27 May Wednesday

പാലാരിവട്ടം മേൽപ്പാലം അഴിമതി : റിപ്പോർട്ട്‌ യുഡിഎഫ്‌ സർക്കാർ പൂഴ്‌ത്തി

റഷീദ‌് ആനപ്പുറംUpdated: Friday Sep 20, 2019

പാലാരിവട്ടം പാലം  നിർമാണത്തിലെ അഴിമതി യുഡിഎഫ്‌  സർക്കാരിന്റെ കാലത്ത്‌ പൊതുമരാമത്ത്‌ വകുപ്പിൽ നടന്ന  വൻ വെട്ടിപ്പിന്റെ ഒരഗ്രംമാത്രം.  മന്ത്രിയുടെ ഓഫീസ്‌ മുതൽ താഴേതട്ടുവരെ  കടുംവെട്ടാണ്‌ നടന്നതെന്ന്‌ വിജിലൻസ്‌ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വി കെ ഇബ്രാഹിംകുഞ്ഞ്‌ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിനും വകുപ്പ്‌ ഉദ്യോഗസ്ഥർക്കുമെതിരെ  ഒട്ടേറെ പരാതികൾ വിജിലൻസിന്‌  ലഭിച്ചു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ അഴിമതിയുടെ ചുരുൾ നിവർന്നത്‌. എന്നാൽ, തുടരന്വേഷണവും നടപടിയും അന്നത്തെ യുഡിഎഫ്‌ സർക്കാർ വിലക്കി.   വിജിലൻസ്‌ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ  ടീമായിരുന്നു അന്വേഷണം നടത്തിയത്‌.  ഡിവൈഎസ്‌പി വിശദമായ റിപ്പോർട്ട്‌ ഡയറക്ടർ വിൻസൻ എം പോളിന്‌ സമർപ്പിച്ചു. ഡയറക്ടർ സർക്കാരിന്‌ സമർപ്പിച്ച ഈ റിപ്പോർട്ടാണ്‌  അന്ന്‌ പൂഴ്‌ത്തിയത്‌. അഴിമതിയുടെ ഒമ്പത്‌ വഴികൾ വിശദമാക്കിയാണ്‌ വിജിലൻസ്‌ ഡയറക്ടർ റിപ്പോർട്ട്‌ നൽകിയത്‌.

എൽഡിഎഫ്‌ വന്നു: എല്ലാം ക്ലീൻ
എൽഡിഎഫ്‌ സർക്കാർ വന്നശേഷം പൊതുമരാമത്ത്‌ വകുപ്പിൽ അഴിമതി തടയാനായി വിജിലൻസ്‌ വിഭാഗം ശക്തമാക്കി. ഇതിനായി വിജിലൻസ്‌ വിഭാഗത്തിൽ മൂന്ന്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർമാരെ നിയമിച്ചു. ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗം  അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർമാർക്ക്‌ വിജിലൻസ്‌ വിഭാഗത്തിന്റെ ചുമതലയും നൽകി. അഴിമതി, മേൽനോട്ടവീഴ്‌ച തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ നൂറിലേറെ ഉദ്യോഗസ്ഥരെ പൊതുമരാമത്ത്‌ വകുപ്പിൽ സസ്‌പെൻഡ്‌ ചെയ്‌തു. കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്ഥലംമാറ്റം, ഇൻക്രിമെന്റ്‌ തടയൽ തുടങ്ങിയ നടപടിയും സ്വീകരിക്കുന്നു. പൊതുജനങ്ങൾക്ക്‌ മന്ത്രിയുമായി നേരിട്ട്‌ പരാതി പറയാനുള്ള സംവിധാനവും പൊതുമരാമത്ത്‌ വകുപ്പിലുണ്ട്‌.

പ്രതികളുടെ റിമാൻഡ്‌ നീട്ടി
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പടെ നാലു പ്രതികളുടെയും റിമാൻഡ്‌ വിജിലൻസ് കോടതി ഒക്‌ടോബർ മൂന്നുവരെ നീട്ടി.

കേസിലെ ഒന്നാംപ്രതി കരാറുകാരൻ സുമിത് ഗോയൽ, രണ്ടാംപ്രതിയും ആർബിഡിസികെ മുൻ എജിഎമ്മുമായ എം ടി തങ്കച്ചൻ, മൂന്നാംപ്രതിയും കിറ്റ്കോ ജോയിന്റ് ജനറൽ മാനേജരുമായ ബെന്നി പോൾ, നാലാംപ്രതി ടി ഒ സൂരജ് എന്നിവരുടെ റിമാൻഡാണ്‌ നീട്ടിയത്‌.

ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി തീർന്നതിനാൽ പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിജിലൻസ് ജഡ്ജി ഡോ. ബി കലാംപാഷ  റിമാൻഡ്‌ നീട്ടിയത്.   പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി 24ന് പരിഗണിക്കും.

 

ലീഗിൽ ഭിന്നത
സ്വന്തം ലേഖകൻ
പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ  മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‌ പിന്തുണ നൽകിയതുസംബന്ധിച്ച്‌ മുസ്ലിംലീഗിൽ  ഭിന്നത. ഇബ്രാഹിംകുഞ്ഞിന് നിരുപാധിക പിന്തുണയുമായി ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതിൽ  പാർടിയിൽ എതിരഭിപ്രായമുണ്ട്‌. 

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അന്നത്തെ യുഡിഎഫ്‌ സർക്കാരിനെയും മന്ത്രിയെയും പ്രതിരോധിക്കാതെ ഇതുസംബന്ധിച്ച ചോദ്യത്തിൽനിന്ന്‌  ഒഴിഞ്ഞുമാറിയതും ലീഗിനെ വെട്ടിലാക്കി. പാലാ ഉപതെരഞ്ഞെടുപ്പിൽ ഈ അഴിമതിക്കേസും ചർച്ചയായത് പാർടിക്കും മുന്നണിക്കും തലവേദനയായി.സംസ്ഥാനത്തിനാകെ മാനക്കേടായ പാലം അഴിമതിയിൽ  മന്ത്രിക്ക്‌  ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിയാനാകില്ലെന്ന്‌  ലീഗിൽ അഭിപ്രായമുണ്ട്‌. അന്നത്തെ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ കേസിൽ അറസ്‌റ്റിലാണ്‌. ലീഗിന്റെ വിശ്വസ്‌തനായ ഇദ്ദേഹത്തിന്റെ മൊഴിയും  എതിരായിട്ടും മന്ത്രിയെ വെട്ടിലാക്കി എന്നാണ്‌ ഒരുവിഭാഗത്തിന്റെ നിലപാട്‌.  മുസ്ലിം യൂത്ത്‌ ലീഗും അഴിമതി ന്യായീകരിക്കാൻ പാടുപെടുകയാണ്‌. 

പഞ്ചവടിപ്പാലം സിനിമയോട്‌ ഉപമിച്ച്‌ ഹൈക്കോടതിപോലും നിശിതമായി വിമർശിച്ച പാലം അഴിമതി അതീവ ഗുരുതരമാണെന്ന ബോധ്യം ലീഗ്‌ നേതൃത്വത്തിനുമുണ്ട്‌.  എന്നാൽ വിശ്വസ്‌തനായ ഇബ്രാഹിംകുഞ്ഞിനെ തള്ളാൻ കുഞ്ഞാലിക്കുട്ടിക്ക്‌ കഴിയില്ല.

ഐസ്‌ക്രീം പാർലർ കേസിൽ രാജിവച്ചപ്പോൾ പകരക്കാരനായി മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി ഇരുത്തിയതും ഇബ്രാഹിംകുഞ്ഞിനെയായിരുന്നു. എറണാകുളത്തെ നേതാവും  മങ്കട എംഎൽഎയുമായ ടി എം അഹമ്മദ്‌ കബീറിനെ ഒതുക്കാനും ഇബ്രാഹിംകുഞ്ഞിനെയാണ്‌ ഉപയോഗിച്ചത്‌.  ഇതുകൊണ്ടുതന്നെ പാലാരിവട്ടം അഴിമതി കുഞ്ഞാലിക്കുട്ടിക്കെതിരെ മറുപക്ഷം ആയുധമാക്കുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top