07 April Tuesday

ഏപ്രില്‍ മാസപെന്‍ഷനുള്ള ഉത്തരവ് പുറപ്പെടുവിച്ചു: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

തിരുവനന്തപുരം> ഏപ്രില്‍ മാസത്തിലെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ട്രഷറിയില്‍ ആവശ്യമായ ആരോഗ്യസുരക്ഷാ മുന്‍കരുതല്‍  എടുത്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്  പറഞ്ഞു.

അക്കൌണ്ടുള്ളവര്‍ക്ക് പണം അതിലെത്തും.  ബഹളങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ടു വാങ്ങുന്നതല്ലേ നല്ലതെന്നും പ്രായമായവര്‍ പെന്‍ഷന്‍ വാങ്ങാനാണെങ്കിലും പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും ഐസക് പറഞ്ഞു. മാസാദ്യം ട്രഷറിയില്‍ വന്‍തിരക്കാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരോഗ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കിയിട്ടുള്ളവര്‍ക്കറിയാം, ഇനി ആ തിരക്ക് അനുവദിക്കാനാവില്ലെന്ന്. എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കണം. ആവശ്യമായ എല്ലാ മുന്‍കരുതലുമെടുക്കുകയും വേണം.

രോഗപ്രതിരോധ ശക്തിയിലും മറ്റും വളരെ പുറകില്‍ നില്‍ക്കുന്ന വയോജനങ്ങളെ ഏറ്റവും കരുതലോടെ വേണം പരിചരിക്കാനെന്നും ഐസക് പറഞ്ഞു

ക്രമീകരണങ്ങള്‍ താഴെ പറയുന്നു

ഓരോ ട്രഷറിയില്‍ നിന്നും പിടിഎസ്ബി മുഖേനെ പെന്‍ഷന്‍ വാങ്ങുന്നവരെ അക്കൌണ്ട് നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 2 മുതല്‍ 7 വരെ താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ 2 - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ പൂജ്യത്തിലും (0) ഒന്നിലും (1) അവസാനിക്കുന്നവര്‍

ഏപ്രില്‍ 3 - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ രണ്ടിലും (2) മൂന്നിലും (3) അവസാനിക്കുന്നവര്‍

ഏപ്രില്‍ 4 - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ നാലിലും (4) അഞ്ചിലും (5) അവസാനിക്കുന്നവര്‍

ഏപ്രില്‍ ആറ് - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ ആറിലും (6) ഏഴിലും (7) അവസാനിക്കുന്നവര്‍

ഏപ്രില്‍ ഏഴ് - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ എട്ടിലും (8) ഒമ്പതിലും (9) അവസാനിക്കുന്നവര്‍

നിലവിലുള്ള ടെല്ലര്‍ കൌണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, പ്രവൃത്തി സമയം 9 മണി മുതല്‍ 5 മണി വരെയാക്കും.

പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവര്‍ ട്രഷറിയില്‍ വരരുത്. ട്രഷറിയില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ വ്യക്തിഗത ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങള്‍ ഒപ്പിട്ട ചെക്കിനൊപ്പം സമര്‍പ്പിച്ചാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.ഒരു സമയം കൌണ്ടറിനു മുന്നില്‍ 5 പേരെ മാത്രമേ അനുവദിക്കൂ. ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top