28 May Thursday

പായിപ്പാട് സംഭവം: തിരികൊളുത്തിയത് വാട്‌സ്ആപ്പ് മെസേജുകളെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

കോട്ടയം > അതിഥി തൊഴിലാളികളുടെ മിന്നല്‍ പ്രതിഷേധത്തിനു തിരികൊളുത്തിയത് വാട്സ്ആപ്പ് സന്ദേശങ്ങളാണെന്ന് പൊലീസിന് സൂചന ലഭിച്ചു. പ്രത്യേകിച്ച് സംഘടിത രൂപമില്ലാതിരുന്നിട്ടും നാലായിരത്തോളം അതിഥി തൊഴിലാളികള്‍ ഒരേ സമയം ഒത്തുകൂടണമെങ്കില്‍ അത് മുന്‍ ധാരണപ്രകാരമാണെന്ന് വ്യക്തം. പ്രതിഷേധത്തിന് പ്രേരിപ്പിച്ചവരെക്കുറിച്ച് അറിയാമെന്നും നടപടിയുണ്ടാകുമെന്നും കലക്ടറും അറിയിച്ചിട്ടുണ്ട്.  കേരളത്തിനുപുറത്തുനിന്നാണ് പ്രചോദനമുണ്ടായതെന്നും സൂചനയുണ്ട്. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. 

ചങ്ങനാശേരി ടിബിയില്‍ മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടം ഉടമകളുമായി സംസാരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മധ്യമേഖല ഡിഐജി കാളിരാജ് മഹേഷ് കുമാര്‍, കോട്ടയം കലക്ടര്‍ പി കെ സുധീര്‍ ബാബു, പത്തനംതിട്ട കലക്ടര്‍ പി ബി നൂഹ്, സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഡെപ്യൂട്ടി കലക്ടര്‍ ജെസ്സി ജോണ്‍, എഡിഎം അനില്‍കുമാര്‍, ആര്‍ഡിഒ ജോളി ജോസഫ്, തഹസില്‍ദാര്‍ ജിനു പുന്നൂസ്, ജില്ലാ ലേബര്‍ ഓഫീസര്‍ വിനോദ്,  ചങ്ങനാശേരി ഡിവൈഎസ്പി എസ് സുരേഷ് കുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ വി റസ്സല്‍, ഏരിയ സെക്രട്ടറി കെ സി ജോസഫ്, ജില്ലാ കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരന്‍,  തൃക്കൊടിത്താനം സിഐ സാജു വര്‍ഗീസ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു എന്നിവര്‍ പങ്കെടുത്തു. തൊഴിലാളി ക്യാമ്പില്‍ പരിശോധനയ്ക്കായും അവരുടെ ആവശ്യങ്ങള്‍ അന്വേഷിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കോട്ടേജ് ഉടമകളുടെ സംരക്ഷണയിലാണ് അതിഥി തൊഴിലാളികള്‍ പായിപ്പാട്ടെത്തിയത്. ഉടമകളുമായി ശനിയാഴ്ച തഹസില്‍ദാരും ലേബര്‍ ഓഫീസറും ചര്‍ച്ച നടത്തിയിരുന്നു. ഉടമകള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ തീരുമാനവുമെടുത്തിരുന്നു. ഈ തീരുമാനത്തില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്നും തിങ്കളാഴ്ച കൂടുന്ന യോഗത്തില്‍ പരിശോധിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top