28 September Wednesday
രൂക്ഷവിമർശവുമായി
 ഹൈക്കോടതി

ബോംബേറ്‌, മുഖംമൂടി ആക്രമണം ; അക്രമഹർത്താൽ

സ്വന്തം ലേഖകർUpdated: Saturday Sep 24, 2022

അയ്മനത്ത് പോപ്പുലർ ഫ്രണ്ടുകാർ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുതകർത്ത കല്ലുമായി ഡ്രൈവർ വിനോദ് / ഫോട്ടോ: എ ആർ അരുൺരാജ്

● സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ കാർ തടഞ്ഞു
● കൊല്ലത്ത്‌ പൊലീസുകാരെ  ബൈക്കിടിച്ചു വീഴ്ത്തി
● മട്ടന്നൂരിൽ ആർഎസ്‌എസ്‌ ഓഫീസിനുനേരെ ബോംബെറിഞ്ഞു
● പെട്രോൾ ബോംബുമായി രണ്ടുപേർ അറസ്റ്റിൽ
● 53 സ്വകാര്യ വാഹനം തകർത്തു
● സംക്രാന്തിയിൽ ലോട്ടറിക്കട 
തല്ലിത്തകർത്തു
● ചങ്ങനാശേരിയിൽ കല്ലേറിൽ ഡോക്ടർക്ക്‌ പരിക്കേറ്റു
● പഠനയാത്രയ്ക്ക് പോയ ബസ്‌ തകർത്തു
● പയ്യന്നൂരിൽ ഹർത്താലുകാരെ നാട്ടുകാർ 
ഓടിച്ചു
● 157 കേസ്‌ രജിസ്‌റ്റർ ചെയ്‌തു
● 170 പേരെ അറസ്‌റ്റ്‌ ചെയ്‌തു
● 368 പേർ കരുതൽ തടങ്കലിൽ
● ബസ് ജീവനക്കാർക്ക് കല്ലേറിൽ കണ്ണിന് പരിക്കേറ്റു


തിരുവനന്തപുരം
പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത്‌ ബോംബേറടക്കം വ്യാപക ആക്രമണം. കടകളും സ്ഥാപനങ്ങളും അടിച്ചുതകർത്തു. കെഎസ്‌ആർടിസി ബസുകൾക്ക്‌ നേരെ പരക്കെ കല്ലേറുണ്ടായി. 53 സ്വകാര്യ വാഹനം തകർത്തു. മുഖം മറച്ചെത്തിയവരാണ്‌ പലയിടത്തും ആക്രമണം നടത്തിയത്‌. 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കി. 157 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. ആക്രമണങ്ങൾ മാറ്റിനിർത്തിയാൽ ഹർത്താൽ ഭാഗികമായിരുന്നു. വാഹനം നിരത്തിലിറങ്ങി. വ്യാപാരസ്ഥാപനങ്ങൾ  തുറന്നു. വിദ്യാലയങ്ങൾ പ്രവർത്തിച്ചില്ല. 4890 ജീവനക്കാരുള്ള സെക്രട്ടറിയറ്റിൽ 3026 പേർ ജോലിക്കെത്തി. എൻഐഎയും ഇഡിയും റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട്‌ ഹർത്താൽ.

തിരുവനന്തപുരത്ത്‌ ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറിൽ ലോറി ഡ്രൈവർക്ക്‌ പരിക്കേറ്റു. ബാലരാമപുരത്ത്‌ ബസിനു നേരെയുള്ള കല്ലേറിൽ രണ്ടുപേർക്ക്‌ പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ  പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്ക്‌ ഗുരുതര പരിക്കേറ്റു.  കണ്ണൂർ മട്ടന്നൂരിൽ ആർഎസ്‌എസ്‌ ഓഫീസിനുനേരെ  ബോംബെറിഞ്ഞു. കല്യാശേരിയിൽ പെട്രോൾബോംബുമായി രണ്ടുപേരെ അറസ്‌റ്റുചെയ്‌തു. പയ്യന്നൂരിൽ കടയടപ്പിക്കാനെത്തിയവരെ നാട്ടുകാർ ഓടിച്ചു.

ആലപ്പുഴ കരുവാറ്റയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ കാർ അക്രമികൾ തടഞ്ഞു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ്‌ കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യാൻ ഹരിപ്പാട്ടേക്ക്‌ പോകുന്നതിനിടെയാണ്‌ സംഭവം. പൊലീസെത്തി വാഹനം കടത്തിവിട്ടു. അമ്പലപ്പുഴ വളഞ്ഞവഴിയിൽ ടാങ്കർ, ട്രെയിലർ ലോറികൾക്കുനേരെ കല്ലെറിഞ്ഞു. മാവേലിക്കരയിൽനിന്ന്‌ ടിടിസി വിദ്യാർഥികളുമായി പഠനയാത്രയ്‌ക്കു പോയ ടൂറിസ്‌റ്റ്‌ ബസിന്‌ നേരെ കലവൂരിൽ കല്ലേറുണ്ടായി. കോട്ടയം  ഈരാറ്റുപേട്ടയിൽ പൊലീസ്‌ ലാത്തിവീശി. ബസിനുനേരെയുണ്ടായ കല്ലേറിൽ ചങ്ങനാശേരി താലൂക്ക്‌ ആശുപത്രി ഡോക്ടർക്ക്‌ പരിക്കേറ്റു. സംക്രാന്തിയിലെ ലോട്ടറിക്കട തകർത്തു. അടിമാലിയിൽ  കടയടപ്പിക്കാനെത്തിയവർ അറസ്‌റ്റിലായി. കോന്നിയിൽ ഒരു ബസ്‌ യാത്രക്കാരനും പന്തളത്ത് കണ്ടക്ടർക്കും കല്ലേറിൽ കണ്ണിന് പരിക്കേറ്റു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

എറണാകുളം നെടുമ്പാശേരിയിൽ ഹോട്ടൽ തകർത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാൾക്ക്‌ പരിക്കേറ്റു. നെസ്റ്റ്‌ കമ്പനിയിലെ ജോലിക്കാരുമായി പോയ വാഹനത്തിന്റെ ചില്ലടിച്ച്‌ പൊട്ടിച്ചു. കോഴിക്കോട്‌ സിവിൽ സ്‌റ്റേഷന് മുന്നിൽ ബസിന്റെയും പുഷ്പ ജങ്‌ഷനിൽ ലോറിയുടെയും ചില്ല്‌ തർത്തു.  ഡ്രൈവർമാരുടെ കണ്ണിൽ ചില്ല്‌ തുളച്ചു. കോഴിക്കോട്‌ നാലാം ഗേറ്റ്‌ പരിസരത്ത്‌ ഏഷ്യാനെറ്റ്‌ വാർത്താ സംഘത്തിനു നേരെ ആക്രമണമുണ്ടായി. വയനാട്‌ പീച്ചങ്കോട്‌ സ്വകാര്യ കാറിന്റെയും പാൽവണ്ടിയുടെയും ചില്ല്‌ തകർത്തു.

കാസർകോട്‌ കുമ്പളയിൽ ചരക്കുലോറിക്ക്‌ കല്ലെറിഞ്ഞു. മലപ്പുറത്ത്‌ ഗുരുവായൂരിലേക്ക്‌ പോകുകയായിരുന്ന ബസ്‌ പൊന്നാനിയിൽ ഹർത്താൽ അനുകൂലികൾ എറിഞ്ഞുതകർത്തു. തേഞ്ഞിപ്പലത്തുവച്ച്‌   മീൻലോറിക്ക്‌ കല്ലെറിഞ്ഞു. പാലക്കാട്‌ ലെക്കിടിയിലും ലോറിയുടെ ചില്ല്‌ തകർത്തു. തൃശൂരിൽ പലയിടത്തും പൊലീസ്‌ ലാത്തിവീശി.

70 കെഎസ്‌ആർടിസി ബസ്‌ 
തകർത്തു; 11 പേർക്ക്‌ പരിക്ക്‌
ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ടുകാർ തകർത്തത്‌ 70 കെഎസ്‌ആർടിസി ബസ്‌.  അരക്കോടി രൂപയുടെ നഷ്‌ടമുണ്ടാകും എന്നാണ്‌ പ്രാഥമിക കണക്ക്‌. 2439 ബസ്‌ വെള്ളിയാഴ്‌ച സർവീസ് നടത്തി. തെക്കൻമേഖല–- 30, മധ്യമേഖല–- 25, വടക്കൻ മേഖല–- 15 എന്നിങ്ങനെയാണ്‌ ആക്രമിക്കപ്പെട്ടത്‌. എട്ട്‌ ഡ്രൈവർമാർക്കും രണ്ട്‌ കണ്ടക്ടർക്കും ഒരു യാത്രക്കാരിക്കുമടക്കം 11 പേർക്ക്‌ പരിക്കേറ്റു.

രൂക്ഷവിമർശവുമായി
 ഹൈക്കോടതി
പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് നേരെയുണ്ടായ അക്രമത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശം. കെഎസ്ആർടിസിയുടെ സിംഗിൾ ഡ്യൂട്ടി സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശം ഉന്നയിച്ചത്. കെഎസ്ആർടിസിയെ തൊട്ടാൽ പൊള്ളുമെന്ന അവസ്ഥ വന്നാലേ സമരത്തിന്റെ പേരിൽ ബസുകളെ കല്ലെറിയുന്ന പ്രവണത അവസാനിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു.  അക്രമത്തിൽ 70 ബസുകൾ തകർത്തെന്നും 42 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ജനങ്ങളെ പേടിപ്പിക്കാനാണ് കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലെറിയുന്നതെന്നും തകർത്തവരിൽനിന്നുതന്നെ നഷ്ടം ഈടാക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 

ബസുകൾ തകർത്തവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കോടതി ആരാഞ്ഞു. 42 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറയുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഈ ബസുകൾ സർവീസ് തുടങ്ങുമ്പോഴേക്കും നിരവധി ഷെഡ്യൂളുകൾ മുടങ്ങും. കോടികളുടെ നഷ്ടവുമുണ്ടാകും.  ശമ്പളംപോലും നൽകാനാകാത്ത സ്ഥിതിയിലാണ് കെഎസ്ആർടിസി. അതിനാൽ ശരിയായി ചിന്തിക്കുന്ന ആരും കെഎസ്ആർടിസിക്ക് കല്ലെറിയില്ലെന്നും കോടതി വ്യക്തമാക്കി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top