18 June Friday

വിജയ വഴി ; ലോകം 
അംഗീകരിച്ച 
അതിജീവന
തന്ത്രങ്ങളുടെ 
ക്യാപ്‌റ്റൻ

എൻ കെ സുജിലേഷ്‌Updated: Monday May 3, 2021


കണ്ണൂർ  
സമാനതകളില്ലാത്ത കരുതലിൽ കേരളീയരെ ചേർത്തുപിടിച്ച ജനനായകന്‌ റെക്കോഡ്‌ ഭൂരിപക്ഷത്തിലൂടെ ജന്മനാടിന്റെ സ്‌നേഹസ്‌പർശം.   പ്രതിസന്ധികൾക്കുമുന്നിൽ പ്രതിരോധത്തിന്റെ കോട്ട പണിത മുഖ്യമന്ത്രി പിണറായി വിജയന്‌ രണ്ടാംതവണയും റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമ്പോൾ ധർമടം സഫലമാക്കിയത്‌ ചരിത്രനിയോഗം. പിറന്നത്‌ പുതിയ കേരളചരിത്രം.

പ്രതിസന്ധിയുടെ തിരമാലകളിൽ പതറാതെ ജനങ്ങളിൽ ആത്മവീര്യം പകർന്ന അമരക്കാരന്‌ അനുഭവങ്ങളുടെ തെളിമയിൽനിന്നാണ്‌ നാട്‌ തുടർച്ചയേകുന്നത്‌. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ പരസ്യപ്രവർത്തനത്തിന് തുടക്കമായ പാറപ്രവും പാവങ്ങളുടെ പടത്തലവനായ എ കെ ജിക്ക് ജന്മം നൽകിയ പെരളശേരിയുമുൾപ്പെടുന്ന ധർമടം. ഇപ്പോഴിതാ, കേരളത്തിന്റെ ചരിത്രവഴികളെ ത്രസിപ്പിച്ച്‌ ഇടതുപക്ഷ തുടർഭരണം വരുമ്പോൾ അതിന്റെ നായകനെ വീണ്ടും നിയമസഭയിലെത്തിച്ചിരിക്കുന്നു.

2016-ൽ 36,905 വോട്ടിന്‌ വിജയിപ്പിച്ച പിണറായിയെ അഞ്ചുവർഷത്തിനിപ്പുറം ധർമടം 50,123 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്‌ തെരഞ്ഞെടുത്തത്‌. പാർടി നേതാവെന്ന നിലയിൽ അന്ന്‌ തെരഞ്ഞെടുപ്പിനെ നേരിട്ട പിണറായി അഞ്ചുവർഷം പിന്നിടുമ്പോൾ കേരളമെന്ന ബദലിലൂടെ ലോകം ശ്രദ്ധിക്കുന്ന നേതാവായി.  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ വിരലിലെണ്ണാവുന്ന ദിവസംമാത്രമേ മണ്ഡലത്തിൽ നിൽക്കാനായുള്ളൂവെങ്കിലും അത്രമേൽ പ്രിയപ്പെട്ട ധർമടം പിണറായിയെ സ്വയമേവ ഏറ്റെടുത്തു. കോവിഡ്‌ അടച്ചുപൂട്ടലിൽ പകച്ചുപോയ ജനതയ്‌ക്ക്‌ ആത്മവിശ്വസം പകർന്ന വൈകുന്നേരങ്ങൾ കേരളത്തിന്റെമാത്രം സവിശേഷതയായിരുന്നു. ലോകം അംഗീകരിച്ച അതിജീവനതന്ത്രങ്ങളുടെ ക്യാപ്‌റ്റന്‌ അഭിമാന വിജയം നൽകിയ ധർമടവും ചരിത്രത്തിന്റെ ഭാഗമാവുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top