25 August Sunday

പൊലീസിലെ ഒരു വിഭാഗത്തിന്റെ ചെറിയ പിഴവുപോലും പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Jul 16, 2019

തിരുവനന്തപുരം> പൊലീസിലെ ഒരു വിഭാഗത്തിനു പറ്റിയ ചെറിയ പിഴവ‌് പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. അവ തിരുത്തി മുന്നോട്ടുപോകാനും പൊതുജനക്ഷേമം മുൻനിർത്തി ആവശ്യമായ ഇടപെടലുകൾ നടത്താനും ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് അദ്ദേഹം നിർദേശിച്ചു. ക്രമസമാധാനച്ചുമതല വഹിക്കുന്ന ഡിവൈഎസ്‌പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് പൊലീസ് ട്രെയ‌്നിങ് കോളേജിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്കപ്പുമർദനവും അനധികൃതമായി ആളുകളെ കസ്റ്റഡിയിൽ വയ്ക്കുന്നതും വച്ചുപൊറുപ്പിക്കില്ല.   ഇത്തരം തെറ്റുകൾ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. അവരെ സർവീസിൽനിന്ന് പുറത്താക്കും. പൊലീസിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക താൽപ്പര്യം പ്രകടിപ്പിക്കണം. ജില്ലാ പൊലീസ്  മേധാവിമാർ സ്റ്റേഷനുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. ഗൗരവമേറിയ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കണം.

വർഗീയശക്തികൾക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയണം.  രാഷ്ട്രീയ പ്രശ്നങ്ങളോട് തികച്ചും നിഷ‌്പക്ഷ മായ നിലപാടു സ്വീകരിക്കണം.  പൊലീസ‌്സ്റ്റേഷനുകൾ പ്രൊഫഷണലായ രീതിയിൽ പൊതുജന നന്മയ‌്ക്കായി പ്രവർത്തിക്കണം. ഇൻസ്പെക്ടർമാർ  സ്റ്റേഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണം.  പരാതിയുമായി എത്തുന്നവരോടു നന്നായി പെരുമാറണം. പരാതികൾക്ക് രസീത് നൽകണം.  പരാതിക്കാരെ വിശദമായി കേട്ട് വിവരങ്ങൾ അന്വേഷിച്ച് എത്രയുംപെട്ടെന്ന് നടപടി സ്വീകരിക്കണം.

പൊലീസിൽ ആധുനീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നവമാധ്യമങ്ങൾ വഴിയും മറ്റുമുള്ള ഭീഷണികൾ നേരിടാൻ സി ഡാക്കിന്റെ മാതൃകയിൽ ഒരു ഏജൻസിക്ക് തുടക്കംകുറിക്കും.  സാങ്കേതിക യോഗ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം അതത് മേഖലയിൽ വിനിയോഗിക്കുന്നതിനു നടപടി സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ  ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ എന്നിവരും പങ്കെടുത്തു. സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ അതത് ജില്ലയിൽനിന്ന് വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തു.

മികച്ച പൊലീസ‌് സ‌്റ്റേഷനുകൾക്കുള്ള അവാർഡും മുഖ്യമന്ത്രി സമ്മാനിച്ചു. ചാലക്കുടി പൊലീസ‌് സ‌്റ്റേഷന‌് ഒന്നാംസ്ഥാനവും ചേർത്തല സ‌്റ്റേഷന‌് രണ്ടാം സ്ഥാനവും തിരുവനന്തപുരം ഫോർട്ട‌് സ‌്റ്റേഷന‌് മൂന്നാംസ്ഥാനവും ലഭിച്ചു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top