12 August Friday

കോൺഗ്രസ്‌ മുഴക്കുന്നത്‌ 
ബിജെപിയുടെ ശബ്ദം ; പ്രതിപക്ഷ നേതാവ്‌ കണ്ണുകെട്ടിയ നിലയിൽ ; അപകീർത്തിപ്പെടുത്താൻ 
എന്തും പറയരുത്‌ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

തിരുവനന്തപുരം
ജനം തള്ളിയ സ്വർണക്കടത്ത്‌ കേസ്‌ ആവർത്തിച്ച്‌ ഉന്നയിക്കുക വഴി സംഘപരിവാർ ചെല്ലും ചെലവും കൊടുക്കുന്നവരുടെ വാക്കുകൾക്ക്‌ നിയമസഭയിൽ മുഴക്കം നൽകുകയാണ്‌ പ്രതിപക്ഷമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ശബ്ദം മുഴക്കാൻ സഭയിൽ മുമ്പുണ്ടായിരുന്ന ബിജെപി  അംഗത്തിന്റെ കുറവ് നികത്തുകയാണ്‌ യുഡിഎഫ്‌. കോൺഗ്രസ് തകർന്നടിഞ്ഞാലും കൂറുള്ളവരെ സംരക്ഷിക്കുന്നവരാണ്‌ സംഘപരിവാർ എന്ന്‌ ചിലർ ആശ്വസിക്കുന്നുണ്ടാകും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയ്ക്ക്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സ്വർണം കൊടുത്തയച്ചതാര്, സ്വർണം കിട്ടിയതാർക്ക് തുടങ്ങി കേന്ദ്രത്തിന്‌  അപ്രിയമാകുന്ന ഒരു ചോദ്യവും പ്രതിപക്ഷം ഉന്നയിക്കില്ല. പ്രതിയായ വനിതയ്ക്ക്‌ സംഘപരിവാർ ഏജൻസിയിൽ ജോലി ലഭിച്ചതോ, കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്നു പറഞ്ഞതോ, സംഘപരിവാർ സ്ഥാപനത്തിന്റെ അഭിഭാഷകനെ കിട്ടിയതോ ഒന്നും കോൺഗ്രസിന്‌ അറിയണ്ട. ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ മുൻ കോൺഗ്രസ് നേതാവുകൂടിയായ ബിജെപി നേതാവായതെങ്ങനെ? ആ സ്ഥാപനത്തിന്റെ ലെറ്റർ ഹെഡിൽ  പ്രധാനമന്ത്രിക്ക് കത്തയച്ചതെങ്ങനെ. കൂട്ടുകച്ചവടമാണിത്‌. തീയില്ലാതെയുള്ള പുകയാണ് ഇവരുണ്ടാക്കുന്ന പുകിൽ എന്നതു വെളിവാകും. മുൻ മൊഴികൾ പൊടിപ്പും തൊങ്ങലും ചേർത്ത് 164 എന്ന നിലയിൽ അവതരിപ്പിച്ച്‌  ഉള്ളടക്കം വെളിവാക്കുന്നതിൽ രാഷ്ട്രീയ ഗൂഢോദ്ദേശ്യമാണുള്ളത്. രാഹുൽ ഗാന്ധിയെ ശ്വാസം വിടാൻ അനുവദിക്കാതെ ചോദ്യം ചെയുന്ന ഇഡി അവിടെ കോൺഗ്രസിന്‌ വൈരനിര്യാതനം. ഇവിടെ ഏജൻസികൾക്കും കള്ളക്കടത്തു കേസ് പ്രതിക്കും ഇല്ലാത്ത വിശ്വാസ്യത ചാർത്താൻ ശ്രമിക്കുന്നു–- മുഖ്യമന്ത്രി പറഞ്ഞു.

അപകീർത്തിപ്പെടുത്താൻ 
എന്തും പറയരുത്‌
ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയാമെന്ന സ്ഥിതിയുണ്ടാകരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരാവസ്ഥ പ്രമേയ ചർച്ചയ്‌ക്കിടെ കോൺഗ്രസിലെ മാത്യു കുഴൽനാടന്റെ പരാമർശങ്ങൾക്ക്‌ മറുപടിയായാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌. ചർച്ചയ്‌ക്കിടെ തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാൻ ഒരുപാടുപേർ ശ്രമിച്ചിട്ടുണ്ട്‌. എന്തും തട്ടിവിടാമെന്ന മട്ടിലാണ്‌ മാത്യു കുഴൽനാടൻ കാര്യങ്ങൾ അവതരിപ്പിച്ചത്‌.

മകളെക്കുറിച്ച്‌ പറഞ്ഞാൽ കിടുങ്ങി പോകുമെന്നാണോ കരുതിയെന്ന്‌ ചോദിച്ച മുഖ്യമന്ത്രി, പച്ചക്കള്ളമാണ്‌ പ്രതിപക്ഷാംഗം പറഞ്ഞതെന്നും വ്യക്തമാക്കി. പ്രൈസ്‌ വാട്ടർ കൂപ്പേഴ്‌സ്‌ ഡയറക്ടർ മുഖ്യമന്ത്രിയുടെ മകളുടെ മെന്ററാണെന്ന്‌  കമ്പനി വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരുന്നെന്ന്‌ കുഴൽനാടൻ ചർച്ചയ്‌ക്കിടെ ആക്ഷേപിച്ചിരുന്നു. സത്യവിരുദ്ധമായ കാര്യങ്ങൾ പറയാമെന്നു കരുതിയാൽ അത്‌ മനസ്സിൽവച്ചാൽ മതി. തെറ്റുണ്ടെങ്കിൽ അതാണ്‌ പറയേണ്ടതെന്നും വീട്ടിലുള്ളവരെ ആക്ഷേപിക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ കണ്ണുകെട്ടിയ നിലയിൽ
കാര്യങ്ങളെ ശരിയായരീതിയിൽ കാണാൻ കഴിയാത്തവിധം കണ്ണുകെട്ടിയ നിലയിലാണ് പ്രതിപക്ഷ നേതാവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത്‌ വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ്‌ എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയക്കു വേണ്ട സഹായം നൽകിയില്ലെന്ന്‌ ഓർമിപ്പിച്ച മുഖ്യമന്ത്രിയെ സതീശൻ കൂപമണ്ഡൂകമെന്ന്‌ വിളിച്ചാക്ഷേപിച്ചിരുന്നു. ഇതിനെതിരായ പ്രതിഷേധം അടിയന്തരപ്രമേയ ചർച്ചയിലുമുയർന്നു.

സാകിയയെ നേരിൽ കണ്ടില്ലെന്ന്‌ ആരോപിച്ചത്‌ ഗുജറാത്ത്‌ മുൻ ഡിജിപി ആർ ബി ശ്രീകുമാറാണ്‌.  കലാപത്തിന്‌ ഇരയായ കോൺഗ്രസ്‌ കുടുംബത്തെ സമാശ്വസിപ്പിക്കാൻ പോയില്ലെന്നും നിയമസഹായം ഒരുക്കിയില്ലെന്നുമാണ്‌ താനുന്നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോണിയ ആഗ്രഹം പ്രകടിപ്പിച്ചത്‌ അനുസരിച്ചാണ്‌ സാകിയയെ അഹമ്മദ്‌ പട്ടേൽ അവർ താമസിക്കുന്ന സ്ഥലത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയതെന്നായിരുന്നു സതീശന്റെ വിശദീകരണം. സാകിയയെ സന്ദർശിക്കുന്നത്‌ ഭൂരിപക്ഷ സമുദായത്തെ കോൺഗ്രസിൽനിന്ന്‌ അകറ്റുമെന്ന്‌ ഉപദേശകർ പറഞ്ഞെന്നാണ്‌ അന്നത്തെ വാർത്തകൾ. മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടതോടെ പ്രതിപക്ഷം ബഹളംകൂട്ടി മറുപടി തടസ്സപ്പെടുത്താൻ ശ്രമിച്ചു.

മുൻ എംപിയുടെ വിധവയെ പാർടി അധ്യക്ഷ കണ്ടത്‌ ദേശീയ തലത്തിൽ വലിയ വാർത്തയാകേണ്ടതല്ലേയെന്നും നാഷണൽ ഹെറാൾഡിൽ ഇല്ലെങ്കിലും ഇവിടെ വീക്ഷണത്തിൽപ്പോലും വന്നില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷത്തിന്‌ പിൻവാങ്ങേണ്ടിവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top