07 August Friday

പാലക്കാട്‌ നിയന്ത്രണംവിട്ട കാറിടിച്ച്‌ വീട്ടമ്മ മരിച്ചു; എട്ടുപേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2019

പാലക്കാട്‌ > കുറുശാംകുളം രണ്ടാംമൈലിൽ കാർ നിയന്ത്രണം വിട്ട്‌ ആളുകൾക്കിടയിലേക്ക്‌ പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. എറേപ്പൊറ്റ കുന്നുംപുറം ഉമ്മറിന്റെ മകൾ സീനത്ത്‌(50) ആണ്‌ മരിച്ചത്‌. മീൻ വാങ്ങാനായി എത്തിയതായിരുന്നു സീനത്ത്‌. രാവിലെ 6.35നാണ്‌ അപകടം. നാലുകുട്ടികളടക്കം പരിക്കേറ്റ എട്ടുപേരെയും ജില്ലാആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബീയത്തിൽ ഹൗസിൽ ഇല്യാസ്‌(43)നെ കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി. മദ്രസയിലേക്ക്‌ കുട്ടികളെയും കൊണ്ടുപോയ ഓട്ടോയിലെ ഡ്രൈവർ പള്ളിത്താനകത്ത്‌ വീട്ടിൽ ഉമ്മർ ഫറൂഖ്‌(37) ഓട്ടോയിലുണ്ടായിരുന്ന മകൻ റസൽ(എട്ട്‌), ഷഹീം(12),ഷനഫാത്തിമ(ആറ്‌), മുസഫിർ(എട്ട്‌), മത്സ്യവിൽപ്പനക്കാരൻ ഫർമാനുള്ള(48), മനത്തുപറമ്പിൽ അഷ്‌റഫ്‌(23) എന്നിവർ ജില്ലാആശുപത്രിയിൽ ചികിത്സയിലാണ്‌.

കല്ലേക്കാട്‌ ഭാഗത്തുനിന്ന്‌ അമിതവേഗതയിൽ വന്ന കാറാണ്‌ അപകടം ഉണ്ടാക്കിയത്‌. മത്സ്യം വാങ്ങാനായി എത്തിയ സീനത്തിനെയും റോഡരികിൽ ടിവിഎസ്‌ സ്‌കൂട്ടറിൽ മത്സ്യം വിൽക്കുകയായിരുന്ന ഫർമാനുള്ളയെയും റോഡരികിൽ നിൽക്കുകയായിരുന്ന അഷ്‌റഫ്‌, ഇല്യാസ്‌ എന്നിവരെയും ഇടിച്ചിട്ടു. റോഡിന്റെ മറുവശത്തേക്ക്‌ പോകാനായി ഇൻഡിക്കേറ്റർ ഇട്ട്‌ റോഡരികിൽ നിൽക്കുകയായിരുന്ന ഓട്ടോയുടെ പിറകിൽ ഇടിച്ചാണ്‌ കാർ നിന്നത്‌. കുട്ടികളെ മദ്രസയിലേക്ക്‌ കൊണ്ടുവിടാനും കടകളിൽ വന്നവരും പ്രഭാതനടത്തത്തിന്‌ ഇറങ്ങിയവരുമായി കുറേയാളുകൾ റോഡരികിൽ ഉണ്ടായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top