14 July Tuesday

സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയില്‍ സമൂല മാറ്റമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

തിരുവനന്തപുരം> കേരളത്തിലെ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയില്‍ സമൂല മാറ്റമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലകളില്‍ പുതിയ ചുമതലകള്‍ നല്‍കുമ്പോള്‍ സീനിയോറിറ്റിക്കൊപ്പം കഴിവും മാനദണ്ഡമാക്കണം. സര്‍വകലാശാലകളിലെ ഉന്നത സമിതികള്‍ അക്കാഡമിക് കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.

സര്‍വീസ് കാര്യങ്ങള്‍ അതു കഴിഞ്ഞേ വരേണ്ടതുള്ളൂ. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. മാറ്റങ്ങള്‍ക്ക് അധ്യാപകരും തയ്യാറാവണം. കേരളത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കുന്നുണ്ട്. ഇവര്‍ക്ക് ഇവിടെത്തന്നെ പഠിക്കാനുള്ള സൗകര്യം ഒരുക്കാനാവണം. അതോടൊപ്പം വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നമ്മുടെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കാനും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സര്‍വകലാശാല മറ്റൊരു സര്‍വകലാശാലയുമായി ചേര്‍ന്നുള്ള പഠനവും ആശയവിനിമയവും സാധ്യമാകണം. വ്യവസായരംഗവുമായി ചേര്‍ന്നുള്ള പഠനരീതി നേരത്തെ സാങ്കേതിക സര്‍വകലാശാലയില്‍ നടപ്പാക്കാന്‍ നടപടി തുടങ്ങിയിരുന്നതായി അദ്ദേഹം പറഞ്ഞു.

കോവിഡ്19 എന്ന വലിയ ദുരന്തത്തെയാണ് നേരിടേണ്ടി വന്നതെങ്കിലും ഇതിനെ ഒരു അവസരമായി കാണണം. ചില രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന വ്യവസായങ്ങള്‍ പല സ്ഥലങ്ങളിലേക്ക് പോവുന്ന സ്ഥിതിയാണ്. കോവിഡ് കാലത്തെ കേരളം ലോകത്തിന്റെയാകെ ശ്രദ്ധനേടി. നേരത്തെ കേരളത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത രാജ്യങ്ങള്‍ പോലും അറിഞ്ഞു. ഈ അവസരം നാം പ്രയോജനപ്പെടുത്തണം. ലോകത്തിന്റെ പല ഭാഗത്തുനിന്നും വ്യവസായങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് അനുകൂല സാഹചര്യമില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ വ്യവസായം നടത്തുന്നവരെല്ലാം തങ്ങള്‍ക്ക് ഇവിടെ ദുരനുഭവം ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.

കോവിഡ് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരമൊരു സ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രധാനമാണ്. സംസ്ഥാനങ്ങള്‍ സംതൃപ്തമായിരിക്കണം എന്ന ചിന്ത കേന്ദ്രം ചില ഘട്ടങ്ങളില്‍ മറന്നു പോകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാപരിധി കേന്ദ്രം ഉയര്‍ത്തിയെങ്കിലും ചില വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്. ഇവ പിന്‍വലിക്കണം. ലോകബാങ്ക് ഉള്‍പ്പെടെ നല്‍കുന്ന വായ്പകളെ ഈ പരിധിയില്‍ കണക്കാക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രാദേശിക ആരോഗ്യ സംവിധാനം ഫലപ്രദമായതാണ് കോവിഡിനെ നേരിടുന്നതില്‍ കേരളം വിജയിക്കാന്‍ പ്രധാന കാരണം. ആരോഗ്യസ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞ നാളുകളില്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ജനങ്ങളുടെ സഹകരണവും തദ്ദേശസ്ഥാപനങ്ങളുടെ ഫലപ്രദമായ പ്രവര്‍ത്തനവും കോവിഡിനെ നേരിടുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ ഗവേഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുകഴിയുമെന്നാണ് വിശ്വാസം. ആയുര്‍വേദ രംഗത്തെ ഗവേഷണം ഒരു ഘട്ടത്തില്‍ നിന്നുപോയി. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയാണ്. ഇവിടെ ഗവേഷണത്തിനും പ്രാധാന്യം നല്‍കും. കോവിഡാനന്തര കാലഘട്ടത്തില്‍ ഭക്ഷ്യസ്വയംപര്യാപ്തത മുന്നില്‍ കണ്ടാണ് വിപുലമായ കാര്‍ഷിക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്തര്‍ദ്ദേശീയ ഫാക്കല്‍റ്റിയെ കേരളത്തിലേക്ക് ആകര്‍ഷിക്കണമെന്നും വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ പുതിയ കോഴ്സുകള്‍ ആരംഭിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എം. ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബുതോമസ് പറഞ്ഞു. അന്തര്‍ദ്ദേശീയ തലത്തില്‍ കേരളത്തിന് ഇപ്പോള്‍ ലഭിച്ച നല്ല പേര് ശരിയായി പ്രയോജനപ്പെടുത്താനാവണം. ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ട ഊര്‍ജം അടുത്ത അഞ്ച് വര്‍ഷം നിലനിര്‍ത്തിയാല്‍ വലിയ മാറ്റം സാധ്യമാകുമെന്ന് കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധനും അമേരിക്കയിലെ സിഡ്നി കിമ്മല്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറുമായ ഡോ. എം. വി. പിള്ള പറഞ്ഞു. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികതലത്തില്‍ നടപ്പാക്കുകയും ചെയ്തതാണ് ആരോഗ്യ രംഗത്ത് കേരളത്തിന്റെ വിജയത്തിന് ആധാരം. കോവിഡാനന്തരകാലത്ത് ഡിജിറ്റല്‍ ആരോഗ്യ സാധ്യതകള്‍ കേരളം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയവ്യവസായങ്ങളെ ആകര്‍ഷിക്കുമ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കുന്ന ക്ളസ്റ്റര്‍ സംസ്ഥാനത്ത് രൂപീകരിക്കാവുന്നതാണെന്നും ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം തിരുവനന്തപുരമാണെന്നും ടെറുമോ പെന്‍പോള്‍ മുന്‍ എം.ഡിയുമായ സി. പത്മകുമാര്‍ പറഞ്ഞു. ലോകത്തെ പ്രമുഖമായ 50 കമ്പനികളെങ്കിലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് കൂടുതല്‍ കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

|കേരളം സര്‍വീസ് മേഖലയിലെ വരുമാന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസര്‍ അനിതകുമാരി പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തില്‍ കേരളം ഹൈടെക് കൃഷിരീതികളിലേക്ക് പോകണമെന്നും അനിതകുമാരി അഭിപ്രായപ്പെട്ടു. ജോണ്‍ ബ്രിട്ടാസായിരുന്നു പരിപാടിയുടെ അവതാരകന്‍. പരിപാടി ഞായറാഴ്ച രാത്രി ചാനലുകളില്‍ സംപ്രേഷണം ചെയ്യും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top