24 January Thursday

കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

തിരുവനന്തപുരം > പ്രളയത്തിൽ തകർന്ന കേരളത്തെ കൂടുതൽ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പ്രളയത്തിൽ തകർന്ന കേരളമല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമാണ് ഇതെന്ന് ചരിത്രത്തിൽ സ്ഥാനംപിടിക്കുന്നവിധം നമുക്ക് മുന്നേറണം. അതിന് നമ്മുടെ ഐക്യവും യോജിപ്പുമാണ് പ്രധാനം. അതാണ് അതിജീവനത്തിൻറെ അടിസ്ഥാനപാഠമെന്നതാണ് സർക്കാർ നിലപാട്. ആ നിലപാടിനൊപ്പം കേരളവും ഇന്ത്യയും മാത്രമല്ല, ലോകവും സഹകരിക്കുന്നുവെന്നത് വമ്പിച്ച ആത്മവിശ്വാസമാണ് സർക്കാരിന് നൽകുന്നത്. ഐക്യത്തോടെ നിന്ന് അതിജീവിക്കുക എന്നതാണ് സർക്കാരിന്റെ  കാഴ്‌ചപ്പാട്. ദുരന്തത്തെ എങ്ങിനെ അതിജീവിക്കും എന്നതിന‌് ലോകത്തിനുള്ള പാഠമാകണം കേരളം. നമുക്കതിന‌് കഴിയും.

വിവിധ മേഖലകളിൽ നിന്ന് സർക്കാരിന് വലിയ തോതിൽ സഹായം ലഭിക്കുന്നുണ്ട്. ലോകത്തെ വിവിധ ജനസമൂഹം സഹായവും പിന്തുണയുമായി രംഗത്തുണ്ട്. വിഭവസമാഹരണത്തിനൊപ്പം ഇവയെല്ലാം ചേരുമ്പോൾ ദുരന്തം മറികടക്കാനുള്ള സാമ്പത്തിക അടിത്തറ ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിവിധ തരത്തിലുള്ള സഹായവുമായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ വന്നുകൊണ്ടിരിക്കുകയാണ്. തിരുവോണ നാളിലും ഈ പ്രവാഹത്തിന് കുറവുണ്ടായില്ല. നമ്മുടെ ഐക്യത്തിന്റെയും യോജിപ്പിന്റയും പ്രതീകമായി ഇത് മാറിക്കൊണ്ടിരിക്കുന്നു. നഴ്‌സറി കുട്ടികൾ മുതൽ മുതിർന്ന പൗരൻമാർ വരെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ മുന്നോട്ടു വരുന്നു. എല്ലാവർക്കും പങ്കാളിത്തം ലഭിക്കുന്ന ഒരു കർമ്മ പരിപാടിക്ക് സർക്കാർ രൂപം നൽകും. ഒരോ കേരളീയനും നാടിനെ സംരക്ഷിക്കുന്നതിന് ഇറങ്ങേണ്ടതുണ്ട് എന്ന പൊതുബോധം വളർന്നുവന്നിട്ടുണ്ട് എന്നതാണ് ഇതിനെ മറികടക്കാനാകും എന്ന ആത്മവിശ്വാസം സർക്കാരിന് പ്രദാനം ചെയ്യുന്നത്.

കേരളത്തിന്റെ പുനർനിർമാണത്തിനായി സുപ്രീം കോടതി ജഡ്ജിമാർ ഡൽഹിയിൽ ഒരുമിച്ച് ഫണ്ട് ശേഖരണം നടത്തി. ഇത്തരം ഇടപെടൽ  ശ്‌ളാഘനീയമാണ്. കേരളത്തിന്റെ ദുരിതത്തിൽ ഒരോരുത്തരും പതിവ് രീതികൾ വെടിഞ്ഞ് നമ്മുടെ പ്രശ്നങ്ങളെ സ്വന്തം ഹൃദയത്തിൽ ഏറ്റെടുത്ത് മുന്നോട്ടുവരുന്നുവെന്നത് പുനർനിർമ്മാണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്  വാനോളം ഉയരുന്ന പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനത്തിന് ഇത്  പ്രചോദനം നൽകുന്നു.

സംസ്ഥാനത്തിന് പുറത്തുള്ള മാധ്യമ സുഹൃത്തുക്കളും സഹായം നൽകുന്നതിനായുള്ള ദൗത്യമേറ്റെടുത്തുവെന്നതും സന്തോഷകരമാണ്. എൻഡിടിവി, ന്യൂസ് 18 ൻറെ വിവിധ ചാനലുകൾ തുടങ്ങിയവ നടത്തിയ പ്രവർത്തനങ്ങൾ ഇതാണ് കാണിക്കുന്നത്. പുനർനിർമ്മാണത്തെ സംബന്ധിച്ച് മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾ അഭിനന്ദനം അർഹിക്കുന്നു.  സമൂഹത്തിൻറെ വിവിധ കോണുകളിൽ നിന്ന് ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും പുനർനിർമ്മാണ പ്രവർത്തനത്തെ സംബന്ധിച്ച രൂപരേഖ സർക്കാർ തയ്യാറാക്കുക.

കേരളത്തിന്റെ വികസനത്തിനായി പ്രവാസിമലയാളികളുടെ സഹായം കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി കണ്ടുകൊണ്ട് രൂപപ്പെടുത്തിയതാണ് ലോക കേരളസഭ. ഇതിന്റെ സാധ്യതകളെയും നമ്മുടെ പുനർനിർമ്മാണ പ്രക്രിയയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ജനജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളുടെ വൻതോതിലുള്ള പിന്തുണ ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്. ഇതിനെ വ്യവസ്ഥാപിതമാക്കി മാറ്റുന്നതിനുള്ള ഇടപെടലാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

 കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഉദാരമായ സഹകരണമാണ് ഇക്കാര്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ വിവിധ ജനസമൂഹങ്ങളും പിന്തുണയുമായി രംഗത്തുവന്നുകൊണ്ടിരിക്കുന്നു. നമ്മുടെ വിഭവസമാഹരണത്തോടൊപ്പം ഇവ കൂടി ചേരുന്നതോടെ ദുരന്തത്തെ മറികടക്കാനുള്ള സാമ്പത്തിക അടിത്തറ ഉണ്ടാക്കിയെടുക്കാനാവുമെന്നാണ് സർക്കാരിൻറെ പ്രതീക്ഷ. എളുപ്പമുള്ള കാര്യമല്ലെങ്കിലും നാം ഒന്നായി നിന്നാൽ അത് നേടിയെടുക്കാനാവും എന്നതാണ് വ്യക്തമാവുന്നതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top