22 August Thursday

പെരിയ കൊലപാതകം: പീതാംബരനും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ പങ്കൊള്ളുവെന്ന് ക്രൈംബ്രാഞ്ച്

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

കൊച്ചി> കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പീതാംബരനും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ പങ്കൊള്ളുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ‌്പി എം പ്രദീപ്‌കുമാർ പ്രസ്താവന നൽകിയത്. ഹർജി മെയ് 25ന് പരിഗണിക്കാൻ മാറ്റി.

ഉന്നത സിപിഐ എം നേതാക്കൾക്ക് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇവർ ആരാണെന്ന സൂചനപോലും ഹർജിക്കാർ നൽകുന്നില്ലെന്നു പ്രസ്താവന പറയുന്നു. കേസിൽ ഉന്നത സിപിഐ എം നേതാക്കൾക്ക് പങ്കില്ല. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സിപിഐ എമ്മിന്റെ പ്രാദേശിക നേതാവായ പീതാംബരനെ ആക്രമിച്ചതിന് പകരംവീട്ടാനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രഥമവിവര മൊഴിയുണ്ട്.

മുന്നാട് കോളേജിലെ കെഎസ‌്‌യു–--എസ്എഫ്ഐ സംഘർഷങ്ങളെത്തുടർന്ന് ശരത് ലാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ബസ് തടഞ്ഞ് സംഘർഷമുണ്ടാക്കിയ സംഭവത്തിൽ പീതാംബരൻ ഇടപെട്ടിരുന്നു. ആക്രമണത്തിൽ പീതാംബരന‌് പരിക്കേറ്റു. ഇതിലുള്ള വൈരാഗ്യം നിമിത്തം നടക്കാനിരിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗത്തിൽ പങ്കെടുക്കരുതെന്ന് പീതാംബരൻ പാർടിയുടെ ലോക്കൽ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു കണക്കിലെടുക്കാതെ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി വി രമേശൻ യോഗത്തിൽ പങ്കെടുത്തു. ഇതിലുള്ള പ്രതിഷേധം വ്യക്തമാക്കി പീതാംബരൻ പാർടി ഏരിയ സെക്രട്ടറിക്ക് കത്തുനൽകി.

പിന്നീടാണ് പീതാംബരനും കൂട്ടരും സ്വന്തം നിലയ്ക്ക് കൊലപാതകങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കിയത്. പീതാംബരനു നേരെ ആക്രമണം ഉണ്ടായശേഷം പ്രാദേശിക കോൺഗ്രസ്, സിപിഐ എം നേതാക്കൾ ഇടപെട്ട് സമാധാനചർച്ച നടത്തിയിരുന്നു. എന്നാൽ,  പീതാംബരൻ സമാധാന ശ്രമങ്ങൾക്കെതിരായിരുന്നു. ഇതിനാലാണ് വ്യക്തിപരമായി പകവീട്ടാൻ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത്. കോൺഗ്രസുകാരുടെയും ബിജെപിക്കാരുടെയും ആക്രമണങ്ങളിൽനിന്ന് പാർടി പ്രവർത്തകരെ സംരക്ഷിക്കാത്തതിൽ സിപിഐ എം പ്രവർത്തകർക്കിടയിൽ വ്യാപകമായി എതിർപ്പുണ്ടെന്ന് വ്യക്തമാക്കുന്ന ഒപ്പിടാത്ത ഒരു കത്ത് പീതാംബരന്റെ ബൈക്കിൽനിന്ന് കണ്ടെടുത്തിരുന്നു.

തനിക്കൊപ്പമുള്ളവരെ സംരക്ഷിച്ചില്ലെങ്കിൽ പാർടി വിടുമെന്ന് പീതാംബരൻ ഭീഷണി മുഴക്കിയിരുന്നു. സിപിഐ എം നേതാക്കളിൽനിന്ന് പിന്തുണ കിട്ടാത്തതിനെത്തുടർന്നാണ് പീതാംബരൻ തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം പകവീട്ടാൻ തുനിഞ്ഞതെന്നും പ്രസ്താവനയിൽ പറയുന്നു. ക്രൈംബ്രാഞ്ച് എസ‌്‌പി മുഹമ്മദ് റഫീക്കിന് അന്വേഷണ മേൽനോട്ടച്ചുമതല നൽകിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്ന് വ്യക്തമാക്കി അദ്ദേഹം അപേക്ഷ നൽകിയതിനെത്തുടർന്നാണ് ഫെബ്രുവരി 28ന് മറ്റൊരു എസ‌്‌പി സാബു മാത്യുവിന് മേൽനോട്ടച്ചുമതല നൽകിയത്. മൂന്ന് സിഐമാർ ഉൾപ്പെടെ 21 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

150 സാക്ഷികളെ ഇതുവരെ ചോദ്യംചെയ്തു. അന്വേഷണസംഘം കണ്ടെടുത്ത ആയുധങ്ങളും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഫോറൻസിക് പരിശോധനയ‌്ക്ക് അയച്ചിട്ടുണ്ട്. കേസിലെ രണ്ടാംപ്രതി സജിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് ആരും ബലമായി മോചിപ്പിച്ചിട്ടില്ല. ഫെബ്രുവരി 20ന് ഇയാളെ ബേക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുമുമ്പ് വി പി പി മുസ്തഫ നടത്തിയെന്നു പറയുന്ന പ്രസംഗം രാഷ്ട്രീയപ്രസംഗം മാത്രമാണ്. ഇതിൽ കൊല്ലപ്പെട്ടവർക്കെതിരെ ഭീഷണിയൊന്നുമില്ലെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top