18 January Monday

പാലാരിവട്ടം പാലം ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മിക്കും; ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

തിരുവനന്തപുരം> പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി ചര്‍ച്ച നടത്തി. ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ ശ്രീധരനുമായുള്ള ചര്‍ച്ച.

തകര്‍ച്ച നേരിട്ട പാലം,  ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ പുനരുദ്ധരിക്കുകയാണെങ്കില്‍ എത്രകാലം നിലനില്‍ക്കും എന്നത് സംബന്ധിച്ച് ഒരു വ്യക്തത കുറവുണ്ട്. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണവും ശക്തിപ്പെടുത്തലും ഫലപ്രദമാകില്ലെന്നും അതിനാല്‍ പാലം പുതുക്കിപ്പണിയുകയാണ് വേണ്ടതെന്നും ശ്രീധരന്‍ നിര്‍ദ്ദേശിച്ചിരുന്നു.

 ഇത് അംഗീകരിച്ച് പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചു. സാങ്കേതിക മികവുള്ള ഏജന്‍സിയെ നിര്‍മാണം ഏല്‍പ്പിക്കും. മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സി ഉണ്ടാകും. പൊതുവായ മേല്‍നോട്ടം ശ്രീധരന്‍ വഹിക്കാമെന്ന് സമ്മതിച്ചു. എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം തയ്യാറാക്കും.

 ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങണം എന്നാണ് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പൊതുമരാമത്ത് മന്ത്രിയും ചര്‍ച്ചയില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടതിന്റെ ഭാഗമായി റീജിയണല്‍ ക്യാന്‍സര്‍ സെന്ററും കേരള സര്‍ക്കാരും സംയുക്തമായി മാലദ്വീപിലെ ആരോഗ്യമന്ത്രാലയവുമായി സഹകരണ കരാര്‍ ഒപ്പിട്ടു. മാലദ്വീപ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇത്തരത്തില്‍ ഒരു സഹായം ക്യാന്‍സര്‍ രംഗത്ത് സര്‍ക്കാര്‍ നടത്തുന്നത്. 

 ക്യാന്‍സര്‍ ചികിത്സ പരിചരണങ്ങള്‍ ഗുണമേന്‍മയുള്ള തോതില്‍ മാലദ്വീപിലെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top