07 June Sunday

കോവിഡ് പ്രതിരോധത്തിന്‌ ഒറ്റക്കെട്ട്‌: സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങൾ മികച്ചതെന്ന്‌ എംഎൽഎമാർ

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

തിരുവനന്തപുരം > കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്‌ഠമായ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത എംഎല്‍എമാരും നിയമസഭയിലെ കക്ഷി നേതാക്കളും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, ചീഫ് വിപ്പ് കെ രാജന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

നാടിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ്‌മയാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മള്‍ ഒന്നിച്ച് നിന്ന് കാര്യങ്ങള്‍ ചെയ്യുന്നതാണ് ശക്തി. ഈ പൊതു സ്പിരിറ്റാണ് എല്ലാവര്‍ക്കുമുള്ളത്. ഇത് തുടരാനാകണം. ഇന്നലെവരെ ഉണ്ടായിട്ടില്ലാത്ത ഒരു അവസ്ഥയാണ് നാം നേരിടുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ജനപ്രതിനിതികളുടെ ഇടപെടല്‍ എങ്ങനെയാവണമെന്നത് വളരെ പ്രധാനമാണ്.

1.7 ലക്ഷം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇത്തരക്കാര്‍ക്കുണ്ടായേക്കാവുന്ന മാനസിക പ്രയാസം ഒഴിവാക്കാന്‍ കൗണ്‍സിലര്‍മാര്‍ സജ്ജരാണ്. അതിഥി തൊഴിലാളികളുടെ കാര്യത്തിലും നല്ല ശ്രദ്ധ വേണ്ടതുണ്ട്. അവര്‍ക്ക് ഭക്ഷണം, മരുന്ന്, വൈദ്യസഹായം, താമസ സൗകര്യം എന്നിവ ഉറപ്പാക്കണം. ലോക്ഡൗണ്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം ഏര്‍പ്പാടാക്കണമെന്ന് പ്രധാന മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെയും പട്ടികവര്‍ഗ്ഗകാരുടെയും കാര്യത്തിലും  ശ്രദ്ധ പതിയേണ്ടതുണ്ട്.

കമ്മ്യൂണിറ്റി കിച്ചന്‍റെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ അനുവദിക്കണ്ടതില്ല. അര്‍ഹരായവര്‍ക്കു മാത്രമേ ഇതിലൂടെ ഭക്ഷണം നല്‍കേണ്ടതുള്ളൂ. തെറ്റായ പ്രവണതകള്‍ നിയന്ത്രിക്കാന്‍ എംഎല്‍എമാര്‍ ശ്രദ്ധിക്കണം.

ശാരീരിക അകലം- സാമൂഹിക ഒരുമ എന്ന നമ്മുടെ മുദ്രാവാക്യം പൊതുവെ ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആദ്യം മാതൃക കാണിക്കേണ്ടത് ജനപ്രതിനിധികളായ നമ്മളാണ്. മാസ്‌ക് ധരിക്കുക പ്രധാനമാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താനാകണം. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള ജാഗ്രത കാണിക്കണം.

കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഡയാലിസിസിനും വിധേയമായവര്‍ എന്നിവര്‍ക്ക് മരുന്ന് ലഭ്യത ഉറപ്പാക്കണം. മണ്ഡലത്തില്‍ ഇത്തരക്കാരെ കണ്ടെത്തി ആവശ്യമായ സഹായം ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് സാധിക്കണം. സാമൂഹിക സന്നദ്ധ സേനയില്‍ 2.38 ലക്ഷം വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു.

വേനല്‍കാലമായതിനാല്‍ കുടിവെള്ള പ്രശ്നം പലയിടത്തും രൂക്ഷമാണ്. വെള്ളം ദുരുപയോഗിക്കരുത്. പുനരുപയോഗവും ശീലിക്കണം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനാകണം. വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും രോഗബാധയുണ്ടാവാതെ ശ്രദ്ധിക്കണം. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകണം. ആവശ്യമായ ശാരീരിക അകലം പാലിച്ച് കാര്‍ഷികവൃത്തി ചെയ്യാന്‍ സഹായകമായ നിലപാട് എംഎല്‍എമാര്‍ സ്വീകരിക്കണം.

മാലിന്യ സംസ്‌കരണം ഉറപ്പാക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുഗമമായ പ്രവര്‍ത്തനത്തിന് സാഹചര്യമൊരുക്കണം. സ്വകാര്യ ആശുപത്രികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇടപെടണം. റേഷന്‍ വിതരണത്തില്‍ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. പോലീസിനും ഫയര്‍ ഫോഴ്‌സിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കണം. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. ഇവിടെ അഞ്ചുപേരില്‍ കൂടാന്‍ പാടില്ലെന്ന പൊതുവായ നില സ്വീകരിക്കാന്‍ കഴിയണം. ദൃശ്യങ്ങള്‍ ഓണ്‍ലൈനായി നല്‍കാന്‍ ക്രമീകരണം വരുത്താവുന്നതാണ്.

മനുഷ്യരുടെ യാത്രയ്ക്കു മാത്രമാണ് വിലക്ക്. ഇന്നത്തെ നിലയ്ക്ക് സംസ്ഥാനം വിട്ടുപോകാനും അകത്തുവരാനും ആര്‍ക്കും പറ്റില്ല. ചരക്കുഗതഗതം നടക്കണമെന്നത് രാജ്യം പൊതുവെ അംഗീകരിച്ചതാണ്. അതില്‍ നിന്ന് വ്യത്യസ്തമായി കര്‍ണാടകം റോഡില്‍ മണ്ണിട്ട് തടസ്സപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ നമുക്ക് കാത്തിരിക്കാം. ലോക്ഡൗണ്‍ കാലത്ത് തൊഴിലും വ്യാപാരവും നടക്കാതെ സമൂഹം പ്രതിസന്ധിയിലാണ്. നാടിനെ തകര്‍ച്ചിയില്ലാതെ നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രാദേശിക ഇടപെടല്‍ എംഎല്‍എമാരുടെ ഭാഗത്തുനിന്നുണ്ടാകണം.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവ ചെറുക്കാന്‍ മുന്‍പന്തിയിലുണ്ടാകണം. പ്രവാസികള്‍ക്ക് ഭക്ഷണം, ചികിത്സാസൗകര്യം എന്നിവ ഉറപ്പുവരുത്താന്‍ നോര്‍ക്ക വഴി ശ്രമിക്കുന്നുണ്ട്. നാട്ടിലുള്ള കുടുംബാംഗങ്ങളെ കുറിച്ച് അവര്‍ ആശങ്കപെടാതിരിക്കാനുള്ള ഇടപെടലുണ്ടാകണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. നല്ല പ്രതികരണമാണ് ഇതിനോട് പൊതുവില്‍ ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെ പിന്തുണ ഉണ്ടാകണം.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് വാഹനം ലഭ്യമാക്കും. എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്ന കാര്യം ധനവകുപ്പുമായി ആലോചിച്ച് പരിശോധിക്കും.  മറ്റ് ക്ഷേമ  ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച 1000 രൂപ എത്രയും പെട്ടെന്ന് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. എം കെ മുനീര്‍, എസ് ശര്‍മ്മ, മാത്യു ടി തോമസ്, മാണി സി കാപ്പന്‍, കെ ബി ഗണേശ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി ജെ ജോസഫ്, അനൂപ് ജേക്കബ്, ഒ രാജഗോപാല്‍, പി സി ജോര്‍ജ് തുടങ്ങിയവർ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top