31 March Tuesday

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണ പുരോഗതി മാർച്ച് 3 നകം അറിയിക്കണം‐ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

കൊച്ചി> പാലാരിവട്ടം പാലം അഴിമതിയിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണ പുരോഗതി മാർച്ച് 3 നകം അറിയിക്കാൻ വിജിലൻസിനും എൻഫോഴ്സ്മെന്റിനും ഹൈക്കോടതിയുടെ നിർദേശം.

പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ഒരു വട്ടം ചോദ്യം ചെയ്തെന്നും കൂടുതൽ സമയം വേണമെന്നും വിജിലൻസ് വ്യക്തമാക്കി. പാലം അഴിമതിയിലടക്കം ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച്‌ കള്ളപ്പണം  വെളുപ്പിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി എൻഫോഴ്സ്മെൻറും കോടതിയെ അറിയിച്ചു.

ഇബ്രാഹിം കുഞ്ഞ് ഗവേണിംഗ് ബോഡി ചെയർമാനായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നോട്ട് നിരോധന കാലത്ത് 10 കോടി നിക്ഷേപിച്ചെന്നും  അന്വേഷണം വേണമെന്നുമാണ് ഗിരീഷ് ബാബുവിന്റെ പരാതി

പരാതിക്കാരനായ ഗിരിഷ് ബാബുവിന്റെ മൊഴിയെടുത്തെന്നും രേഖകൾ ഹാജരാക്കിയെന്നും എൻഫോഴ്സ്മെൻറ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുന്നതിൽ നിലപാട് തേടി വിജിലൻസ് ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ടന്നും മറുപടി ലഭിച്ചാൽ തുടർ നടപടി ഉണ്ടാവുമെന്ന് എൻഫോഴ്സ്മെൻറ് വ്യക്തമാക്കി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top