28 May Thursday

പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനായി ഉപഹർജി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹർജി. കേസിൽ പ്രതിചേർത്തിട്ടും അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി  ഗിരീഷ്ബാബുവാണ് കോടതിയെ സമീപിച്ചത്.

അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രതികളായ ടി ഒ സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തിട്ടും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന്‌ ഹർജിയിൽ പറഞ്ഞു. അറസ്റ്റില്ലാതെ പുറത്ത് വിഹരിക്കുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്‌. ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്ത് പതിനൊന്നു ദിവസം കഴിഞ്ഞിട്ടും തുടർനടപടി ഇല്ലാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

മുഖ്യമന്ത്രിക്കൊപ്പമുള്ള ഇബ്രാഹിംകുഞ്ഞിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ തെളിവായി ചിത്രവും ഹാജരാക്കി. ഇത് ശരിയല്ലെന്നും സർക്കാർ പ്രതിക്കൊപ്പമാണെന്ന ധാരണ അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടാകുമെന്നും കോടതി പരാമർശിച്ചു.

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ നോട്ട് നിരോധന കാലത്ത് 10 കോടി നിക്ഷേപിച്ചെന്നും കണക്കിൽപ്പെടാത്ത ഈ പണം പാലാരിവട്ടം പാലം അഴിമതിയിൽനിന്ന് ലഭിച്ചതാണെന്നും അന്വേഷണം വേണമെന്നുമുള്ള ഗിരീഷ്ബാബുവിന്റെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കയാണ്‌. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള തുടർനടപടികൾ വിജിലൻസ് ഏപ്രിൽ ഏഴിനകം കോടതിയെ അറിയിക്കണം. പ്രതി സഹായിച്ച വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയും ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും അറിയിക്കാനും കോടതി നിർദേശിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top