25 May Saturday

വിലമതിക്കാനാവാത്ത സേവനം നല്‍കിയ സൈനികര്‍ക്ക് സ്വീകരണം നല്‍കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

തിരുവനന്തപുരം > പ്രളയദുരന്തത്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മടങ്ങാനൊരുങ്ങുന്ന വിവിധ സേനാവിഭാഗങ്ങളുടെ സേവനം വിലമതിക്കാനാകാത്ത ഒന്നായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം മറികടക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സേനകള്‍ ജനകീയമായ സേനയായി മാറുന്ന അനുഭവങ്ങളാണ് ഈ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഉണ്ടായത്. അവരുടെ മനുഷ്യസ്‌നേഹത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ കേരളജനത നേരിട്ടു കണ്ടതാണ്.

മനുഷ്യസാധ്യമായ എല്ലാ ശേഷികളും ഉപയോഗിച്ചുകൊണ്ട് ഇവര്‍ നടത്തിയ സേവനത്തിന് കേരളത്തിന്റെ നന്ദിയും സ്‌നേഹവായ്പും പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനായി 26ാം തീയതി വൈകുന്നേരം മസ്‌ക്കറ്റ് ഹോട്ടലില്‍ സേനാവിഭാഗങ്ങള്‍ക്ക് കേരളത്തിന്റെ ഹൃദയത്തില്‍നിന്നുള്ള അഭിവാദ്യങ്ങളായി യാത്രയയപ്പ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് ആരേയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഇത് കാണിക്കുന്നത് ആദ്യഘട്ടത്തിന്റെ വിജയകരമായ പൂര്‍ത്തീകരണമാണ്. ക്യാമ്പുകളില്‍ ചെറിയ അസൗകര്യങ്ങള്‍ പോലും പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചുമതലപ്പെട്ടവരുടെ നേതൃത്വത്തില്‍ ജനങ്ങളുടെയാകെ സഹായം നേടിക്കൊണ്ട് അവ മുന്നോട്ടുനീങ്ങുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 3527 ക്യാമ്പുകളാണ് നിലനില്‍ക്കുന്നത്. രണ്ടുലക്ഷത്തി മുപ്പത്തിയേഴായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് (2,37,991) കുടുംബങ്ങളില്‍ നിന്നായി പതിമൂന്ന് ലക്ഷത്തി നാല്‍പ്പത്തിമൂവായിരത്തി നാന്നൂറ്റി നാല്‍പ്പത്തിയേഴ് (13,43,447) അംഗങ്ങളാണുള്ളത്.

ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും പ്രാഥമിക സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികള്‍ നല്ല നിലയില്‍ തന്നെ പുരോഗമിച്ചുവരികയാണ്. യുവാക്കളും യുവതികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഇവരെ പ്രാദേശികമായി വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും ആരോഗ്യപ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സംവിധാനവും സജീവമായിത്തന്നെ പ്രവര്‍ത്തനരംഗത്തുണ്ട്. ഇത്തരത്തില്‍ കൂട്ടായ്മയുടേയും മനുഷ്യസ്‌നേഹത്തിന്റെയും കാഴ്ചപ്പാടുകളില്‍ അടിയുറച്ചുനിന്നുകൊണ്ട് ദുരിതബാധിത പ്രദേശങ്ങളില്‍ ഇടപെടുന്ന സ്ഥിതിയാണുള്ളത്. ഈ കൂട്ടായ്മ പ്രതിസന്ധികളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസം നാട്ടിലാകമാനം ഉണ്ടായിക്കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ ആരോഗ്യകാര്യം ശ്രദ്ധിക്കണം

രക്ഷാദൗത്യത്തില്‍ സജീവമായി പങ്കെടുത്ത് വീടുകളിലേക്ക് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരുണ്ട്. ഇത്തരം ദൗത്യത്തിലേര്‍പ്പെടുമ്പോള്‍ പലവിധത്തിലുള്ള ജലജന്യരോഗങ്ങള്‍ വരുന്നതിനുള്ള നേരിയ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അതു സംബന്ധിച്ച വൈദ്യപരിശോധനയ്‌ക്ക് വിധേയമാകുന്നതിനും ശ്രദ്ധിക്കണം.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top