സ്‌കെജറന്റെ വ്യക്തമായ ഉറപ്പുകളും ലഭിച്ചു. 1953ൽ നീണ്ടകരയിൽ തുടക്കമിട്ട നോർവീജിയൻ പദ്ധതി മത്സ്യബന്ധന മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. 1961ൽ  എറണാകുളത്തേക്കുമാറ്റി. യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിൽ കേരളത്തിന്റെ അതിവേഗം വളർച്ചയ്‌ക്ക്‌ ഇത് സഹായമായി. ഈ നേട്ടം പുതിയ സാങ്കേതികവിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ കൂടുതൽ വിപുലമാക്കാൻ നോർവെ സഹകരണം സഹായിക്കും.

നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ റിസർച്ച്‌, ഫിഷ് ന്യൂട്രിഷനിലും ഫീഡ് റിസർച്ച് ആൻഡ് ഹെൽത്ത് മാനേജ്മെന്റിലും  കേരളത്തെ സഹായിക്കും. മറൈൻ കേജ് കൾച്ചർ, കപ്പാസിറ്റി ബിൽഡിങ് എന്നിവയിൽ നോർവീജിയൻ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കുഫോസുമായി സഹകരിക്കും. അധ്യാപക– -വിദ്യാർഥി വിനിമയം, കേജ് ഫാർമിങ്‌വഴി ഓഫ് ഷോർ അക്വാകൾച്ചർ, കയറ്റുമതിക്കായി പുനഃചംക്രമണ മത്സ്യക്കൃഷി തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും തൊഴിൽ സാധ്യതകൾക്കും കൂടുതൽ സഹകരണം ഉറപ്പുവരുത്താൻ തീരുമാനിച്ചു. നോർദ് യൂണിവേഴ്സിറ്റി കുഫോസ് വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷണ പരിശീലനം നൽകും.

ആഴക്കടൽ മത്സ്യബന്ധനത്തിൽ നോർവീജിയൻ സാങ്കേതികവിദ്യാ വളർച്ച കേരളത്തിലേക്കും എത്തിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയുടെ ഭാഗമായതായി ചീഫ്‌ സെക്രട്ടറി ഡോ. വി പി ജോയി പറഞ്ഞു. കേന്ദ്ര ആഴക്കടൽ മത്സ്യബന്ധന നയം നടപ്പായാൽ നമ്മുടെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ ആവശ്യമാകും. നോർവെയിലെ വിവിധ ഏജൻസികളുമായി കുഫോസ്‌  ഇക്കാര്യത്തിൽ ബന്ധം സ്ഥാപിച്ചുകഴിഞ്ഞതായും ചീഫ്‌ സെക്രട്ടറി വ്യക്തമാക്കി.

നിഷേധാത്മക വികാരമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു

നാടിന്‌ ഗുണപരമാകുന്ന കാര്യങ്ങൾ ലക്ഷ്യമിട്ട്‌ നടത്തിയ വിദേശപര്യടനത്തെക്കുറിച്ച്‌ നിഷേധാത്മക വികാരമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചതായി  മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളല്ല കേരളത്തെക്കുറിച്ചും സർക്കാരിനെക്കുറിച്ചും മറ്റ്‌ രാജ്യങ്ങളുടെ മനസ്സിലുള്ളത്‌. ഏറെ മെച്ചപ്പെട്ട അഭിപ്രായമാണ്‌ നമ്മുടെ നാടിനെക്കുറിച്ചുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തിലാണ്‌ ഊന്നൽ നൽകേണ്ടതെന്ന്‌ മാധ്യമങ്ങൾ മനസ്സിലാക്കണം. നാടിന്‌ ഗുണപരമായ ഒട്ടേറെക്കാര്യങ്ങളാണ്‌ യാത്രയിലൂടെ ലക്ഷ്യമിട്ടത്‌. അതിന്റേതായ സന്ദേശം നൽകാൻ മാധ്യമങ്ങൾ തയ്യാറായില്ല. ധൂർത്തും ഉല്ലാസയാത്രയുമാണ്‌ നടത്തിയതെന്ന ധാരണയുണ്ടാക്കാൻ ശ്രമമുണ്ടായി. നാടിനെ അഭിവൃദ്ധിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇതല്ല തങ്ങൾ സ്വീകരിക്കേണ്ട നിലപാടെന്ന്‌ മാധ്യമങ്ങൾ ചിന്തിക്കണം. യാത്രയുടെ നേട്ടമെന്തെന്ന്‌ മനസ്സിലാക്കാൻ കഴിയാത്ത പ്രതിപക്ഷത്തിന്റെ നിലയിലേക്ക്‌ മാധ്യമങ്ങൾ താഴരുത്‌. തുടർപ്രവർത്തനങ്ങളിലേക്ക്‌ കടക്കാനാണ്‌ സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top