16 July Tuesday

പാലാരിവട്ടം മേൽപ്പാലം : യുഡിഎഫ‌് കാലത്തെ ‘സ‌്പീഡ‌്’ അഴിമതി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

പാലാരിവട്ടം മേൽപ്പാലത്തിൽ നിർമാണം പുരോഗമിക്കുന്നു

കൊച്ചി>യുഡിഎഫ‌് അഴിമതിയുടെ നേർസാക്ഷ്യമാവുകയാണ‌് പാലാരിവട്ടം മേൽപ്പാലം. ഗതാഗതത്തിനായി തുറന്നുകൊടുത്ത‌് രണ്ടരവർഷം പിന്നിട്ടപ്പോൾത്തന്നെ ഗുരുതരകേടുപാടുകൾ കണ്ടെത്തിയതിനാൽ പാലം അടയ‌്ക്കേണ്ടിവന്നു. ഈ ഘട്ടത്തിലാണ‌് നിർമാണത്തിലെ തിരിമറികൾ വെളിച്ചത്താവുന്നത‌്. ഗുരുതര അഴിമതിയുടെ പ്രാഥമിക സൂചനകൾ മാത്രമാണ‌് പുറത്തുവന്നിരിക്കുന്നത‌്. ഇതിന്റെ വിശദാംശങ്ങൾ വിജിലൻസ‌് അന്വേഷിക്കുകയാണ‌്.  ഇടപ്പള്ളി മേൽപ്പാലം ഡിഎംആർസി നിർമിച്ചതിനുപിന്നാലെയാണ‌് യുഡിഎഫ‌് സർക്കാർ ‘സ‌്പീഡ‌്’ പദ്ധതിയിൽപ്പെടുത്തി പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന‌് തുടക്കം കുറിച്ചത‌്.

ദേശീയപാത അതോറിറ്റിയെ (എൻഎച്ച‌്എഐ)  ഒഴിവാക്കി സർക്കാർ നേരിട്ട‌് നിർമാണം ഏറ്റെടുത്തത‌് വിവാദത്തിനും വഴിയൊരുക്കി. പാലം നിർമാണം എൻഎച്ച‌്എഐയെ ഏൽപ്പിക്കണമെന്ന‌് എൽഡിഎഫ‌് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും പൊതുമരാമത്ത‌് മന്ത്രിയായിരുന്ന വി  കെ ഇബ്രാഹിംകുഞ്ഞും പരിഗണിച്ചില്ല. പദ്ധതിനടത്തിപ്പിലെ സുതാര്യത കാറ്റിൽപ്പറത്തി ദുരൂഹവും രഹസ്യവുമായിരുന്നു നീക്കങ്ങൾ.  റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് കോർപറേഷന്റെ  (ആർബിഡിസികെ) മേൽനോട്ടത്തിലായിരുന്നു നിർമാണം. ആർഡിഎസ‌് കമ്പനിക്കായിരുന്നു നിർമാണക്കരാർ. നിർമാണത്തിന്റെ ചിട്ടവട്ടങ്ങൾക്കുവിരുദ്ധമായി പാലത്തിന്റെ രൂപരേഖ സഹിതം തയ്യാറാക്കുന്നതിന്റെ ചുമതലയും കരാറുകാർക്കായിരുന്നു. ഇതിന്റെ വിശദവിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട‌്.

2014 ഒക്ടോബറിലാണ‌് പാലം നിർമാണം ആരംഭിച്ചത‌്. നിർമാണത്തിന്റെ ഒരുഘട്ടത്തിലും അവലോകനമോ നിലവാരപരിശോധനയോ യുഡിഎഫ‌് സർക്കാർ നടത്തിയില്ല. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വരുമ്പോൾ പാലത്തിന്റെ അപ്രോച്ച‌് റോഡുകളുടെ കുറച്ചുഭാഗത്തെ നിർമാണംമാത്രമാണ‌് പൂർത്തിയാക്കാനുണ്ടായിരുന്നത‌്.

2016 ഒക്ടോബറിൽ ഉദ‌്ഘാടനത്തിനുശേഷം അധികം വൈകാതെ കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടു. മഴ ആരംഭിച്ചതോടെ ടാറിങ‌് ഇളകി കുഴികൾ രൂപപ്പെട്ടു. പൊതുമരാമത്ത‌് വകുപ്പും ചെന്നൈ ഐഐടിയും നടത്തിയ അന്വേഷണത്തിൽ സാങ്കേതികപ്പിഴവാണ് പാലത്തിന്റെ ടാറിങ് ഇളകുന്നതിനും തൂണുകളിൽ വിള്ളൽ ഉണ്ടാകുന്നതിനും കാരണമായതെന്ന് വ്യക‌്തമായി. പാലത്തിന്റെ അടങ്കൽ 47 കോടി രൂപയാണ്. ഇതിൽ 37 കോടി രൂപയുടെ ജോലിയാണ് കരാറുകാർ ചെയ്തത്. 35 കോടിയും സർക്കാർ നൽകി. കരുതൽ കാലാവധിയിൽ നിയമപ്രകാരം പിടിച്ചുവയ‌്ക്കേണ്ട തുക ഒഴികെ മുഴുവൻ തുകയും നൽകി. പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ‌് അനുസരിച്ചാണ‌് കേരള റോഡ് ഫണ്ട് ബോർഡിൽനിന്ന‌് റോഡ്സ് ആൻഡ‌്‌ ബ്രിഡ‌്ജസ് ഡെവലപ‌്മെന്റ‌് കോർപറേഷന് തുകകൊടുത്തത‌്. നിയമപ്രകാരം ഇങ്ങനെ നൽകാനാകില്ല. ഇക്കാര്യം വിജിലൻസ‌് അന്വേഷിക്കുന്നുണ്ട‌്.അപാകം പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്താനല്ല ഉദ്ദേശിക്കുന്നതെന്നും പാലം പുനഃസ്ഥാപിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി ജി സുധാകരൻ അറിയിച്ചിരുന്നു.  അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും അരങ്ങായിരുന്ന പൊതുമരാമത്ത‌് വകുപ്പ‌് എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷം ഉടച്ചുവാർത്തു. ഇപ്പോൾ നഗരത്തിൽ നിർമാണം നടക്കുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളിൽ രണ്ടുമാസത്തിലൊരിക്കൽ അവലോകവും പരിശോധനയും നടത്തുന്നുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top