31 July Saturday

പാറശാല പൊന്നമ്മാളിന്‌ നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021


തിരുവനന്തപുരം
മരണംവരെയും സംഗീതത്തെ  ഉപാസിച്ച കർണാടക സംഗീതജ്ഞ പാറശാല ബി പൊന്നമ്മാളിന്‌ സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. പൊന്നമ്മാളിന്റെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ബ്രാഹ്മണസമുദായം ശ്മശാനത്തിൽ സംസ്‌കരിച്ചു. സംഗീതലോകത്തെ ആരാധകരും സാംസ്‌കാരിക കേരളവും അവർക്ക്‌  വിട നൽകി.

വാർധക്യസഹജമായ അസുഖങ്ങളാൽ ചൊവ്വാഴ്‌ച ഉച്ചയ്‌ക്കായിരുന്നു അന്ത്യം.  വലിയശാല അഗ്രഹാരത്തിലെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ വിവിധ രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. ബുധനാഴ്‌ച രാവിലെ നടന്ന  സംസ്‌കാര ചടങ്ങുകളിൽ മക്കളായ സുബ്രഹ്മണ്യം, മഹാദേവൻ എന്നിവർ അന്ത്യകർമങ്ങൾ നിർവഹിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വി കെ പ്രശാന്ത് എംഎൽഎ, വി എസ് ശിവകുമാർ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിച്ചു.  സ്വാതിതിരുനാൾ സംഗീതകോളേജ്, ആകാശവാണി, വിവിധ സംഗീതസംഘടനകൾ എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു.

സജി ചെറിയാൻ 
അനുശോചിച്ചു
കർണാടക സംഗീതത്തിലെ അതുല്യ പ്രതിഭ  പാറശാല ബി പൊന്നമ്മാളിന്റെ വിയോഗത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. സംഗീത സപര്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഒട്ടേറെ നാഴികക്കല്ലുകൾ തീർക്കാൻ അവർക്ക്‌ സാധിച്ചു. സംഗീത ലോകത്തിന്‌ അവരുടെ വേർപാട്‌ തീരാനഷ്‌ടമാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top