20 August Tuesday

രാജ്യം പ്രതിസന്ധിയിലാകുമ്പോൾ കോൺഗ്രസിന് നാഥനില്ലാത്തത് ഏറെ അപഹാസ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

തിരുവനന്തപുരം> ബിജെപിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഐ എം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോൾ നടക്കുന്നത്. എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ല. പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപി സർക്കാർ അധികാരത്തിലുണ്ട് എന്നതുകൊണ്ട് സംഘപരിവാർ രാജ്യത്ത് അഴിഞ്ഞാടുന്ന സ്ഥിതിയാണുള്ളത്. ഇടതുപക്ഷം എല്ലാ ഘട്ടത്തിലും അതിനെ എതിർക്കുന്ന സ്ഥിതിയുണ്ട്. എന്നാൽ മതനിരപക്ഷത പറയുന്നവർ അതിനെ എതിർക്കാൻ തയ്യാറാകുന്നില്ല. പ്രധാന പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന സർക്കാറുകളൂം രാജ്യത്തുണ്ട്.

മധ്യപ്രദേശ് പ്രധാന സംസ്ഥാനമാണ്. കോൺഗ്രസ് ആണ് ഭരിക്കുന്നത്. അവിടെയാണ് പശുവിനെ കടത്തിയെന്ന പേരിൽ ദേശസുരക്ഷാ നിയമം ഉപയോഗിച്ചത്. ബിജെപി സർക്കാരിന്റെ വഴിയെത്തന്നെ കോൺഗ്രസ് സർക്കാർ മാറാൻ കഴിയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല.

ഇവരാണോ രാജ്യത്തിനുവേണ്ടി സംഭാവന ചെയ്യാൻ പോകുന്നതെന്ന ആശങ്ക പലർക്കുമുണ്ട്. ഏറെ അപഹാസ്യമായ നിലയിലാണ് ഇന്ന് കോൺഗ്രസ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി എന്ന നിലയിൽ ഫലപ്രദമായി പ്രവർത്തികേണ്ട ഘട്ടത്തിൽ അതിനു നേതൃത്വം കൊടുക്കേണ്ടത് ആരെന്ന് അറിയാത്ത സ്ഥിതി. രാജ്യത്ത് കോൺഗ്രസ്സിനെപ്പോലെ ഒരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുള്ളതല്ല. രാജ്യം നേരിടുന്ന ഗൗരവ അവസ്ഥ കാണാനും അതിനെ നേരിടാനും തയ്യാറാകണം കോൺഗ്രസ്. എന്നാൽ അതിനു തയ്യാറാകുന്നില്ല.

പല സ്ഥാനത്തേക്കും കരുതിയവരെല്ലാം എല്ലാം കയ്യൊഴിഞ്ഞ് പോകുന്ന സ്ഥിതി. ജയിക്കുമ്പോൾ മാത്രമല്ല പ്രതിസന്ധിയിലും പാർട്ടിയെ നയിക്കാൻ കഴിയണം. ബിജെപിക്ക് ആളെ കൊടുക്കുന്ന പണിയാണെന്ന് കോൺഗ്രസ്സിനെന്ന് ഞങ്ങൾ പറഞ്ഞത് ഇപ്പോൾ ശരിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രബജറ്റിൽ കേരളത്തെ എൻഡിഎ സർക്കാർ അവഗണിച്ചെന്നും പിണറായി ആരോപിച്ചു. പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് കേന്ദ്ര ബജറ്റിൽ ഒരു പൈസ മാറ്റി വച്ചില്ല. കേരളത്തിന് സ്വന്തമായി എയിംസ് വേണമെന്നത് വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇതും പരിഗണിച്ചില്ല. എല്ലാ മേഖലകളിലും കേരളത്തിന് അവഗണന മാത്രമാണ്. അർഹമായ സഹായം കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയേ തീരൂ - മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top