29 February Saturday

പാവക്കുളം ആക്രമണം; തെറ്റായ ഫോട്ടോ പ്രചരിപ്പിച്ച ബിജെപി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കൊച്ചി > കലൂർ പാവക്കുളം അമ്പല പരിസരത്ത് നടന്ന സിഎഎ അനുകൂല പരിപാടിക്കിടെ വിമർശനമുന്നയിച്ച യുവതിയുടേതെന്ന പേരിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച ബിജെപി ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ കേസ്‌. പാവക്കുളം അമ്പലത്തിൽ പ്രശ്‌നം ഉണ്ടാക്കിയ സ്‌ത്രീയുടേതെന്ന രീതിയിൽ തന്റെ ഫോട്ടോ ബിജെപി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ ചെറായി സ്വദേശിനിയായ യുവതിയാണ്‌ ഡിജിപിക്ക്‌ പരാതി നൽകിയത്‌. ബിജെപി ജില്ലാ കമ്മറ്റി അംഗമായ ജലജ ശ്രീനിവാസ ആചാര്യ എന്ന സ്‌ത്രീയുടെ ഫേസ്‌ ബുക്ക്‌ പേജിലാണ്‌ തന്റെ ഫോട്ടോ എഡിറ്റ്‌ ചെയ്‌ത്‌ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ യുവതി ദേശാഭിമാനിയോട്‌ പറഞ്ഞു. പരാതി നൽകി മണിക്കൂറുകൾക്കകം ലിങ്കുകൾ ഡിലീറ്റ്‌ ചെയ്‌ത നിലയിലാണ്‌. ക്രിസ്‌തീയ സമുദായത്തിൽ പെട്ട തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ ബിജെപി മത സ്‌പർധ വളർത്താൻ ശ്രമിക്കുകയാണെന്നും യുവതി പരാതിയിൽ പറയുന്ന.

ക്ഷേത്രത്തിലെത്തിയ യുവതിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ വിഎച്ച്‌പി കൂട്ടായ്‌മയായ ജനജാഗരണ സമിതിയ്‍ക്കെതിരെയും കേസെടുത്തിരുന്നു. തിരുവനന്തപുരം പേയാട് സ്വദേശിനി ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്‌ചയാണ്‌ തന്നെ കയ്യേറ്റം ചെയ്തതായി കാട്ടി യുവതി എറണാകുളം നോർത്ത്‌ പൊലീസിൽ പരാതി നൽകിയത്. സംഘംചേർന്ന്‌ ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. അന്വേഷണം നടന്നു വരുന്നതായും ഇതുവരെ ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്നും നോർത്ത്‌ പൊലീസ്‌ അറിയിച്ചു.

വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ സംഘാടകയുമായ സജിനി നൽകിയ പരാതിയിൽ യുവതിക്കെതിരെയും കേസെടുത്തിരുന്നു. പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന് കാട്ടിയായിരുന്നു സജിനി നോർത്ത് പൊലീസിൽ പരാതി നൽകിയത്.

പരിപാടിക്കിടെ എതിരഭിപ്രായം ഉന്നയിച്ച യുവതിയെ സംഘംചേർന്ന് കയ്യേറ്റം ചെയ്യുന്നതിന്റെയും ഭീഷണി ഉയർത്തുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ ആതിര പ്രതിഷേധിക്കുന്നതും തുടർന്ന് നിയമത്തെ അനുകൂലിക്കുകയായിരുന്ന സ്ത്രീകൾ സംഘം ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവതിക്കെതിരായ നടപടിക്കെതിരെ നിരവധിയാളുകൾ സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ സംഭാഷണത്തെ അടിസ്ഥാനമാക്കി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top