04 December Friday

മതനിരപേക്ഷ മുന്നേറ്റത്തിന് ഈ സർക്കാർ തുടർന്നേ പറ്റൂ ; മാധ്യമനുണകളെ തുറന്ന്‌ കാണിക്കണം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 25, 2020


ആലപ്പുഴ
കേരളത്തിലുണ്ടാകുന്ന മതനിരപേക്ഷ മുന്നേറ്റത്തെ വഴിതിരിച്ചു വിടുന്ന മാധ്യമനുണകളെ തുറന്നുകാണിക്കണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്. പുന്നപ്ര -വയലാർ രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ചുള്ള ഓൺലൈൻ മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകേണ്ടത് നാടിന്റെ   ആവശ്യമാണ്. മതനിരപേക്ഷ മുന്നേറ്റത്തിന് ഈ സർക്കാർ തുടർന്നേ പറ്റൂ. അതുകൊണ്ട് നിക്ഷിപ്ത താൽപ്പര്യങ്ങളോടെ ഭൂരിപക്ഷം മാധ്യമങ്ങളും ചില പ്രതീതി നിർമാണം നടത്തുന്നു. നുണ വിളമ്പിക്കൊണ്ടിരിക്കുന്ന ഇത്തരം ശത്രുക്കളെ പണം കൊടുത്ത് വിരുന്നൂട്ടേണ്ടതുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം. ഇത്തരം മാധ്യമങ്ങൾ കാണാൻ സമയവും ചെലവഴിക്കേണ്ടതുണ്ടോ. തങ്ങൾക്ക് ആവശ്യമായ വലതുപക്ഷ ബോധ രൂപീകരണത്തിനാണ് മാധ്യമങ്ങളുടെ ശ്രമം. ഇത്തരം മാധ്യമങ്ങൾ വിശ്വാസ്യതയും തകർക്കുന്നു. രാഷ്‌ട്രീയ- സാമ്പത്തിക താൽപ്പര്യങ്ങൾക്കായി വ്യാജവാർത്ത വിളമ്പുന്നു. തമസ്‌കരണവും പൊതുവൽക്കരണവും നടത്തുന്നു. വിവാദങ്ങളുടെ പുറംതോടിൽ അഭിരമിക്കാനാണ് ഭൂരിപക്ഷം മാധ്യമങ്ങളുടെയും താൽപ്പര്യം.

സർക്കാരിനെതിരായ വാർത്തകളും ചർച്ചകളും രൂപപ്പെടുത്തുന്നതിൽ ഇത് കാണാം. കോവിഡ് കാലത്തും സർക്കാർ 50,000 തൊഴിൽ അവസരങ്ങൾ സ‌ൃഷ്‌ടിച്ചതും ഇതുവരെ റേഷൻകടകളിൽ പോകാത്തവർ പോലും അവിടേക്ക് പോകുന്നതും വാർത്തയാകുന്നില്ല. കേന്ദ്രസർക്കാർ കാർഷികോൽപ്പന്നങ്ങൾക്ക് തറവില ഇല്ലാതാക്കിയപ്പോൾ ഇവിടെ പച്ചക്കറിക്ക്‌ തറവില നൽകുന്നു. ലോകത്താദ്യമായി കർഷകർക്ക് റോയൽറ്റി നൽകുന്നു. ഭരണത്തുടർച്ച തടയാൻ മാധ്യമങ്ങൾ തരംതാണ പ്രചാരവേല നടത്തുന്നു. ഈ ജനാധിപത്യ വിരുദ്ധ ശക്തികളെ തുറന്നുകാണിക്കേണ്ടത് രാഷ്‌ട്രീയ ചുമതല തന്നെയാണ്. ഇത്തരം വെല്ലുവിളികളെയെല്ലാം അതിജീവിക്കാൻ പുന്നപ്ര- വയലാർ രക്തസാക്ഷികളുടെ ഓർമകൾ നമുക്ക് ശക്തി പകരും –- പി രാജീവ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top