17 October Thursday

പ്രശസ്ത കീബോര്‍ഡ് വാദകന്‍ പി ഡി ഫ്രാന്‍സിസ് നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

തൃശൂര്‍ > മുതിര്‍ന്ന കീബോര്‍ഡ് വാദകനും അക്കോര്‍ഡിയനിസ്റ്റുമായ പി ഡി ഫ്രാന്‍സിസ് നിര്യാതനായി. ഹൃദയാഘാതം മൂലം തൃശൂര്‍  ദയ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.  65 വയസായിരുന്നു.

 ചലച്ചിത്ര  സംഗീത സംവിധായകന്‍ ജി.  ദേവരാജന്റെ  ഓര്‍ക്കസ്ട്ര  സംഘത്തില്‍  അംഗമായിരുന്ന അദ്ദേഹം നിരവധി  ഗാനങ്ങളുടെ  റെക്കോര്‍ഡിങ്ങില്‍  ദേവരാജന്റെ  സഹായിയായി. പ്രശസ്തമായ 'അരികില്‍  നീ  ഉണ്ടായിരുന്നെങ്കില്‍ ' എന്ന  ഗാനത്തിന്  കീബോര്‍ഡ്  വായിച്ചത്  ഫ്രാന്‍സിസ്  ആണ്. 

ശ്യാം, മോഹന്‍സിത്താര, ബോളിവുഡ് ഡ്രമ്മര്‍ ബബ്‌ല തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോ  പുറത്തിറക്കിയ നിരവധി ആല്‍ബങ്ങളിലും കീബോര്‍ഡ്  വായിച്ചതു  ഫ്രാന്‍സിസ് ആണ്. 

നാലുവര്‍ഷം തരംഗിണിയില്‍ പ്രവര്‍ത്തിച്ചു.  എം  എസ്  വിശ്വനാഥന്‍,  വി ദക്ഷിണാമൂര്‍ത്തി,  ടി  എം സൗന്ദരരാജന്‍,  പി  സുശീല, പി  ജയചന്ദ്രന്‍,  മാധുരി,  എസ്  ജാനകി,  കൃഷ്ണചന്ദ്രന്‍ തുടങ്ങിയ ഗായകര്‍ക്കൊപ്പം നിരവധി  ഗാനമേളകളില്‍ കീബോര്‍ഡ്  വായിച്ചു. കോയമ്പത്തൂര്‍ എലൈറ്റ് ഓര്‍ക്കസ്ട്ര, തൃശൂര്‍ എലൈറ്റ്  ഓര്‍ക്കസ്ട്ര, കലാസദന്‍ ഓര്‍ക്കസ്ട്ര എന്നിവയുടെ ഡയറക്ടര്‍ ആയിരുന്നു.

 തൃശ്ശൂരിലെ  ആദ്യ കീബോര്‍ഡ് വായനക്കാരില്‍ ഒരാളാണ്. കാല്‍വരി പള്ളിയിലെ  ഫാ.  മാല്‍ക്കമിന്റെ പ്രേരണയിലാണ്  പിയാനോയിലേക്കും  അക്കോര്‍ഡിയനിലേക്കും  അദ്ദേഹം  തിരിഞ്ഞത്. ഭാര്യ : ജയ  മക്കള്‍: കോളിന്‍,  കരോളിന്‍.സംസ്‌കാരം പിന്നീട്.


പ്രധാന വാർത്തകൾ
 Top