25 March Saturday
എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന് സമ്മാനിച്ചു

സേതുവിന്റെ കൃതികൾ വ്യക്തികളുടെയും സമൂഹത്തിന്റെയും ധർമ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്നത്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

കൊച്ചി> വ്യക്തികളുടെയും സമൂഹത്തിന്റെയും ധർമ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന കൃതികളാണു സേതുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം2022 സേതുവിന് നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല നിലപാടുകൾ കൊണ്ടും സേതു ശ്രദ്ധേയനാണ്. കിരാതം, നനഞ്ഞ മണ്ണ്, പാണ്ഡവപുരം, അറിയാത്ത വഴികൾ, നിയോഗം, കൈമുദ്രകൾ, അടയാളങ്ങൾ തുടങ്ങിയ കൃതികളിലൊക്കെ വ്യക്തിമനസും സമൂഹമനസും പ്രതിഫലിച്ചു നിൽക്കുന്നു. ഇതിഹാസ മാനങ്ങളുള്ള കൃതിയായി പാണ്ഡവപുരം വിലയിരുത്തപ്പെടുന്നു. സമൂഹത്തെ കടഞ്ഞെടുത്ത കഥാപാത്രങ്ങളാണു സേതുവിന്റെ കൃതികളിലുള്ളത്. ഒപ്പം കാലത്തിന്റെ പ്രതിഫലനംകൊണ്ടും അവ ശ്രദ്ധേയമാകുന്നു. താൻ ജനിച്ച ചേന്ദമംഗലത്തെ ജൂതസമൂഹത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന 'മറുപിറവി' സേതുവിന്റെ കൃതികളിൽ വേറിട്ട സംസ്‌കാരത്തിന്റെകൂടി സാന്നിധ്യത്താൽ ശ്രദ്ധേയമാണ്. പഴയകാല നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളെ പുനർസൃഷ്ടിക്കുന്ന 'പെണ്ണകങ്ങൾ' അടക്കമുള്ള ഓരോ നോവലും വ്യത്യസ്ത സമീപന രീതികൊണ്ടും ആവിഷ്‌കാരം കൊണ്ടും ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളി ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തെ തന്റെ നോവലുകളിലൂടെ സേതു അടയാളപ്പെടുത്തുന്നു. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതം സർഗ്ഗാത്മക ജീവിതത്തിനു തടസമാകുന്നില്ലെന്ന് സ്വന്തം എഴുത്തിലൂടെ സ്ഥിരീകരിച്ച അപൂർവ്വംപേരേയുള്ളൂ. അവർക്കിടയിലാണു സേതുവിന്റെ സ്ഥാനം. എഴുത്തച്ഛൻ പുരസ്‌കാരം അദ്ദേഹത്തിന് ഒരേസമയം അംഗീകാരവും പ്രചോദനവുമാകട്ടെയെന്നും തുടർസംഭാവനകൾക്കുള്ള ഊർജ്ജം ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

സാഹിത്യ രംഗത്തെ മികവുറ്റ സംഭാവനകൾക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. തുക കണക്കാക്കിയാൽ കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. ഭാഷാപിതാവായ എഴുത്തച്ഛന്റെ നാമധേയത്തിലുള്ളതാണ് ഈ പുരസ്‌കാരം എന്നതാണ് ഇതിന്റെ മഹത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ മഹത്വത്തിനു നിരക്കുന്ന വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്‌കാരം നൽകാറുള്ളത്. ഭാഷയ്ക്കൊരു ക്രമമുണ്ടാക്കി ഭാഷയെ നവീകരിച്ചു എഴുത്തച്ഛൻ. കൂടാതെ ഉച്ചനീചത്വങ്ങൾക്കെതിരായ ചിന്തകൾ, സമൂഹമനസ്സിൽ പടർത്താൻ സാഹിത്യത്തെ അദ്ദേഹം ഉപയോഗിച്ചു.

എഴുത്തച്ഛന്റെ രാമായണ രചനയ്ക്കു പിന്നിൽ വ്യക്തിയെ പ്രതീകമായി മനസ്സിൽ സ്ഥാപിക്കുക എന്നതായിരുന്നില്ല. മറിച്ച് ചില മൂല്യങ്ങളുടെ വെളിച്ചം സമൂഹമനസിന്റെ ഇരുളടഞ്ഞ കോണുകളിൽവരെ പ്രസരിപ്പിക്കുക എന്നതായിരുന്നു. രാമായണം വെറുതേ സംസ്‌കൃതത്തിൽനിന്നു പകർത്തിവയ്ക്കുകയല്ല, മാനുഷികവും സാമൂഹികവുമായ മൂല്യസത്തകളെ ഉൾച്ചേർത്തു പുനരവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആ നിലയ്ക്കുള്ള സ്വാതന്ത്ര്യം എഴുത്തച്ഛൻ എടുത്തു എന്നത് അദ്ദേഹത്തിന്റെ രാമായണത്തിലൂടനീളം കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എംഎൽഎ എന്നിവർ ആശംസകൾ അർപ്പിച്ചു. ചീഫ് സെക്രട്ടറി വി പി ജോയ് പ്രശസ്തിപത്രം വായിച്ചു. സാംസ്‌കാരികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top