22 September Sunday

അഴിമതിക്കെതിരെ അറച്ചുനില്‍ക്കാതെ മുന്നോട്ടുപോകാം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കണ്ണൂര്‍> അഴിമതിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നീങ്ങാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു തരത്തിലുള്ള അറച്ചുനില്‍പ്പും ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ കൂട്ടിലടയ്ക്കപ്പെടുന്ന അവസ്ഥ കേരളത്തിലില്ല. കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാം. അത് ഇത്തരം ഏജന്‍സികളുടെ മൗലിക ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യുണിറ്റ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

വേണ്ടപ്പെട്ടവര്‍ അഴിമതി നടത്തിയാല്‍ അഴിമതി അല്ലാതാവുകയും തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരാണെങ്കില്‍ ഏതെങ്കിലും തരത്തില്‍ കുടുക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്നത് രാജ്യത്തിന് പരിചയമില്ലാത്തതല്ല. എന്നാല്‍ കേരളത്തില്‍ ആ ഏര്‍പ്പാടുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല.

കുറ്റകൃത്യങ്ങള്‍ക്കെതിരായ അന്വേഷണത്തിലോ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളിലോ ഏതെങ്കിലും തരത്തില്‍ തടയിടാന്‍ ഒരു ശക്തിക്കും ഇവിടെ കഴിയില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ അവകാശവും അധികാരവും ഇത്തരം ഏജന്‍സികള്‍ക്കുണ്ട്. അതാണ് നമ്മുടെ ജനാധിപത്യം ഉറപ്പുനല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, കെ കെ രാഗേഷ് എംപി, ഡിജിപി ലോക്നാഥ് ബെഹ്റ, വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത്  എന്നിവരും സംബന്ധിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top