23 January Wednesday

വരേണ്യ പ്രമാണിത്തത്തെ വെല്ലുവിളിച്ച കായല്‍ സമ്മേളനം

അഞ്ജുനാഥ്Updated: Saturday Aug 27, 2016


കൊച്ചി > "എറണാകുളം കായലല്ലേ നമ്മുടെ മുന്നില്‍ വിശാലമായി പരന്നു കിടക്കുന്നത്. കുറേ വള്ളങ്ങള്‍ കൊണ്ടുവരിക. കൂട്ടിക്കെട്ടി പലകയിട്ട് ചങ്ങാടമാക്കി നമുക്കതില്‍ യോഗം ചേരാം''.

അടിയാളന് സംഘം ചേരാന്‍ കരയില്‍ അനുമതി നല്‍കാതിരുന്ന വരേണ്യ പ്രമാണിത്തത്തിനെതിരെ പണ്ഡിറ്റ് കറുപ്പന്റെ ചരിത്രപ്രസിദ്ധമായ ആഹ്വാനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ്. പിന്നീട് കായല്‍ സമ്മേളനം എന്ന് പുകള്‍പെറ്റ ഈ ജനകീയ മുന്നേറ്റം പിന്നോക്കക്കാരന് നല്‍കിയ അഭിമാന ബോധം ചെറുതല്ല.  സ്വസമുദായമല്ലാതിരുന്നിട്ടും കറുപ്പന്‍ പുലയസമുദായാംഗങ്ങളുടെ സ്വാതന്ത്യ്രം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി സഭ രൂപീകരിക്കാന്‍ നിര്‍ദേശിച്ചു. ഇതിന് സമുദായാംഗങ്ങളെ വിളിച്ചു ചേര്‍ത്ത് യോഗം ചേരാനും നിര്‍ദേശിച്ചു. എന്നാല്‍ കരയില്‍ യോഗം ചേരാന്‍ മേല്‍ജാതിക്കാര്‍ സമ്മതിക്കില്ലെന്ന് വ്യക്തമായതോടെ അവരെ വെല്ലുവിളിച്ചാണ് കായലില്‍ യോഗം ചേരാനുള്ള നടപടി കറുപ്പന്‍ സ്വീകരിച്ചത്.
എറണാകുളം, മുളവുകാട്, പമനമ്പുകാട്  പ്രദേശങ്ങളില്‍ നിന്നുള്ള പുലയ, ധീവര സമുദായാംഗങ്ങള്‍ വള്ളങ്ങളില്‍ 1913 ഏപ്രില്‍ 21ന് എറണാകുളത്തിനു പടിഞ്ഞാറു ഭാഗത്തെ കായലില്‍ അണിനിരന്നു. വള്ളങ്ങള്‍ കൂട്ടിക്കെട്ടി പലകയിട്ട് ചങ്ങാടം പോലെയാക്കി അതിനു മുകളിലായിരുന്നു സമ്മേളനവേദിയൊരുക്കിയത്. ഇപ്പോഴത്തെ രാജേന്ദ്രമൈതാനത്തിനും ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളിനും മധ്യേയുള്ള പ്രദേശമായിരുന്നു സമ്മേളന സ്ഥലം. പണ്ഡിറ്റ്  കറുപ്പനെ കൂടാതെ കെ പി വള്ളോന്‍, കൃഷ്ണാദിയാശാന്‍, പി സി ചാഞ്ചന്‍ തുടങ്ങിവരും മുഖ്യ സംഘാടകരായി. കറുപ്പന്റെ സുഹൃത്ത് ടി കെ  കൃഷ്ണമേനോന്റെ നിര്‍ലോഭ സഹായവും സമ്മേളനത്തിന് ഉണ്ടായിരുന്നു.

കായല്‍പ്പരപ്പില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ തീരുമാനപ്രകാരം മെയ് 25ന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ പണ്ഡിറ്റ് കറുപ്പന്‍ മുന്‍കൈയെടുത്ത് മറ്റൊരു സമ്മേളനവും വിളിച്ചു ചേര്‍ത്തു. ഇതിലാണ് പുലയമഹാസഭ രൂപീകരിച്ചത്. കൃഷ്ണാദിയാശാന്‍ പ്രസിഡന്റും, പി സി ചാഞ്ചന്‍ സെക്രട്ടറിയും ആയി. പുലയസമുദായാംഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയായിരുന്നു സംഘടനയുടെ ലക്ഷ്യം.

ഇതു കൂടാതെ പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലത്തേക്ക് പുലയസമുദായാംഗങ്ങളെ വിളിച്ചു കയറ്റി ചരിത്രം സൃഷ്ടിച്ചതും പണ്ഡിറ്റ് കെ പി കറുപ്പനാണ്. ഇപ്പോഴത്തെ എറണാകുളം സുഭാഷ്പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  1916 ല്‍ കൊച്ചി സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനമായിരുന്നു വേദി. തങ്ങള്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ വിളകളാണ് കാര്‍ഷിക പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നതെങ്കിലും ഇവിടെ പ്രവേശിക്കാന്‍ പുലയ സമുദായാംഗങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇത് പണ്ഡിറ്റ് കറുപ്പന്‍ കൊച്ചി ദിവാനായിരുന്ന സര്‍ ജോസഫ് വില്യം ബോറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പ്രദര്‍ശന നഗരിയിലേക്ക് പുലയ സമുദായാംഗങ്ങളെ പ്രവേശിപ്പിക്കാന്‍ ദിവാന്‍ ഉത്തരവിടുകയായിരുന്നു.  ഉടന്‍ തന്നെ പണ്ഡിറ്റ് കറുപ്പന്‍ വേദിക്കു പടിഞ്ഞാറു ഭാഗത്ത് കായലില്‍ വള്ളങ്ങളില്‍  കാത്തിരുന്ന പുലയസമുദായാംഗങ്ങളെ പ്രദര്‍ശന നഗരിയിലേക്ക് വിളിച്ചു കയറ്റി.  ജാതിവ്യവസ്ഥ ഉയര്‍ത്തിയ നെടുങ്കോട്ടയാണ് ഇവിടെ തകര്‍ന്നു വീണത്.   

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top