19 February Wednesday

പാലായിലാരവം; പോളിങ് ബൂത്തിലെത്താന്‍ നാല് ദിവസം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

പാലാ > ഇടവിട്ടു  പെയ്യുന്ന മഴ   പാലായെ തണുപ്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കാലാവസ്ഥക്ക് ചൂടേറുകയാണ്.  മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങുന്നതുപോലൊയായിരുന്നു ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ആരും പ്രതീക്ഷിക്കാതെ പെട്ടെന്നായിരുന്നു എല്ലാം. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ക്ഷീണം വിട്ടുമാറും മുമ്പ് വീണ്ടും അങ്കത്തട്ടൊരുങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കെത്താന്‍ പാലാക്കാര്‍ ആദ്യമൊന്നു മടിച്ചു.  സ്ഥാനാര്‍ഥികള്‍ നിരന്നിട്ടും മുന്നണികള്‍ പ്രചാരണം കൊഴുപ്പിച്ചിട്ടും വരട്ടെ, ഇതെവിടം വരെ പോകുമെന്ന മട്ടിലായിരുന്നു  പാലാക്കാരുടെ പ്രതികരണം. വലിയ കോലാഹലമൊന്നുമില്ലാതെ സൈലന്റ് മൂഡില്‍ കാര്യങ്ങള്‍ നീങ്ങി.  എന്നാല്‍ ഫൈനല്‍ ടച്ചിലെത്തിയതോടെ രംഗം ഉഷാറായി.  

തെരുവിലും കവലകളിലുമൊന്നും തുടക്കത്തിലില്ലാതിരുന്ന തെരഞ്ഞെടുപ്പ് ചര്‍ച്ചകളും സജീവം.  തെരുവിലെ പ്രചാരണം വീട്ടകങ്ങളിലേക്ക് ചുവടുമാറ്റിയായിരുന്നു മുന്നണികളുടെ തന്ത്രം. വീടുകള്‍ കയറാന്‍ നേതാക്കള്‍ തന്നെ നേരിട്ടിറങ്ങി. കുടുംബയോഗങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ. സ്ഥാനാര്‍ഥികളുടെ പര്യടനത്തിനൊപ്പം പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നതാണ്  മുക്കിലും മൂലയിലെയും കാഴ്ച. സിനിമാ പാട്ടുകളുടെ പാരഡിയാണ് ട്രെന്റ്.  ഹിറ്റ് സിനിമകളുടെ സൂത്രധാരന്‍ മാണി സി കാപ്പന്റെ പ്രചാരണ ഗാനങ്ങളും സൂപ്പര്‍ഹിറ്റ്. പാലാനാടിന്റെ സൗഭാഗ്യമായി (ഗപ്പിയിലെ ഗബ്രിയേലിന്റെ ദര്‍ശനസായൂജ്യമായി), തെരഞ്ഞെടുപ്പിന്റെ കാലമായടീ (അങ്കമാലി ഡയറീസിലെ തെയ്യാമേ...), മാണിക്യം പോലുള്ള സാരഥി (ഒരു അഡാര്‍ ലൗവിലെ മാണിക്യമലരായി), പാലാ ഒരുങ്ങി, അങ്കം തുടങ്ങി  (ബാഹുബലി പ്രെമോ ഗാനം)  തുടങ്ങിയ പാട്ടുകളാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. യുഡിഎഫ് , എന്‍ഡിഎ സ്ഥാനാര്‍ഥികളും പാരഡി പാട്ടുകളിലൂടെ കളം പിടിക്കാന്‍ ശ്രമം.  

മിനിസ്‌ക്രീന്‍ താരങ്ങളും രംഗത്തുണ്ട്. നടന്‍ ജയന്റെയും മോഹന്‍ലാലിന്റെയും കലാഭവന്‍ മണിയുടെയും അപരന്മാരും അരങ്ങുതകര്‍ക്കുകയാണ്. സ്ഥാനാര്‍ഥിയുടെ പര്യടനത്തിനൊപ്പമാണ് ഇവരുടെ കലാപ്രകടനം. സ്ഥാനാര്‍ഥികളുടെ പൊതുപര്യടനം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. ശനിയാഴ്ച  പരസ്യ പ്രചാരണം തീരും. എന്നാല്‍ സമാധിയായതിനാല്‍ മുന്നണികളെല്ലാം കലാശക്കൊട്ട് ഒഴിവാക്കി. 

1965ല്‍ പാലാ മണ്ഡലം രൂപീകൃതമായശേഷം ആദ്യമായാണ് ഉപതെരഞ്ഞെടുപ്പിന് വേദിയായത്. 54 വര്‍ഷം എംഎല്‍എ ആയിട്ടും നാടിന്റെ വികസനമുരടിപ്പാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. മാണി സി കാപ്പന്റെ വ്യക്തിത്വ മികവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ആവര്‍ത്തിക്കുന്നു. തമ്മിലടിക്ക് മറയിടാന്‍ കെ എം മാണിയുടെ സ്മരണകള്‍ വോട്ടാക്കി മാറ്റാന്‍ കഴിയുമോയെന്നാണ് യുഡിഎഫ് പരീക്ഷിക്കുന്നത്. മൂന്നാംസ്ഥാനത്ത് ആകുമെന്ന് ഉറപ്പാണെങ്കിലും പേരിനൊരു മത്സരത്തിനുറങ്ങി  എന്‍ഡിഎയും കളത്തിലുണ്ട്.  ഇനിയുള്ള രണ്ടുദിവസം കൂടുതല്‍ പ്രചാരണവാഹനങ്ങള്‍ രംഗത്തിറക്കി പരമാവധി വോട്ടുറപ്പിക്കാന്‍ എല്ലാ മുന്നണികളും ശ്രദ്ധയൂന്നും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top