23 April Friday

പാലാരിവട്ടം മേൽപ്പാലം : ഭാരപരിശോധന തുടങ്ങി ; മാർച്ച്‌ 5ന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

പുനർനിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയ പാലാരിവട്ടം മേൽപ്പാലത്തിൽ ഭാരപരിശോധനയുടെ ഭാഗമായി ടോറസ് ട്രക്കുകൾ നിർത്തിയിട്ടിരിക്കുന്നു


കൊച്ചി
പുതുക്കിപ്പണിത പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന ശനിയാഴ്ച രാവിലെ എട്ടിന്‌ ആരംഭിച്ചു. ഞായറാഴ്‌ച രാവിലെ എട്ടുവരെയാണ്‌ ആദ്യഘട്ടം പരിശോധന. തുടർപരിശോധനകൾ മാർച്ച്‌ നാലുവരെ തുടരും. മാർച്ച് അഞ്ചിന് നിർമാണം പൂർത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കി സർക്കാരിന്‌ കൈമാറുമെന്ന്‌ ഡിഎംആർസി അധികൃതർ പറഞ്ഞു. നിശ്ചയിച്ചതിലും മൂന്നുമാസം നേരത്തേയാണ്‌ പൂർത്തിയാക്കിയത്‌.

നടുഭാഗത്തെ 35 മീറ്റർ നീളമുള്ള രണ്ട്‌ സ്പാനിൽ ടോറസ്‌ ലോറികൾ കയറ്റിയുള്ള പരിശോധനയാണ്‌ ശനിയാഴ്‌ച ആരംഭിച്ചത്‌. 220 ടൺ ഭാരം കയറ്റിയാണ് പരിശോധന. 30 ടൺ ഭാരം കയറ്റിയ നാല്‌ ലോറിയും 25 ടൺവീതമുള്ള നാല്‌ ലോറിയുമാണ്‌ ഇതിനായി ഉപയോഗിക്കുക. എട്ട്‌ ലോറിയും പാലത്തിൽ കയറ്റുന്ന പ്രക്രിയ ഞായറാഴ്‌ച രാവിലെ എട്ടിനകം പൂർത്തിയാകുമെന്ന്‌ പാലം പുനർനിർമിക്കുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിനുശേഷം ലോറികൾ പാലത്തിൽനിന്ന്‌ മാറ്റും. തുടർന്ന്‌, 20 മീറ്റർ നീളമുള്ള 17 സ്പാനിലും ഭാരപരിശോധന നടത്തും. 30 ടൺ ഭാരം കയറ്റിയ നാല്‌ ലോറിയും 25 ടൺവീതമുള്ള നാല്‌ ലോറിയും കയറ്റിയശേഷം വീണ്ടും 24 മണിക്കൂർ നിരീക്ഷിക്കും. 

പെയിന്റിങ്‌ ഉൾപ്പെടെ പൂർത്തിയാക്കിയാണ്‌ പാലം കൈമാറുക. പുനർനിർമാണജോലികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ മെയ്‌ അവസാനംവരെ സമയം നൽകിയിരുന്നു. 160 ദിവസമാണ്‌ പുനർനിർമാണത്തിന്‌‌ വേണ്ടിവന്നത്‌. 2020 സെപ്തംബർ 28നാണ്‌ പുനർനിർമാണം ആരംഭിച്ചത്‌.

ഉമ്മൻചാണ്ടി സർക്കാർ നിർമിച്ച പാലാരിവട്ടം പാലം, രണ്ടരവർഷത്തിനുള്ളിൽ കേടുപാട് സംഭവിച്ചാണ്‌ ​ഗതാഗതയോഗ്യമല്ലാതായത്‌.  പഴയ കരാറുകാരിൽനിന്ന്‌ പണം ഈടാക്കാനുള്ള നടപടി എൽഡിഎഫ്‌ സർക്കാർ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top