29 May Friday

ആവേശക്കടല്‍ സൃഷ്ടിച്ച് മാണി സി കാപ്പന്‍: പൊതുപര്യടനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

പാലാ  > കുഞ്ഞിളം കൈയ്യില്‍ഒരുകുടന്ന പൂക്കളുമായാണ് പൊന്നുവിന്റെ നില്‍പ്പ്. '  എനിക്ക് താ മോളേ ഈ പൂക്കളെന്ന്' കൂട്ടത്തിലുണ്ടായിരുന്ന വീട്ടമ്മമ്മാര്‍  ചോദ്യമെറിഞ്ഞെങ്കിലും പൊന്നു കുലുങ്ങിയില്ല. അല്‍പ്പനേരം കൂടി മാത്രമാണ് കൊച്ചുമിടുക്കിക്ക് കാത്തിരിപ്പ് വേണ്ടി വന്നത്. പ്രതീക്ഷിച്ചു നിന്ന മാണി സി കാപ്പനെ കണ്ടതും പൂക്കള്‍ നേരെ നീട്ടി. ഇതിനിടെ ആരൊക്കെയൊ എടുത്തുയര്‍ത്തി പൊന്നുവിനെ കാപ്പനടുത്തേക്ക് അടുപ്പിച്ചു. പൊന്നുവിന്റെ കവിളില്‍ ഒരു സ്‌നേഹനുള്ള് നല്‍കി മാണി സി കാപ്പന്‍ ആ പൂക്കള്‍ സ്വീകരിച്ചു. മീനച്ചില്‍ കാഞ്ഞിരത്താനത്തായിരുന്നു ഈ അസുലഭ നിമിഷം.

പൊതുപര്യടനത്തിന്റെ അവസാന ദിനമായ ബുധനാഴ്ച പാലായുടെ ജനസമ്മതന് ജനങ്ങള്‍ നല്‍കിയത് ഉജജ്വല വരവേല്‍പ്പ്. 'പൂക്കള്‍ കൊണ്ടൊരു തുലാഭാരം' അതായിരുന്നു കാപ്പന് നാട്ടുകാര്‍ നല്‍കിയ സ്‌നേഹോപഹാരം. സ്വീകരണകേന്ദ്രങ്ങളിലല്ലാം പൂക്കള്‍ നല്‍കിയായിരുന്നു വരവേല്‍പ്പ്. റോസാപ്പൂക്കളും ചെമ്പനീര്‍പൂക്കളുമെല്ലാം ആവോളം നല്‍കി കാപ്പനെ നാടാകെ നെഞ്ചോടുചേര്‍ത്തു.

രാവിലെ ഭരണങ്ങാനം ചൂണ്ടച്ചേരി കോളേജ് പടിയില്‍ നിന്നായിരുന്നു തുടക്കം. ജനഹൃദയങ്ങളിലിറങ്ങും മുമ്പ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തുങ്കല്‍ പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. ഇടവിട്ട് പെയ്ത മഴയൊന്നും ചൂണ്ടച്ചേരിയിലെ സ്വീകരണം തണുപ്പിച്ചില്ല.  സമ്മേളന സ്ഥലമാകെ കൊടിതോരണങ്ങളും മുത്തുക്കുടകളാലും അലങ്കരിച്ച് ഉത്സവ പ്രതീതിയിലായിരുന്നു.   മന്ത്രി ഏ കെ ശശീന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് ചിറ്റാനപ്പാറയിലേയ്ക്ക്.   ബലൂണുകള്‍ ഉയര്‍ത്തി കുട്ടികള്‍ കാപ്പന് പിന്നാലെ കൂടി.  ഒരു കുട്ടി പന്തുമായി വന്നു. സ്ഥാനാര്‍ത്ഥി പന്തൊന്നു തട്ടണം. നിര്‍ബ്ബന്ധത്തിനു വഴങ്ങി പന്തടിച്ചപ്പോള്‍ ജനക്കൂട്ടം കൈയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു.

അയ്യമ്പാറയിലെ സ്വീകരണം സ്്ത്രീകള്‍ ഏറ്റെടുത്തു.  ഇടപ്പാടിയില്‍ കൂറ്റന്‍ പുഷ്പഹാരമണിയിച്ചായിരുന്നു സ്വീകരണം.  മീനച്ചില്‍ പാറേപ്പള്ളിയില്‍ 79 പിന്നിട്ട വി എന്‍ ലീലയും ലീലാവതിയും സ്വീകരിച്ചത് ആവേശമുണര്‍ത്തി.     രാജീവ് നഗര്‍ കോളനിയില്‍ കുട്ടികള്‍ നല്‍കിയ റോസാപ്പൂക്കള്‍ സ്‌നേഹത്തോടെ കാപ്പന്‍ തിരിച്ചുനല്‍കി.  വാഴമറ്റം കോളനിയില്‍ 85 വയസുപിന്നിട്ട കോണുതോട്ടത്തില്‍ ത്രേസ്യാമ്മ കാപ്പനെ അരികുചേര്‍ത്ത് മാലയണിയിച്ചു.  പൈക ജങ്ഷനെ പ്രകമ്പനം കൊള്ളിച്ച വരവേല്‍പ്പ് ആരിലും ആവേശമുണര്‍ത്തി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇവിടെ പട്ടണപ്രവേശം.  എലിക്കുളം പഞ്ചായത്തിലായിരുന്നു സമാപനകേന്ദ്രങ്ങള്‍. മഞ്ചക്കുഴി, പനമറ്റം അമ്പലം, തച്ചപ്പുഴ, കൂരാലി, കുരുവിക്കൂട് എന്നിവിടങ്ങള്‍ പിന്നിട്ട് പൈക ആശുപത്രിപടിക്കല്‍  സമാപിച്ചു.


പ്രധാന വാർത്തകൾ
 Top