18 April Sunday

ചരിത്രം തമസ്‌കരിക്കാൻ ആസൂത്രിത പ്രചാരവേല: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

തൃശൂർ> ചരിത്രസമരങ്ങളെ തമസ്‌കരിക്കാൻ ആസൂത്രിത പ്രചാരണ വേലകളാണ്‌ നടക്കുന്നതെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ‌ പി രാജീവ്‌.  മതനിരപേക്ഷ രാജ്യമായി നിലനിന്നിരുന്ന ഇന്ത്യ  മതരാഷ്‌ട്രത്തിലേക്കും ഏകാധിപത്യ രീതിയിലേക്കും മാറുകയാണ്‌. ഇത്‌ തിരിച്ചറിയണമെന്നും പി രാജീവ്‌  പറഞ്ഞു.  വേലൂർ മണിമലർക്കാവിലെ മാറുമറയ്‌ക്കൽ സമര സ്‌മരണയുടെ 65–-ാം വാർഷിക ദിനാചാരണത്തിന്റെ ഭാഗമായി  പുരോഗമന കലാസാഹിത്യ സംഘം  നേതൃത്വത്തിൽ നടത്തിയ   സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാഠപുസ്‌തകങ്ങളിൽനിന്നടക്കം ചരിത്രം നീക്കുകയാണ്‌.  ഗാന്ധിയാരാണ്‌, ഗോഡ്‌സെയാരാണ്‌ എന്ന്‌ തിരിച്ചറിയാനാവാത്ത വിധമാണ്‌ പ്രചാരവേല. പുതുതലമുറയ്‌ക്ക്‌  ഏതാണ്‌ ശരി, ഏതാണ്‌ പ്രതീതി എന്ന്‌ തിരിച്ചറിയാൻ കഴിയുന്നില്ല.  ഇക്കാലത്ത്‌ ചരിത്രവൽക്കരണ പ്രക്രിയയും സിദ്ധാന്തവൽക്കരണവും അനിവാര്യമാണ്‌.  നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ച  കേരളത്തിൽ കമ്യൂണിസ്‌റ്റുകാർ  ഏറ്റെടുത്തതാണ്   സാമൂഹ്യമുന്നേറ്റത്തിന് കാരണമായത്‌. 

ചരിത്രത്തെ വീണ്ടെടുക്കേണ്ടത്‌  ഓർമകളുടെ സഞ്ചാരത്തിലൂടെയല്ല.  ഇന്നിന്റെ സമരങ്ങളിലൂടെയാണ്‌.  അനുഭവിക്കുന്ന സ്വാതന്ത്ര്യമെല്ലാം ചരിത്രത്തിൽ അടയാളപ്പെടുത്തിയ സമരങ്ങളുടെ ഉൽ‌പ്പന്നമാണ്‌. എന്നാൽ, യാഥാർഥ്യങ്ങളെ അങ്ങനെയല്ലാതാക്കുന്ന ആസൂത്രിത പ്രചാരവേലയാണ്‌  നടക്കുന്നത്‌. അതിനെതിരെ ശക്തമായി നിലകൊള്ളണമെന്നും‌ അദ്ദേഹം പറഞ്ഞു.  

മണിമലർക്കാവ്‌ മാറുമറയ്‌ക്കൽ സമരപോരാളികളായ വെള്ളറോട്ടിൽ മീനാക്ഷി, കെ കെ ചീരു, സമരത്തിന്‌ നേതൃത്വം നൽകിയ കെ എസ്‌ ശങ്കരൻ, എ എസ്‌ എൻ നമ്പീശന്റെ ഭാര്യ ദേവകി നമ്പീശൻ എന്നിവരെ മന്ത്രി എ സി മൊയ്‌തീൻ  ചടങ്ങിൽ  ആദരിച്ചു.  പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ മുഖ്യാതിഥിയായി. വേലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ ഷോബി അധ്യക്ഷനായി‌.  സിപിഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ, കലാസാഹിത്യസംഘം സംസ്ഥാനകമ്മിറ്റി അംഗം വി മുരളി,  ജില്ലാകമ്മിറ്റി അംഗം സി എഫ്‌ ജോൺ ജോഫി, ഡോ. എം റോയി മാത്യു   എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top